വാഷിംഗ്ടണ്‍ ഡിസി: ലോകം ഉറ്റുനോക്കുന്ന യുഎസ് തിരഞ്ഞെടുപ്പിന്‌റെ അവസാന ഘട്ട സര്‍വേയിലും മുന്‍തൂക്കം ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും വൈസ് പ്രസിഡന്‌റുമായ കമല ഹാരിസിന് തന്നെയെന്ന് റിപ്പോര്‍ട്ട്. നിലവിലെ സര്‍വേകളില്‍ കമല ഹാരിസിന് 48.5 ശതമാനമാണ് ഭൂരുപക്ഷമെന്നിരിക്കെ തൊട്ടുപിറകെ ഒരു ശതമാനത്തിന്‌റെ മാത്രം വ്യത്യാസത്തിലാണ് മുന്‍ പ്രഡിസന്‌റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ ഡൊണാള്‍ഡ് ട്രംപ് ഉള്ളത്. 47.6 ശതമാനമാണ് ട്രംപിന്‌റെ ശരാശരി ഭൂരിപക്ഷം. ഗര്‍ഭച്ഛിദ്ര നിരോധനത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ വനിത വോട്ടര്‍മാര്‍ക്കിടയില്‍ കമല ഹാരിസിന്‌റെ പിന്തുണ വര്‍ധിച്ചിട്ടുണ്ട്.
അവസാന മണിക്കൂറുകളിലും കനത്ത് പോരാട്ടവുമായി മുന്നോട്ട് കുതിക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍. സ്വിങ് സ്‌റ്റേറ്റ്‌സ് കേന്ദ്രീകരിച്ചാണ് ഇരുവരുടെയും പ്രചാരണം. ബൈഡന്‍ ഭരണകാലത്ത് സാമ്പത്തിക നില തകര്‍ന്നുവെന്നാണ് ട്രംപിന്‌റെ ആരോപണം. അതേസമയം ജീവിതച്ചിലവ് കുറയ്ക്കാന്‍ പ്രവര്‍ത്തിക്കുമെന്നാണ് കമലയുടെ വാദം.
24 കോടി പേര്‍ക്കാണ് ഇക്കുറി തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളത്. ഏഴ് കോടിയിലധികം പേര്‍ ഇതുവരെ ഏര്‍ളി വോട്ടിംഗ്, പോസ്റ്റല്‍ സംവിധാനങ്ങളിലൂടെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ ചുമതലയാണ് അമേരിക്കയിലെ തിരഞ്ഞെടുപ്പ്. ഇവിഎം മെഷീനുകള്‍ക്ക് പകരം ബാലറ്റ് പേപ്പര്‍ സംവിധാനത്തിലൂടെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 18 വയസിന് മുകളിലുള്ളവര്‍ക്കാണ് അമേരിക്കയിലും വോട്ടവകാശം. കൈമുദ്ര പതിപ്പിച്ച ബാലറ്റ് പേപ്പര്‍ വോട്ടിംഗ് തന്നെയാണ് അമേരിക്കയില്‍ ഏറെ പ്രചാരമുള്ള വോട്ടിംഗ് സംവിധാനം.
കണക്കുകളനുസരിച്ച് 69.9% പേരും ഈ സംവിധാനം ഉപയോഗിച്ചാണ് വോട്ട് രേഖപ്പെടുത്തുന്നത്. ബാലറ്റ് മാര്‍ക്കിംഗ് ഡിവൈസസ് സംവിധാനം ഉപയോഗപ്പെടുത്തുന്ന പേപ്പര്‍ ബാലറ്റുകളാണ് 25.1% പേരും ഉപയോഗിക്കുന്നത്. ഡയറക്ട് റെക്കോര്‍ഡിംഗ് ഇലക്ട്രോണിക് സംവിധാനമാണ് മൂന്നാമത്തെ രീതി. ഒപ്റ്റിക്കല്‍ സ്‌കാനറുകള്‍ വഴിയാണ് പേപ്പര്‍ ബാലറ്റുകള്‍ എണ്ണി തിട്ടപ്പെടുത്തുന്നത്. ശേഷം കമ്പ്യൂട്ടര്‍ ഉപയോഗിച്ച് അന്തിമ പട്ടിക തയ്യാറാക്കുന്നു. അന്തിമ പട്ടിക പൂര്‍ത്തിയായാലും ഫലം സ്വയം പരിശോധിക്കാന്‍ അതാത് സംസ്ഥാനങ്ങള്‍ക്ക് സമയം നല്‍കും. ഭൂരിപക്ഷത്തെ അടിസ്ഥാനമാക്കിയാണ് വോട്ടുകള്‍ വീണ്ടും എണ്ണാനുള്ള സാധ്യതയിലേക്ക് സംസ്ഥാനങ്ങള്‍ കടക്കുക.