ചക്കാ ജാം വൻ വിജയം, ആവശ്യങ്ങള്‍ നേടിയെടുക്കാതെ മടങ്ങില്ലെന്ന് രാകേഷ് ടികായത് വീണ്ടും

പ്രതിഷേധം പൊതുവേ സമാധാനപരമായിരുന്നു. രാജസ്ഥാൻ, മഹാരാഷ്ട്ര, കർണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പ്രക്ഷോഭം വൻ വിജയമായിരുന്നു.   

ചക്കാ ജാം വൻ വിജയം, ആവശ്യങ്ങള്‍ നേടിയെടുക്കാതെ മടങ്ങില്ലെന്ന്  രാകേഷ് ടികായത് വീണ്ടും

ന്യൂഡല്‍ഹി: കേന്ദ്രത്തിൻ്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷക സംഘടനകൾ ആഹ്വാനം ചെയ്ത ചക്കാ ജാമിൻ്റെ  ഭാഗമായി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ ഇന്ന് റോഡുകള്‍ ഉപരോധിച്ചു. വടക്കന്‍ ഡല്‍ഹിക്ക് ചുറ്റുമുള്ള എക്‌സ്പ്രസ് വേ അടക്കമുള്ള ദേശീയ പാതകള്‍ തടഞ്ഞു. പ്രതിഷേധം പൊതുവേ സമാധാനപരമായിരുന്നു. രാജസ്ഥാൻ, മഹാരാഷ്ട്ര, കർണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പ്രക്ഷോഭം വൻ വിജയമായിരുന്നു.   

കർഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടാതെ വീടുകളിലേക്ക് മടങ്ങില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്  പ്രസ്താവിച്ചു. കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് സമ്മര്‍ദ്ദം ചെലുത്താൻ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.രാജ്യവ്യാപകമായി ദേശീയ-സംസ്ഥാന പാതകള്‍ ഉപരോധിക്കുന്ന മൂന്ന് മണിക്കൂര്‍ 'ചക്കാ ജാം' അവസാനിച്ചതിന് ശേഷം ഗാസിപുര്‍ അതിര്‍ത്തിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാകേഷ് ടികായത്. 

പ്രക്ഷോഭം ഒക്ടോബര്‍ രണ്ട് വരെ തുടരും. ഇക്കാലയളവില്‍ കേന്ദ്രം നിയമം പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ കര്‍ഷക സംഘടനകളുമായി ആലോചിച്ച് കൂടുതല്‍ ശക്തമായ പ്രക്ഷോഭം ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹി അതിര്‍ത്തികളായ സിംഘു, തിക്രി, ഗാസിപ്പൂര്‍ എന്നിവിടങ്ങളില്‍ പോലിസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഷാഹിദ് പാര്‍ക്കില്‍ പ്രകടനം നടത്തിയവരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. ഡല്‍ഹിയിലെ പല മെട്രോ സ്‌റ്റേഷനുകളും അടച്ചിരുന്നു.

ലുധിയാനഫിറോസ്പൂര്‍ ഹൈവേയില്‍ ആയിരങ്ങള്‍ സമരത്തില്‍ അണിനിരന്നു. ഹരിയാനയിലും പഞ്ചാബിലും വിവിധയിടങ്ങളിലായി പതിനായിരങ്ങള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. തെലങ്കാനയിലെ ഹൈദരാബാദില്‍ ദേശീയ പാത ഉപരോധിക്കാനെത്തിയ കര്‍ഷകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.

കര്‍ഷകരെ പിരിച്ചുവിടാനായി പൊലീസ് ലാത്തി ചാര്‍ജ് നടത്തി. കര്‍ണാടകയില്‍ യെലങ്ക പൊലീസ് സ്‌റ്റേഷന് മുന്നില്‍ സമരം നടത്തിയ കര്‍ഷകരെ അറസ്റ്റ് ചെയ്ത് നീക്കി. ജമ്മു കശ്മീരിലും കര്‍ഷകര്‍ ഹൈവെ തടഞ്ഞ് പ്രകടനം നടത്തി.