പമ്പ: മാലയിട്ടെത്തുന്ന ഒരു ഭക്തനും ദർശനം ലഭിക്കാതെ തിരികെ പോകേണ്ടി വരില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.പി.എസ് പ്രശാന്ത്. അതിനുള്ള സാഹചര്യം എങ്ങനെ ഒരുക്കാമെന്ന് സർക്കാരുമായി കൂടിആലോചിച്ച് ഉചിതമായ തീരുമാനമെടുക്കും. വിർച്വൽ ക്യൂ ഉള്ളപ്പോഴും സ്പോട്ട് ബുക്കിങ് കൂടുകയാണ് ചെയ്യുന്നത്. അത് ആശാസ്യമായ കാര്യമല്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
ഭക്തർക്ക് സംതൃപ്തമായ മണ്ഡല മകരവിളക്ക് മഹോത്സവം പ്രദാനംചെയ്യുന്നതിന് ഏപ്രിൽ മാസം മുതൽ അവലോകന യോഗങ്ങൾ തുടങ്ങിയിരുന്നുവെന്ന് പി.എസ്. പ്രശാന്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. എല്ലാ മാസവും നടക്കുന്ന യോഗങ്ങളുടെ തുടർച്ചയായാണ് വെള്ളിയാഴ്ചയും യോഗം നടന്നതെന്നും അദ്ദേഹം പറഞ്ഞു. മരാമത്ത് പ്രവൃത്തികളായാലും പ്രസാദവിതരണത്തിന്റെ കാര്യമായാലും 90 ശതമാനം പ്രവർത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു. പമ്പയിൽ ഗസ്റ്റ്ഹൗസിന്റെയും സ്റ്റാഫ് ക്വാർട്ടേഴ്സിന്റെയും ജോലികൾ നടന്നുവരികയാണ്. ഇതിനിടയിലാണ് ശബരിമലയിൽ ഇത്തവണ സ്പോട്ട് ബുക്കിങ് ഉണ്ടാവില്ല, വിർച്വൽ ക്യൂ മാത്രമേ ഉണ്ടാവൂ എന്ന വിഷയം ഉയർന്നതെന്നും അദ്ദേഹം വ്യക്തമാക്കി.