റഷ്യയെ സഹായിക്കരുത്: ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി യു.എസ്

റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ ആസ്പദമാക്കിയുള്ള ഷി-ബൈഡന്‍ സംഭാഷണം രണ്ടരമണിക്കൂറോളം നീണ്ടു.

റഷ്യയെ സഹായിക്കരുത്: ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി യു.എസ്

വാഷിങ്ടണ്‍: റഷ്യയ്ക്ക് പടക്കോപ്പുകളോ മറ്റു സഹായങ്ങളോ നല്‍കിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തിലാണിത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി നടത്തിയ വീഡിയോ കോള്‍ സംഭാഷണത്തിലാണ് പ്രസിഡന്റ് ജോ ബൈഡന്‍ ചൈനയ്ക്ക് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയതെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.

റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ ആസ്പദമാക്കിയുള്ള ഷി-ബൈഡന്‍ സംഭാഷണം രണ്ടരമണിക്കൂറോളം നീണ്ടു. റഷ്യന്‍ അധിനിവേശത്തെ ചെറുക്കാനും പിന്നീട് മോസ്‌കോയ്ക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തി പ്രതിരോധി  ക്കാനും അമേരിക്ക നടത്തിയ ശ്രമങ്ങളെക്കുറിച്ച് ബൈഡന്‍ ജിന്‍പിങ്ങിനോടു വിശദീകരിച്ചു. യുക്രൈന്‍ നഗരങ്ങള്‍ക്കും ജനങ്ങള്‍ക്കു മേല്‍ റഷ്യ ക്രൂരമായ ആക്രമണം നടത്തുന്ന സാഹചര്യത്തില്‍ ചൈന മോസ്‌കോയ്ക്ക് പടക്കോപ്പു  കളും മറ്റ് സഹായങ്ങളും നല്‍കിയാലുണ്ടാകുന്ന പ്രശ്നങ്ങളെയും പ്രത്യാഘാതങ്ങളെയും കുറിച്ച് ബൈഡന്‍ വിശദമാക്കി.

അതേസമയം, റഷ്യക്ക് മുന്നറിയിപ്പുമായി യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി രംഗത്തെത്തി. റഷ്യ ഒന്നുകില്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും അല്ലെങ്കില്‍ ഏഴുതലമുറയ്ക്കു പോലും വീണ്ടെടുക്കാനാവാത്ത നഷ്ടങ്ങള്‍ നേരിടാന്‍ സജ്ജരാകണമെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചയ്ക്ക് തയ്യാറാകണം. അതുമാത്രമാണ് റഷ്യ സ്വയംവരുത്തിവെച്ച തെറ്റുകളുടെ ആഘാതം കുറയ്ക്കാനുള്ള അവസര മെന്നും സെലെന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.