back to top
Thursday, January 16, 2025
Google search engine
HomeLatest Newsകേന്ദ്ര തീരുമാനം അറിയിക്കാന്‍ വൈകിയത് സംശയകരം: റവന്യൂ മന്ത്രി കെ രാജന്‍

കേന്ദ്ര തീരുമാനം അറിയിക്കാന്‍ വൈകിയത് സംശയകരം: റവന്യൂ മന്ത്രി കെ രാജന്‍

തിരുവനന്തപുരം:ദുരന്തമുണ്ടായി പത്ത് ദിവസത്തിനകം ഓഗസ്റ്റ് 17ന് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച മൂന്ന് പ്രധാന ആവശ്യങ്ങളില്‍ ഒന്ന് അഞ്ച് മാസത്തിനുശേഷം തത്വത്തില്‍ അംഗീകരിച്ചു എന്ന കാര്യം അറിയിക്കാന്‍ ഇത്രയും വൈകിയത് സംശയകരമെന്ന് റവന്യൂ മന്ത്രി കെ രാജന്‍.

154 ദിവസമായി കേരള സര്‍ക്കാര്‍ നടത്തിയ ദീര്‍ഘമായ പ്രക്രിയയുടെയും സ്വമേധയാ കേസെടുത്ത ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിൻ്റെ നിരവധി അഭിപ്രായങ്ങളുടെയും സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടും ബോധപൂര്‍വമാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനങ്ങള്‍ വൈകിപ്പിച്ചതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ദുരന്തമുണ്ടായി ഒരു മാസത്തിനുള്ളില്‍ ചൂരല്‍മല സന്ദര്‍ശിച്ച ഇൻ്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം (ഐഎംസിടി) കേരളത്തിൻ്റെ ആവശ്യങ്ങള്‍ അംഗീകരിച്ചിരുന്നു എന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. ഓഗസ്റ്റ് ഒമ്പത്, 10 തിയതികളിലായി ഐഎംസിടി അവരുടെ പരിശോധന പൂര്‍ത്തീകരിച്ചു. ഏത് ഇനത്തില്‍ ഉള്‍പ്പെടുത്താനാകും എന്നാണ് പരിശോധിച്ചത്. ഐഎംസിടി അവരുടെ ശുപാര്‍ശ, ഒരു മാസത്തിനകം തന്നെ കേന്ദ്ര മന്ത്രാലയത്തിന് നല്‍കി. അടിയന്തര സ്വഭാവത്തോടെ പരിഗണിക്കേണ്ട ശുപാര്‍ശ ഹൈ ലവല്‍ കമ്മിറ്റി (എച്ച്എല്‍സി) കൂടുന്നത് വരെ രണ്ട് മാസക്കാലം കേന്ദ്ര ആഭ്യന്തര മന്ത്രാലയം കസ്്റ്റഡിയില്‍ വയ്ക്കുകയാണുണ്ടായത്.

എച്ച്എല്‍സി യോഗത്തിൻ്റെ നിലപാട് കേരളത്തെ അറിയിക്കുന്നത്, പിന്നെയും വൈകി ഡിസംബര്‍ മാസം ആദ്യത്തിലാണ്. ആ കത്തില്‍ അതി തീവ്രദുരന്തമാണോ എന്ന് രേഖപ്പെടുത്തിയിരുന്നുമില്ല. അഞ്ച് മാസത്തോളമായി കേരളം വീണ്ടും വീണ്ടും കത്തുകള്‍ കൊടുത്തു. ഏറ്റവുമൊടുവില്‍ ഇക്കഴിഞ്ഞ 28ന് കൊടുത്ത കത്തിൻ്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ചയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ചൂരല്‍മല ദുരന്തത്തെ സീവിയര്‍ നാച്വര്‍ ആയി രേഖപ്പെടുത്തിയിട്ടുണ്ട് എന്ന മറുപടി ലഭിച്ചത്. 154 ദിവസം കഴിഞ്ഞിട്ടാണോ പരിശോധിച്ചുള്ള തീരുമാനം ദുരന്തം നേരിട്ട സംസ്ഥാനത്തെ അറിയിക്കേണ്ടത് എന്ന് റവന്യൂ മന്ത്രി ചോദിച്ചു.

ഫ്‌ളക്‌സി ഫണ്ടുകള്‍ വിനിയോഗിക്കാനുള്ള
സാധ്യതകള്‍ പരിശോധിക്കും

അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ കേരളത്തിന് ചില ആശയങ്ങള്‍ ഉണ്ടെന്ന് മന്ത്രി കെ രാജന്‍ മാധ്യമങ്ങളോട് വിവരിച്ചു. കേന്ദ്രസഹായത്തോടെ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ 25 ശതമാനം ഫ്‌ളക്‌സി ഫണ്ട് ദുരന്തനിവാരണത്തിന് വിനിയോഗിക്കാനുള്ള സാധ്യത പരിശോധിച്ച് കേന്ദ്ര സര്‍ക്കാരുമായി ഇതേക്കുറിച്ച് സംസാരിക്കും.

