ക്വലാലംപുര്‍: അണ്ടര്‍ 19 വനിതാ ട്വന്റി20 ലോകകപ്പില്‍ തുടർച്ചയായ രണ്ടാം തവണയും ഇന്ത്യ ഫൈനലിൽ. സെമിയില്‍ ഇംഗ്ലണ്ടിനെ ഒമ്പതു വിക്കറ്റിനാണ് നിലവിലെ ചാംപ്യന്മാരായ ഇന്ത്യ തകർത്തത്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിൽ മുന്നോട്ടുവച്ച 114 റൺസ് വിജയലക്ഷ്യം ഒരുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു.
അർധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന ഓപ്പണര്‍ ജി. കമാലിനിയുടെയും വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ച ഗോംഗഡി തൃഷയുടെയും കരുത്തിലാണ് ഇന്ത്യ വിജയം നേടിയത്. 50 പന്തില്‍ എട്ടു ബൗണ്ടറികൾ ഉൾപ്പെടെ 56 റണ്‍സെടുത്ത കമാലിനിയാണ് ടോപ് സ്കോറർ. ഗോംഗഡി തൃഷ 29 പന്തില്‍ അഞ്ചു ബൗണ്ടറികൾ ഉൾപ്പെടെ 35 റൺസെടുത്തു പുറത്തായി. സനിക ചല്‍കെ 11 റൺസുമായി കമാലിനിക്കൊപ്പം പുറത്താകാതെ നിന്നു.
ടൂർണമെന്റിൽ ഉടനീളം ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യൻ കുമാരികൾ ഫൈനലിലേക്ക് കുതിച്ചത്. ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍.