സർവേ ഫലങ്ങൾ എതിരെങ്കിലും ആശ്വാസം കണ്ടെത്തി യുഡിഎഫ്

സംസ്ഥാനത്ത് ഇരുമുന്നണികളും ഒപ്പത്തിനൊപ്പമെന്നാണ് സര്‍വേ ഫലങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണി പറഞ്ഞത്. കുഞ്ഞാലിക്കുട്ടി അടക്കമുളള ലീഗ് നേതാക്കളും സര്‍വേയില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്

സർവേ ഫലങ്ങൾ എതിരെങ്കിലും ആശ്വാസം കണ്ടെത്തി യുഡിഎഫ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് രണ്ട് പ്രീ പോൾ സർവേകൾ നടന്നു കഴിഞ്ഞു. എന്നാൽ സർവേഫലങ്ങളിൽ യുഡിഫിന് എതിരായാണ് കണക്കുകൾ‌ പുറത്തുവന്നത്. അനുകൂലമല്ലെങ്കിലും ആ കണക്കുകളിലും ആശ്വാസം കണ്ടെത്തുകയാണ് കോൺഗ്രസും യുഡിഎഫും.

ആദ്യ സര്‍വേ പ്രകാരം ഇടതുമുന്നണി തന്നെ അധികാരത്തില്‍ തുടരും. ചുരുങ്ങിയത് 72 സീറ്റുകളും പരമാവധി 78 സീറ്റുകളും എല്‍.ഡി.എഫിന് ലഭിക്കുമെന്നാണ് കണക്ക്. യു.ഡി.എഫിന് 65 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പ്രവചനം. ബി.ജെ.പിയ്ക്ക് മൂന്ന് മുതല്‍ ഏഴ് സീറ്റ് വരെ ലഭിക്കുമെന്നും പ്രവചനമുണ്ട്. രണ്ടാമത്തെ സര്‍വേ പ്രകാരം എല്‍.ഡി.എഫിന് 68 മുതല്‍ 78 സീറ്റുകള്‍ വരെ ലഭിച്ചേക്കാം. യു.ഡി.എഫിന് 62 മുതല്‍ 72 വരെ സീറ്റുകള്‍ ലഭിക്കുമെന്നും പറയുന്നു. ബിജെപിക്ക് പരമാവധി രണ്ടു സീറ്റുകളും.

 2016 ൽ യുഡിഎഫിന് 47 സീറ്റുകളാണ് ലഭിച്ചത്. ലീഡിന് മാത്രമാണ് നേട്ടം ഉണ്ടായത്. ലോകസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മെച്ചപ്പെട്ടെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിൽ നില മോശമാകുകയായിരുന്നു. ആ ദയനീയ സ്ഥിതി വച്ച് നോക്കിയാൽ നിലവിലെ സർവെഫലം  യുഡിഎഫ് ക്യാമ്പുകളിൽ ആശ്വാസം പകരുന്നതാണ്. സർവേ ആത്മവിശ്വാസം വർധിപ്പിക്കുകയായിരുന്നവെന്ന് നേതാക്കളും പറയുന്നു.

സംസ്ഥാനത്ത് ഇരുമുന്നണികളും ഒപ്പത്തിനൊപ്പമെന്നാണ് സര്‍വേ ഫലങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണി പറഞ്ഞത്. കുഞ്ഞാലിക്കുട്ടി അടക്കമുളള ലീഗ് നേതാക്കളും സര്‍വേയില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്.  എങ്കിലും മലബാറിൽ സിപിഎം മുന്നേറുമെന്നതിനെ ആശങ്കയോടെ കാണേണ്ട സ്ഥിതിയുമുണ്ട് ലീഗിന്. ഒന്നുമില്ലായ്‌മയില്‍ നിന്ന് പിടിച്ചുകയറാന്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും ലഭിച്ച അവസരമാണ് ഈ രണ്ട് സര്‍വേകളും എന്നാണ് നേതൃത്വം വിലയിരുത്തുന്നത്. ഉമ്മൻ ചാണ്ടിയെ നേതൃത്വത്തിലേക്ക് കൊണ്ടുവന്നത് ഗുണം ചെയ്യുമെന്നും,മധ്യകേരളത്തിലെ ക്രൈസ്ത്വ വോട്ടുകൾ നഷ്ടമാകില്ലെന്നുമുള്ള പ്രതീക്ഷയും സർവേഫലങ്ങൾ യുഡുഎഫിന് നൽകുന്നു.