കല്ലുകൊണ്ടൊരു സുനാമി': ഇത് പ്രകൃതി ഒരുക്കിയ മായാജാലം

പെര്‍ത്തില്‍ നിന്ന് 340 കിലോമീറ്റര്‍ കിഴക്കായി ഹൈഡന്‍ എന്ന സ്ഥലത്തുള്ള ഈ പ്രകൃതിദത്ത അദ്ഭുതം കാണാന്‍ ഓരോ വര്‍ഷവും 140,000 ല്‍ അധികം വിനോദസഞ്ചാരികള്‍ എത്തുന്നു. 

കല്ലുകൊണ്ടൊരു സുനാമി': ഇത് പ്രകൃതി ഒരുക്കിയ മായാജാലം

പെര്‍ത്ത്: അദ്ഭുതപ്പെടുത്തുന്ന നിരവധി കാഴ്ചകള്‍ പ്രകൃതിയൊരുക്കിയിട്ടുണ്ട്. അങ്ങനെയൊന്നാണ് ഓസ്‌ട്രേലിയയിലെ വേവ് റോക്ക്. കടലില്‍നിന്നു തിരമാല ഉയര്‍ന്ന് നില്‍ക്കുന്നതുപോലെയാണ് കാഴ്ച. പ്രകൃതിയുടെ പ്രതിഭാസമായ ഈ കാഴ്ചതേടി എത്തുന്നവരും കുറവല്ല. വേവ് റോക്ക്, കാറ്റര്‍ കിച്ച് എന്നിങ്ങനെയും നുങ്കാര്‍ അറിയപ്പെടുന്നുണ്ട്. പെര്‍ത്തില്‍ നിന്ന് 340 കിലോമീറ്റര്‍ കിഴക്കായി ഹൈഡന്‍ എന്ന സ്ഥലത്തുള്ള ഈ പ്രകൃതിദത്ത അദ്ഭുതം കാണാന്‍ ഓരോ വര്‍ഷവും 140,000 ല്‍ അധികം വിനോദസഞ്ചാരികള്‍ എത്തുന്നു. 

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് തിരമാലയുടെ രൂപത്തിലായതാണ് 14 മീറ്റര്‍ ഉയരവും 110 മീറ്റര്‍ നീളവുമുള്ള ഈ കൂറ്റന്‍ പാറ. പാറയിലെ പല വര്‍ണങ്ങളാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. മഞ്ഞ, ചുവപ്പ്, ചാര നിറങ്ങള്‍ പാറയുടെ മുഖത്തിനു താഴെയുള്ള ലോങ്ങ് സ്ട്രിപ്പുകളില്‍ രൂപം കൊള്ളുന്നു. സായം സന്ധ്യക്ക് സ്വര്‍ണനിറത്തില്‍ നീരാടി നില്‍ക്കുന്ന ഇവിടം കാണാന്‍ അതിമനോഹരമാണ്. 

നൂറ്റാണ്ടുകളായുള്ള ധാതുക്കളുടെ പ്രവര്‍ത്തനമാണ് ഈ നിറവ്യത്യാസങ്ങള്‍ക്കു കാരണം. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍, അതിശയകരമായ ഈ കല്ല് ഏകദേശം 2.7 ബില്യന്‍ വര്‍ഷങ്ങള്‍ പഴക്കമുള്ളതാണത്രേ. അവശേഷിക്കുന്ന ഹൈഡന്‍ റോക്കിന്റെ വടക്കന്‍ മുഖത്തിന്റെ ഭാഗമാണ് വേവ് റോക്ക്. പ്രകൃതിയുടെ അദ്ഭുതകാഴ്ചയായ വേവ് റോക്ക് ഏതു സമയത്തും സന്ദര്‍ശിക്കാം. നിറങ്ങളുടെ കാഴ്ച ആസ്വദിക്കണമെങ്കില്‍ അതിരാവിലെയോ അല്ലെങ്കില്‍ ഉച്ചകഴിഞ്ഞോ എത്തണം.