back to top
Wednesday, March 19, 2025
Google search engine
HomeLatest Newsപഥേർ പാഞ്ചാലിയിലെ ദുർ​ഗ എന്ന കഥാപാത്രമായി അഭിനയിച്ച നടി ഉമാ ദാസ്​ഗുപ്ത അന്തരിച്ചു

പഥേർ പാഞ്ചാലിയിലെ ദുർ​ഗ എന്ന കഥാപാത്രമായി അഭിനയിച്ച നടി ഉമാ ദാസ്​ഗുപ്ത അന്തരിച്ചു

കൊൽക്കത്ത: ഇന്ത്യൻ സിനിമയിലെ ക്ലാസിക് ചിത്രമായ സത്യജിത്ത് റായിയുടെ പഥേർ പാഞ്ചാലിയിലെ ദുർ​ഗ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ നടി ഉമാ ദാസ്​ഗുപ്ത അന്തരിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളായി അർബുദ ബാധിതയായിരുന്നു. ആനന്ദ് ബസാർ പത്രികയിലൂടെ നടിയുടെ ബന്ധുവും നടനും രാഷ്ട്രീയനേതാവുമായ ചിരഞ്ജീത് ചക്രബർത്തിയാണ് ഇക്കാര്യം അറിയിച്ചത്.

തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു ഉമാ ദാസ്​ഗുപ്തയുടെ മരണം. അർബുദം സ്ഥിരീകരിച്ചതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി ചികിത്സയിലായിരുന്നു അവർ. ഇടക്കാലത്ത് മരുന്നുകളോട് ശരീരം നന്നായി പ്രതികരിച്ചിരുന്നെങ്കിലും രോ​ഗം വീണ്ടും അവരെ പിടികൂടി. വിദ​ഗ്ധ ചികിത്സയ്ക്കായി കൊൽക്കത്തയിലെ ഒരു പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ച അവർ അവിടെവെച്ചുതന്നെ അന്ത്യശ്വാസം വലിച്ചു. തിങ്കളാഴ്ച തന്നെ വൈകീട്ട് കിയോരതല ശ്മശാനത്തിൽ സംസ്‌കരിക്കുമെന്ന് കുടുംബത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വളരെ ചെറുപ്പത്തിലേതന്നെ തിയേറ്റർ രം​ഗത്തേക്ക് വന്നവരാണ് ഉമാ ദാസ്​ഗുപ്ത. ഉമ പഠിച്ചിരുന്ന സ്കൂളിലെ പ്രധാനാധ്യാപകൻ സത്യജിത് റായിയുടെ സുഹൃത്തായിരുന്നു. ഈ അധ്യാപകനിലൂടെയാണ് റായ് ദുർ​ഗ എന്ന വേഷത്തിലേക്ക് ഉമയെ തിരഞ്ഞെടുത്തത്. പിന്നീട് നടന്നത് ചരിത്രം. മകൾ സിനിമയിൽ അഭിനയിക്കുന്നതിനോട് പിതാവിന് വലിയ താത്പര്യമില്ലായിരുന്നു. എങ്കിലും പിന്നീട് അദ്ദേഹം മകളുടെ താത്പര്യത്തിന് വഴങ്ങി. പക്ഷേ പഥേർ പാഞ്ചാലിക്കുശേഷം വളരെക്കുറച്ച് ചിത്രങ്ങളിലേ ഉമ പിന്നീട് വേഷമിട്ടുള്ളൂ.

ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ ഇതേ പേരിൽ 1929-ൽ പുറത്തിറങ്ങിയ നോവലിനെ അടിസ്ഥാനമാക്കിയാണ് സത്യജിത്ത് റായ് ചിത്രമൊരുക്കിയത്. റായിയുടെ ആദ്യസംവിധാന സംരംഭവുമായിരുന്നു ചിത്രം. ഉമാ ദാസ് ഗുപ്തയെ കൂടാതെ, സുബിർ ബാനർജി, കനു ബാനർജി, കരുണ ബാനർജി, പിനാകി സെൻഗുപ്ത, ചുനിബാല ദേവി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments