സുരക്ഷയില്‍ വലിപ്പച്ചെറുപ്പം പാടില്ല: ചെറുകാറിലും 6 എയര്‍ബാഗ് ഉറപ്പാക്കണം: നിതിന്‍ ഗഡ്കരി

ചെറിയ കാര്‍ മോഡലുകളുടെ എല്ലാ പതിപ്പിലും വകഭേദത്തിലും കുറഞ്ഞത് ആറ് എയര്‍ബാഗ് ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍മാതാക്കളോട് അഭ്യര്‍ഥിച്ചു.

സുരക്ഷയില്‍ വലിപ്പച്ചെറുപ്പം പാടില്ല: ചെറുകാറിലും 6 എയര്‍ബാഗ് ഉറപ്പാക്കണം: നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: സുരക്ഷ നല്‍കുന്നതില്‍ വലിപ്പച്ചെറുപ്പം പാടില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. സുരക്ഷ മെച്ചപ്പെടുത്താനായി ചെറുകാറുകളിലും ആവശ്യത്തിന് എയര്‍ബാഗുകള്‍ ലഭ്യമാക്കണമെന്നു നിതിന്‍ ഗഡ്കരി അറിയിച്ചു.

രാജ്യത്തെ ഇടത്തരം വരുമാനക്കാര്‍ കൂടുതലായും ചെറു കാറുകളും എന്‍ട്രി ലവല്‍ മോഡലുകളുമാണു വാങ്ങുന്നതെന്നും ഇവയിലെ സുരക്ഷാകാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചെറിയ കാര്‍ മോഡലുകളുടെ എല്ലാ പതിപ്പിലും വകഭേദത്തിലും കുറഞ്ഞത് ആറ് എയര്‍ബാഗ് ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍മാതാക്കളോട് അഭ്യര്‍ഥിച്ചു.

യാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്താനും അപകട മരണങ്ങള്‍ കുറയ്ക്കാനു ലക്ഷ്യമിട്ടാണ് എയര്‍ബാഗുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് താന്‍ ആവശ്യപ്പെടുന്നതെന്നും ഗഡ്കരി വിശദീകരിച്ചു. ചെറുകാറുകളില്‍ കൂടുതല്‍ എയര്‍ബാഗ് ഘടിപ്പിക്കുന്നതോടെ വാഹന വിലയില്‍ 3,000 - 4,000 രൂപയുടെ വര്‍ധന സംഭവിക്കും. പക്ഷേ അപകടവേളകളില്‍ സാമ്ബത്തിക നിലയിലെ അന്തരമി ല്ലാതെ എല്ലാവര്‍ക്കും സുരക്ഷ ലഭിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സമ്ബന്നര്‍ വാങ്ങുന്ന വലിയ കാറുകളില്‍ എട്ട് എയര്‍ബാഗുകള്‍ വരെയാണു നിര്‍മാതാക്കള്‍ ഘടിപ്പിക്കുന്നതെന്നും, അതേ കമ്ബനി, താഴ്ന്ന വരുമാനക്കാര്‍ വാങ്ങുന്ന കാറിലെ എയര്‍ബാഗിന്റെ എണ്ണം രണ്ടോ മൂന്നോ ആയി ചുരുക്കും. എന്തുകൊണ്ടാണീ വിവേചനമെന്നും ഗഢ്കരി ആരാഞ്ഞു. ഉയര്‍ന്ന നികുതി നിരക്കുകളും സുരക്ഷ, പരിസ്ഥിതി മലിനീകരണ വിഭാഗങ്ങളിലെ കര്‍ശന മാനദണ്ഡങ്ങളും വാഹന വില ഉയരാന്‍ ഇടയാക്കിയെന്ന നിര്‍മാതാക്കളുടെ വിമര്‍ശനത്തോടു പ്രതികരിക്കുകയായിരുന്നു ഗഡ്കരി.