ഇതിനുപുറമെ, മൂലധന നിക്ഷേപത്തിനായി സംസ്ഥാനങ്ങള്‍ക്കുള്ള പ്രത്യേക സഹായ പദ്ധതിയില്‍ കേരളത്തിന് ലഭിക്കുന്ന തുകയുടെ 50 ശതമാനം പുനര്‍നിര്‍മ്മാണത്തിന് വിനിയോഗിക്കാന്‍ വേണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന് കനിവ് കാട്ടാവുന്നതാണ്. എംപിമാരുടെ സഹായം പുനര്‍നിര്‍മ്മാണത്തിനായി ആവശ്യപ്പെടാന്‍ കഴിയും. അഞ്ച് മാസത്തിനുശേഷമാണ് ഔപചാരികമായി ഒരു കത്ത് കിട്ടിയതെ എങ്കിലും ഇക്കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ നടത്തും.

കടങ്ങള്‍ എഴുതി തള്ളാത്തത്
പാര്‍ലമെന്റിനോടുള്ള അവഗണന

2005ല്‍ പാര്‍ലമെൻ്റ് പാസാക്കിയ ദുരന്തനിവാരണ നിയമത്തിൻ്റെ സെക്ഷന്‍ 13 പ്രകാരം ചൂരല്‍മലയിലെ ദുരന്തബാധിതരുടെ നിലവിലുള്ള കടങ്ങള്‍ എഴുതി തള്ളണം എന്ന ആവശ്യത്തിന്മേല്‍ കേരളം ഇനിയും ഇടപെടലുകള്‍ നടത്തുമെന്ന് റവന്യൂ മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് ഇടപെടാനാകുന്ന കേരള ബാങ്ക് ദുരന്തബാധിതരായ ആളുകളുടെ മുഴുവന്‍ കടങ്ങളും എഴുതി തള്ളിക്കൊണ്ട് ഒരു മാതൃകകൂടി കാണിച്ചാണ് കേന്ദ്ര സര്‍ക്കാരിനോട് ഈ ആവശ്യം ഉന്നയിച്ചത്. അതിനെ കുറിച്ച് ഒരഭിപ്രായവും ഈ കത്തില്‍ കേന്ദ്രം പറഞ്ഞിട്ടില്ല.

2013ലെ ദുരന്ത നിവാരണ ആക്ട് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന രാജ്യത്തെ 112 ജില്ലകളില്‍ ഒന്നാണ് വയനാട്. അതി തീവ്ര ദുരന്തമായി ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടും പിന്നാക്കാവസ്ഥയില്‍ നില്‍ക്കുന്ന വയനാട് ജില്ലയിലെ ഈ ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതി തള്ളാന്‍ കേന്ദ്രം തീരുമാനിക്കാത്തത് എന്തുകൊണ്ടാണ്. ദുരന്തനിവാരണ നിയമത്തിലെ ചട്ടം 13 അനുസരിച്ച് വയനാട്ടിലെ ജനങ്ങള്‍ക്ക് പുതിയ വീടിനോ വരുമാനമാര്‍ഗത്തിനോ വേണ്ടി അവര്‍ക്ക് ലോണെടുക്കാനുള്ള അവകാശം നല്‍കാന്‍ എന്തിനാണ് വൈകുന്നത് എന്ന സംശയം നിലനില്‍ക്കുന്നു.

യഥാര്‍ത്ഥത്തില്‍ പാര്‍ലമെന്റിനോടുള്ള അവഗണനയാണിത്. 2025ല്‍ പാര്‍ലമെന്റ് പാസാക്കിയ പുതിയ ഭേദഗതികളെ സ്പര്‍ശിക്കുന്നേയില്ല. സര്‍ക്കാരിന് ഒരു രൂപയുടെ പോലും ചെലവഴിക്കേണ്ടതില്ല എന്നിരിക്കെ, ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതി തള്ളാന്‍ എന്തിനാണ് ഇത്രയും വൈകുന്നത്. രാജ്യത്തെ ഒരു പ്രധാനപ്പെട്ട സംസ്ഥാനം, ഇത്രയും വലിയ ദുരന്തമുണ്ടായതിന്റെ അടിസ്ഥാനത്തില്‍ ഉന്നയിച്ച ഒരു വിഷയം രാജ്യത്തെ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേര്‍ന്ന് പരിഗണിച്ചില്ല എന്നതിനെ ഏതുവിധത്തിലാണ് കാണേണ്ടതെന്നും മന്ത്രി രാജന്‍ ചോദിച്ചു.


കേന്ദ്രം കോടതിയെ തെറ്റിദ്ധരിപ്പിച്ചു;
ജനാധിപത്യത്തെ വെല്ലുവിളിച്ചു

ഹൈക്കോടതിയും സര്‍ക്കാരും നിരന്തരമായി ആവശ്യപ്പെട്ടപ്പോള്‍, കേരളത്തിന് അനുവദിച്ച എസ്ടിആര്‍എഫില്‍ നിന്ന് 153 കോടി രൂപ (50 ശതമാനം) ഉപയോഗിക്കാനുള്ള അവസരം ഹൈ ലവല്‍ കമ്മിറ്റി ചേര്‍ന്ന് കൊടുത്തിട്ടുണ്ട് എന്നാണ് കേന്ദ്രം പറഞ്ഞത്. ഇത് ഹൈക്കോടതിയെയും കേരളത്തിലെ ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്ന ഒന്നായിരുന്നു. കേന്ദ്ര ദുരന്തനിവാരണ അതോററ്റി എടത്ത ഈ നിലപാട് ഏറെ അപമാനകരമാണെന്ന് മന്ത്രി പറഞ്ഞു.

എസ്ടിആര്‍എഫിൻ്റെ മാനദണണ്ഡങ്ങളില്‍ മാറ്റം വരുത്തി തുക അനുവദിക്കാനാകുമോ എന്നുപോലും കോടതി ചോദിച്ചിരുന്നു. കേരളത്തിന് നേരത്തെ അനുവദിച്ച പണത്തിൻ്റെ 50 ശതമാനം ഇപ്പോള്‍ വിനിയോഗിക്കാന്‍ അവസരം കൊടുത്തു എന്ന് പറയുന്നത് തന്നെ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ഈ പണം കൊണ്ട് സംസ്ഥാനം കൊടുത്തുകൊണ്ടിരിക്കുന്ന 814 ദുരന്തബാധിത കുടുംബങ്ങളുടെ വാടക നല്‍കാന്‍ കഴിയുമോ? 1038 കുടുംബങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസമായി നല്‍കിയ 10,000 വീതം നല്‍കിയതില്‍ 5000 രൂപ മാത്രമാണ് എസ്ഡിആര്‍എഫില്‍ നിന്ന് ഉപയോഗിക്കാനാവു. ബാക്കി 5000 ഈ 152 കോടിയില്‍ നിന്ന് എടുക്കാന്‍ കേന്ദ്രം അനുവദിക്കുമോ? ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും മറുപടി ഇല്ല.

പ്രധാനമന്ത്രി തന്നെ പങ്കെടുത്ത് ദുരന്ത നിവാരണ അതോറിറ്റി യോഗം ചേര്‍ന്ന് കേരളം ഉന്നയിക്കുന്ന ഈ പ്രശ്‌നങ്ങള്‍ ഗൗരവമായി എടുക്കാന്‍ അവസരമുണ്ടാക്കണം എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ദുരന്തനിവാരണ ഘട്ടത്തില്‍ 1202 കോടി രൂപയുടെ നഷ്ടവും മാനദണ്ഡങ്ങള്‍ക്കതീതമായി അധിക ചെലവ് പ്രതീക്ഷിച്ച് അടിയന്തര സഹായമായി 219 കോടി രൂപ ലഭ്യമാകണമെന്നും ആവശ്യപ്പെട്ടിരുന്നു. അതേ കുറിച്ചും ഇതുവരെ ഒരക്ഷരവും മിണ്ടിയിട്ടില്ല. ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകണം.

ആദ്യം നല്‍കിയ മെമ്മോറാണ്ടം നഷ്ടങ്ങളെ കുറിച്ച് സൂചിപ്പിക്കുന്നതാണ്. രണ്ടാമത്തേത് പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ് അസസ്‌മെൻ്റ് (പിഡിഎന്‍എ) 2221 കോടിയുടെ പുനര്‍നിര്‍മ്മാണ പ്രക്രിയയെ കുറിച്ചുള്ളതാണ്. ഇത് കേന്ദ്ര സര്‍ക്കാര്‍ എന്‍ഡിആര്‍എഫിലൂടെ പുതുതായി ആരംഭിച്ച റിക്കവറി ആന്റ് റീ കണ്‍സ്ട്രക്ഷന്‍ വിന്‍ഡോയിലൂടെ നവംബര്‍ 13നാണ് സമര്‍പ്പിച്ചത്. ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം മനസിലാക്കാതെയാണ് ഇപ്പോഴും മാധ്യമങ്ങളും പല ഉന്നതരും ചൂരല്‍മല ദുരന്തബാധിതരെ ആശങ്കയിലാക്കുന്നതെന്നും മറുപടിയായി മന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments