എല്‍ഡിഎഫിന് തുടര്‍ഭരണം,തൃശ്ശൂരില്‍ തോല്‍വിക്ക് സാധ്യത: സിപിഐ

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 19 സീറ്റുകളിലാണ് സി.പി.ഐക്ക് വിജയിക്കാനായത്. ഇത്തവണ 17 സീറ്റുകളില്‍ വിജയിക്കാനാവുമെന്നാണ് കണക്കുകൂട്ടുന്നത്.  

എല്‍ഡിഎഫിന് തുടര്‍ഭരണം,തൃശ്ശൂരില്‍ തോല്‍വിക്ക് സാധ്യത: സിപിഐ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ എല്‍.ഡി.എഫ്. വീണ്ടും അധികാരത്തില്‍ എത്തുമെന്ന് സി.പി.ഐ. എക്സിക്യൂട്ടീവ് യോഗത്തിന്റെ വിലയിരുത്തല്‍. 80 ല്‍ അധികം സീറ്റുകള്‍ നേടും. അപ്രതീക്ഷിതമായി ചില സീറ്റുകളില്‍ പരാജയപ്പെടാന്‍ സാധ്യതയുണ്ടെന്നും യോഗം വിലയിരുത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 19 സീറ്റുകളിലാണ് സി.പി.ഐക്ക് വിജയിക്കാനായത്. ഇത്തവണ 17 സീറ്റുകളില്‍ വിജയിക്കാനാവുമെന്നാണ് കണക്കുകൂട്ടുന്നത്.  

തൃശ്ശൂര്‍ സീറ്റിലെ മത്സരം കടുത്തതാണെന്നും തോല്‍വിക്ക് സാധ്യതയുണ്ടെന്നുമുള്ള വിലയിരുത്തലും സി.പി.ഐക്കുണ്ട്. യു.ഡി.എഫിന് മുന്‍തൂക്കമുള്ള മണ്ഡലമാണ് തൃശ്ശൂര്‍.  മലപ്പുറത്തെ തിരൂരങ്ങാടിയില്‍ സി.പി.ഐ. അട്ടിമറി വിജയം നേടുമെന്നും എക്സിക്യൂട്ടീവ് വിലയിരുത്തുന്നു.  കരുനാഗപ്പള്ളിയില്‍ മത്സരം കടുത്തതാണെങ്കിലും മൂവായിരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കാനാകുമെന്നും സി.പി.ഐ. വിലയിരുത്തുന്നു.

ആകെ 25 നിയമസഭാ സീറ്റുകളിലേക്കാണ് ഇത്തവണ സിപിഐ മത്സരിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി പലയിടത്തും ഭിന്നാഭിപ്രായം ഉയര്‍ന്നിരുന്നെങ്കിലും അത് വകവയ്ക്കാതെയാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത്. മൂന്ന് വട്ടം മത്സരിച്ചവരെ ഒഴിവാക്കിയ സിപിഐ പട്ടികയില്‍ സ്ത്രീ പ്രാതിനിധ്യം കുറഞ്ഞതും വിമര്‍ശനത്തിന് കാരണമായി. പിണറായി മന്ത്രിസഭയില്‍ 19 അംഗങ്ങളാണ് പാര്‍ട്ടിക്ക് ഉണ്ടായിരുന്നത്. രണ്ട് സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെടുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. 

തിരഞ്ഞെടുപ്പിന് ശേഷം ഇന്നാണ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ചേരുന്നത്. ഇടുക്കി ഒഴികെ എല്ലാ ജില്ലകളില്‍നിന്നുമുള്ള കണക്കുകള്‍ എക്സിക്യൂട്ടീവ് യോഗം പരിശോധിച്ചു. അതത് ജില്ലാ കമ്മിറ്റികളുടെ വിലയിരുത്തലുകളാണ് ഇന്ന് എക്സിക്യൂട്ടീവ് പരിശോധിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എണ്‍പതില്‍ അധികം സീറ്റുകള്‍ നേടി എല്‍.ഡി.എഫ്. വീണ്ടും അധികാരത്തിലെത്തുമെന്ന് എക്സിക്യൂട്ടീവ് വിലയിരുത്തിയത്.