തിരുവനന്തപുരം: സീരിയലുകള്‍ക്ക് സെന്‍സറിങ് അനിവാര്യമാണെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പി. സതീദേവി. സീരിയലുകളെ സംബന്ധിച്ച് ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ട ഒട്ടേറെ വിഷയങ്ങളുണ്ടെന്നും സമൂഹത്തില്‍ നല്ല സന്ദേശങ്ങളെത്തിക്കാന്‍ സീരിയലുകള്‍ എത്രത്തോളം ഉതകുന്നുണ്ടെന്നും പരിശോധിക്കേണ്ടതുണ്ടെന്ന് പി. സതീദേവി പറഞ്ഞു. കുട്ടികളിലടക്കം ഉള്ളവരില്‍ തെറ്റായ സന്ദേശങ്ങള്‍ സീരിയലുകളില്‍ നിന്ന് വരുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സീരിയലുകളിലെ അന്ധവിശ്വാസവും അനാചാരവും പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ എത്രത്തോളം ആവശ്യമുണ്ടെന്ന് പരിശോധിക്കണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ അഭിപ്രായപ്പെട്ടു.
2017-18 കാലയളവില്‍ വനിതാ കമ്മിഷന്‍ സീരിയലുകളെ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടായിരുന്നുവെന്നും താന്‍ കമ്മിഷന്റെ അധ്യക്ഷയായി ചാര്‍ജ്ജെടുത്തത് 2021 ലായതിനാല്‍ ആ റിപ്പോര്‍ട്ട് പൂര്‍ണമായും കണ്ടിട്ടില്ലെന്നും റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം മാത്രമേ കൂടുതല്‍ പ്രതികരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും സതീദേവി പറഞ്ഞു. സമൂഹത്തിന് നല്ല സന്ദേശങ്ങള്‍ എത്തിക്കുന്ന സീരിയലുകളാണ് ആവശ്യമെന്നും സീരിയലുകള്‍ നിരോധിക്കാന്‍ കമ്മിഷന്‍ വിചാരിച്ചാല്‍ കഴിയുന്ന കാര്യമല്ലെന്നും അവര്‍ വ്യക്തമാക്കി.
സീരിയലുകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൊഴിലിടങ്ങളില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള കുറിച്ചുള്ള പബ്ലിക് ഹിയറിങ് വനിതാ കമ്മിഷന്‍ നടത്തിയിരുന്നു. തിരുവനന്തപുരത്ത് വെച്ച് നടത്തിയ ഹിയറിങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി പങ്കെടുത്തു. തൊഴില്‍ സാഹചര്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍, സുരക്ഷയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയ ഹിയറിങ്ങില്‍ കേട്ടിരുന്നു. ആത്മ, ഫെഫ്ക തുടങ്ങിയ സംഘടനയുടെ പ്രതിനിധികള്‍ പ്രമുഖ സീരിയല്‍ നടീനടന്‍മാര്‍ തുടങ്ങി നൂറിലധികം പേര്‍ ഹിയറിങ്ങില്‍ പങ്കെടുത്തിരുന്നു. അവരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ സമാഹരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്, സതീദേവി കൂട്ടിച്ചേര്‍ത്തു.
മലയാള ടെലിവിഷന്‍ സീരിയല്‍ക്കഥകള്‍, എപ്പിസോഡുകള്‍ എന്നിവ സംപ്രേഷണം ചെയ്യുംമുന്‍പ് സെന്‍സര്‍ബോര്‍ഡിൻ്റെ പരിശോധന ആവശ്യമാണെന്നാണ് വനിതാ കമ്മിഷന്‍ 2017-18 ല്‍ നടത്തിയ പഠനത്തിൻ്റെ റിപ്പോര്‍ട്ട്. മെഗാപരമ്പരകള്‍ നിരോധിച്ച്, എപ്പിസോഡുകള്‍ 20 മുതല്‍ 30 വരെയായി കുറയ്ക്കണമെന്നും ഒരുദിവസം ഒരു ചാനലില്‍ രണ്ടുസീരിയല്‍ മതിയെന്നും പുനഃസംപ്രേഷണം അനുവദിക്കരുതെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു.
സീരിയലുകളുടെ സെന്‍സറിങ് നിലവിലെ സിനിമാ സെന്‍സര്‍ ബോര്‍ഡിനെ ഏല്‍പ്പിക്കുകയോ പ്രത്യേകബോര്‍ഡ് രൂപവത്കരിക്കുകയോ വേണമെന്നും വനിതാകമ്മിഷൻ്റെ പഠനറിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. മലപ്പുറം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലെ 13-19 പ്രായക്കാരായ 400 പേരുടെ അഭിപ്രായങ്ങള്‍ വിലയിരുത്തിയാണ് കമ്മിഷന്‍ ഇതേക്കുറിച്ച് പഠിച്ചത്. പരമ്പരകളില്‍ തെറ്റായ സന്ദേശമുണ്ടെന്ന് 43 ശതമാനംപേര്‍ കുറ്റപ്പെടുത്തി. സീരിയലുകളുടെ പ്രമേയത്തില്‍ മാറ്റംവരുത്തണമെന്ന് 57 ശതമാനം പേരും ആവശ്യപ്പെട്ടു.
അസാന്മാര്‍ഗിക കഥാപാത്രങ്ങളെ കുട്ടികളടക്കം അനുകരിക്കുന്നതായും പഠനം കണ്ടെത്തി. കേന്ദ്രകഥാപാത്രമാകുന്ന സ്ത്രീകള്‍ മിക്കപ്പോഴും നെഗറ്റീവ് റോളിലാണ്. യാഥാര്‍ഥ്യബോധമുള്ള കഥകള്‍ കുറവാണ്. ഇത്തരത്തിലുള്ള സീരിയലുകള്‍ സംപ്രേഷണംചെയ്യുന്നത് കുടുംബങ്ങളെയും കുട്ടികളെയും ബാധിക്കുന്നു. 2017 മുതല്‍ 2022 വരെയാണ് വിവിധ മേഖലകളിലെ പ്രശ്‌നങ്ങളെപ്പറ്റി കമ്മിഷന്‍ പഠിച്ചത്.