മാസ്‌ക് ധരിച്ചുള്ള വ്യായാമം അപകടകരമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മാസ്‌ക് ധരിച്ചുള്ള വ്യായാമം അപകടകരമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ലോക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ചതോടെ ആളുകള്‍ വീടിനു പുറത്തിറങ്ങാനും സാധാരണ ജീവിതം നയിക്കാനും തുടങ്ങി. നിങ്ങള്‍ക്ക് നടക്കാനും പാര്‍ക്കില്‍ ഓടാനും പോകാം, ചന്തയില്‍ പോകാം ഇങ്ങനെ നിരവധി കാര്യങ്ങള്‍ക്കുള്ള അനുമതി ലഭിച്ചു. എന്നാല്‍ സ്വയം സുരക്ഷിതരാകാന്‍ വേണ്ട  മുന്‍കരുതലുകള്‍ എടുക്കാന്‍ മറക്കരുത്. സുരക്ഷിതമായ ഒരു മാസ്‌ക് അണിയുന്നതു പോലെതന്നെ പ്രധാനമാണ് സാമൂഹിക അകലം പാലിക്കലും. കൈകള്‍ ഇടയ്ക്കിടെ കഴുകുന്നതോടൊപ്പം ശ്വസനസംബന്ധമായ വൃത്തിയും ശീലിക്കണം.

വ്യായാമം ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കാമോ?

വ്യായാമം ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കുന്നത് അല്‍പം അപകട സാധ്യതയുള്ള കാര്യമാണ്. കാരണം വ്യായാമം ചെയ്യുമ്പോള്‍ നമ്മുടെ ശ്വാസകോശത്തിന് കൂടുതല്‍ വായു ആവശ്യമാണ്. ഇതിന്റെ ഫലമായി ഹൃദയം കൂടുതല്‍ രക്തം പമ്പു ചെയ്യും. ഹൃദയമിടിപ്പ് ഉയരാന്‍ കാരണമിതാണ്. എന്നാല്‍ മാസ്‌ക് ധരിക്കുമ്പോള്‍ ശ്വാസകോശത്തിലേക്കുള്ള വായുപ്രവാഹം നിയന്ത്രിക്കപ്പെടുന്നു. ഇത് വിമ്മിട്ടം വരാനും ക്ഷീണം വരാനും കാരണമാകും. ശ്വാസകോശത്തിന്റെ ശക്തി ക്ഷയിക്കാന്‍ ഇത് കാരണമാകും. ഹൃദ്രോഗം, രക്താതിമര്‍ദം തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരാണെങ്കില്‍ കൂടുതല്‍ അപകടമാകും.

വര്‍ക്ഔട്ട് ചെയ്യുമ്പോള്‍ എപ്പോഴും കരുതലോടെയിരിക്കണം. എന്തെങ്കിലും അസ്വസ്ഥത തോന്നുന്നുണ്ടോ എന്നു ശ്രദ്ധിക്കണം. ക്ഷീണമോ ശ്വാസമെടുക്കാന്‍ പ്രയാസമോ അനുഭവപ്പെട്ടാല്‍ പെട്ടെന്നുതന്നെ വ്യായാമം അവസാനിപ്പിക്കണം. മാസ്‌ക് തുടര്‍ന്നും ധരിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ കഠിനവ്യായാമം ഒഴിവാക്കണം.

വ്യായാമം മാസ്‌ക് ധരിക്കാതെ

വ്യായാമം ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കുന്നത് ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് ബുദ്ധിമുട്ടാണ്. എങ്കിലും വ്യായാമം ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കുന്നത് അതിലും അപകടകരമാണ്. ഒരു ജോഗിങ്ങിനു പോകാം. അതുമല്ലെങ്കില്‍ ആള്‍ത്തിരക്കു കുറഞ്ഞ പാര്‍ക്കുകളില്‍ വ്യായാമം ചെയ്യാം. പതിവുനടത്തക്കാര്‍ എത്തും മുന്‍പ് വളരെ നേരത്തേതന്നെ നടക്കാന്‍ പോകാം. രാത്രി വൈകിയും നിങ്ങള്‍ക്ക് പോകാം. അപ്പോള്‍ ചുറ്റും ആരും ഉണ്ടാവില്ലെന്നും, കൃത്യമായ സമയത്ത് സാമൂഹിക അകലം പാലിച്ച് പോകുകയാണെങ്കില്‍ കുറച്ചു സമയത്തേക്കെങ്കിലും മാസ്‌ക് മാറ്റിവയ്ക്കാം. എന്നാല്‍ ഇതുകൊണ്ട് അപകടസാധ്യത ഇല്ലാതാകുന്നില്ല. സാമൂഹിക അകലം പാലിക്കുന്നതുകൊണ്ട് അണുബാധ വരാനുള്ള സാധ്യത കുറയുന്നെങ്കിലും വൈറസിനെ ഒഴിവാക്കാനാവില്ല. കാരണം അത് വായുവില്‍ കുറച്ചു സമയത്തേക്ക് തങ്ങി നില്‍ക്കും. മലിനമായ കൈകള്‍കൊണ്ട് മുഖത്ത് സ്പര്‍ശിക്കാന്‍ സാധ്യതയുണ്ട്. ഇതും കോവിഡ് വരാനുള്ള സാധ്യത കൂട്ടും.