മുഖ്യമന്ത്രിക്ക് പ്രശംസ, ബിജെപി നേതൃത്വത്തിനു രൂക്ഷ വിമര്‍ശനം: സികെ പദ്മനാഭന്‍

പിണറായി വിജയനെ പുകഴ്ത്തിയും ബിജെപി സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചും മുതിര്‍ന്ന ബിജെപി നേതാവ് സി കെ പദ്മനാഭന്‍.

മുഖ്യമന്ത്രിക്ക് പ്രശംസ, ബിജെപി നേതൃത്വത്തിനു രൂക്ഷ വിമര്‍ശനം: സികെ പദ്മനാഭന്‍

കണ്ണൂര്‍: പിണറായി വിജയനെ പുകഴ്ത്തിയും ബിജെപി സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചും മുതിര്‍ന്ന ബിജെപി നേതാവ് സി കെ പദ്മനാഭന്‍. തുടര്‍ഭരണ സ്വപ്നം സാക്ഷാത്കാരിക്കാന്‍ പിണറായി വിജയന് കഴിഞ്ഞു. കൊവിഡ് പ്രതിരോധത്തില്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ മികച്ച കാര്യക്ഷമതയാണ് കേരള സര്‍ക്കാര്‍ കാട്ടിയത്. ഉത്തരേന്ത്യയില്‍ പയറ്റിത്തെളിഞ്ഞ തന്ത്രങ്ങള്‍ കേരളത്തിലും നടപ്പാക്കാമെന്ന് ബിജെപി സംസ്ഥാന നേതൃത്വം ചിന്തിക്കുന്നത് മൗഢ്യമാണെന്ന് അദ്ദേഹം പറഞ്ഞു. 

പല രംഗങ്ങളിലും കേരളം മാതൃകാ സംസ്ഥാനമാണ്. തുടര്‍ഭരണം വേണമെന്നാണ് ജനങ്ങളുടെ വിധി വന്നിരിക്കുന്നത്. അതിനെ നാം സ്വീകരിക്കണം. കേരളത്തിന്റെ നേട്ടങ്ങളെ പ്രചാരണത്തില്‍ ഇകഴ്ത്തി സംസാരിച്ചത് ജനം അംഗീകരിച്ചില്ല. എല്ലായ്പ്പോഴും വഞ്ചിക്കപ്പെടുന്ന വിഭാഗമാണ് താഴേത്തട്ടിലെ ബിജെപി പ്രവര്‍ത്തകര്‍. അവര്‍ ആത്മാര്‍ഥമായി പണിയെടുക്കും. എന്നാല്‍ അവരുടെ ആത്മാര്‍ഥതയെ തന്നെ മുറിവേല്‍പ്പിക്കുന്ന ഇടപെടലുകള്‍ ഇത്തവണ ഉണ്ടായി. 

സംസ്ഥാന അധ്യക്ഷന്‍ രണ്ടുമണ്ഡലത്തില്‍ മത്സരിച്ച ചരിത്രം ഉണ്ടായിട്ടില്ല. ഒരു പരീക്ഷണം നടത്തിയതാണ്, പരാജയപ്പെട്ടു. കെ.സുരേന്ദ്രന്‍ രണ്ടുമണ്ഡലങ്ങളില്‍ മത്സരിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. ബിജെപി സംസ്ഥാന നേതൃത്വം തിരുത്താന്‍ തയ്യാറാവണം. ഇല്ലെങ്കില്‍ ബിജെപിക്ക് കേരളത്തില്‍ വളര്‍ച്ചയുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.