വയനാട് മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാരിൻ്റെ സത്യവാങ്മൂലം. സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചത് 2219.033 കോടി രൂപയുടെ സഹായാഭ്യര്‍ത്ഥനയാണെന്നും ദുരന്ത പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് തുക ആവശ്യപ്പെട്ടതെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
സഹായ അഭ്യര്‍ത്ഥനയില്‍ ചട്ടപ്രകാരമുള്ള നടപടികള്‍ പുരോഗമിക്കുന്നതായും കേന്ദ്രം അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ സഹായ അഭ്യര്‍ത്ഥന നടത്തിയത് നവംബര്‍ 13നെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
വയനാട് ദുരന്തത്തിന്റെ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്സ് അസസ്മെന്റ് റിപ്പോര്‍ട്ട് ഈ മാസം 13-നാണ് സംസ്ഥാനസര്‍ക്കാര്‍ വിശദമായ സമര്‍പ്പിച്ചത്. ആ റിപ്പോര്‍ട്ടിലാണ് 2219 കോടി രൂപ ആവശ്യപ്പെട്ടിരിക്കുന്നത്. ദുരന്തത്തിന് ശേഷമുള്ള പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഈ തുക ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യം സര്‍ക്കാറിന്റെ പരിഗണനയിലാണെന്നും ഇക്കാര്യത്തില്‍ ചട്ടങ്ങളുടേയും മാനദണ്ഡങ്ങളുടേയും അടിസ്ഥാനത്തില്‍ തീരുമാനം എടുക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ഇതിനൊപ്പം കേന്ദ്രസര്‍ക്കാര്‍ സംഘം ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിനേത്തുടര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലെടുത്ത തീരുമാനങ്ങളും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്. ദേശീയ ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് 153.467 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. പക്ഷേ, ഇതിന്റെ 50 ശതമാനം സംസ്ഥാന ദുരന്തനിവാരണ ഫണ്ടുമായി അഡ്ജസ്റ്റ് ചെയ്യും. വ്യോമസേന വിമാനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തിരുന്നു, ഇതിന് സേന നല്‍കിയ ബില്‍ സെറ്റില്‍ ചെയ്യും. അവശിഷ്ടങ്ങള്‍ നിക്കം ചെയ്യാന്‍ വലിയ യന്ത്രസാമഗ്രികള്‍ ഉപയോഗിച്ചിരുന്നു. അതിന് വേണ്ടിവന്ന ചെലവും കൊടുക്കാനായി തീരുമാനിച്ചു. ഈ മൂന്ന് കാര്യങ്ങള്‍ക്ക് ഫണ്ട് റിലീസ് ചെയ്യാന്‍ തീരുമാനിച്ചുവെന്നും സത്യവാങ്മൂലത്തിലുണ്ട്.
സംസ്ഥാനസര്‍ക്കാര്‍ താല്കാലികമായി 214 കോടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് എന്ന് നല്‍കുമെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നില്ല. സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ട തുകയില്‍ ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്നാണ് സത്യവാങ്മൂലം പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്.