ന്യൂഡൽഹി: മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിന് കേരള ഹൈക്കോടതി പുറത്തിറക്കിയ മാർഗനിർദേശത്തിലെ സുപ്രധാനമായ വ്യവസ്ഥ സുപ്രീംകോടതി സ്റ്റേ ചെയ്തു. പാരമ്പര്യേതര ട്രസ്റ്റികളെ കണ്ടെത്തുന്നതിനുള്ള സമിതിയിൽ ക്ഷേത്ര ട്രസ്റ്റിയെ കൂടി ഉൾപ്പെടുത്തണമെന്ന നിർദേശം അടങ്ങുന്ന വ്യവസ്ഥയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ജസ്റ്റിസ് എ എം സുന്ദരേഷിന്റെ അധ്യക്ഷതയിലുള്ള സുപ്രീം കോടതി ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.
തിരുനാവായ ശ്രീ വൈരങ്കോട് ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റി നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് കേരള ഹൈക്കോടതി മാർഗരേഖ പുറത്തിറക്കിയത്. ഇതിലെ വ്യവസ്ഥ ചോദ്യം ചെയ്ത് മലബാർ ദേവസ്വം ബോർഡാണ് സുപ്രീം കോടതിയെ സമീപിച്ചത്. ബോർഡിന് വേണ്ടി സീനിയർ അഭിഭാഷകൻ വി ചിദംബരേഷ്, അഭിഭാഷകൻ ലക്ഷ്‌മീഷ് കാമത്ത് എന്നിവർ ഹാജരായി.