കൊവിഡിനെ മുനിയ ദീദിക്ക് പേടിയില്ല

കൊവിഡിനെ മുനിയ ദീദിക്ക് പേടിയില്ല

കോവിഡ് മനുഷ്യ ബന്ധങ്ങളിലെ പൊള്ളത്തരം പലതും പൊളിച്ചു കാണിച്ചു. ഇതിനിടയിലും സുമനസുകളെയും കാട്ടിത്തന്നു. ചുരുക്കത്തില്‍ ജീവിതമെന്തെന്ന് കോവിഡ് പഠിപ്പിച്ചു. ഇവിടെയിതാ കോവിഡ് ലോകത്തില്‍ മാതൃകയായി  മുന്‍മുന്‍ സര്‍ക്കാര്‍ എന്ന ഇ-റിക്ഷ ഡ്രൈവര്‍. കോവിഡ് രോഗികളെ ഒരു പേടിയുമില്ലാതെ സൗജന്യമായി ആശുപത്രിയില്‍ എത്തിച്ചാണ് ഈ വനിതാ റിക്ഷ ഡ്രൈവര്‍ മാതൃക ആകുന്നത്. വടക്കന്‍ ബംഗാള്‍ സ്വദേശിനിയാണ് 48 കാരിയായ മുന്‍മുന്‍. ഡാര്‍ജിലിംഗ് ജില്ലയിലെ സിലിഗുരിയിലെ ആദ്യത്തെ വനിതാ ഇ-റിക്ഷ ഡ്രൈവര്‍ കൂടിയാണ് ഇവര്‍. എല്ലാവരും മുന്‍മുന്നിനെ സ്‌നേഹപൂര്‍വ്വം 'മുനിയ ദീദി' എന്നാണ് വിളിക്കുന്നത്.

ഏകദേശം ആറര വര്‍ഷം മുമ്പാണ് മുന്‍മുന്‍ ഇ-റിക്ഷ ഓടിക്കാന്‍ തുടങ്ങിയത്. സൗജന്യ യാത്രയ്ക്ക് പുറമേ ആവശ്യക്കാര്‍ക്ക് ഭക്ഷണവും മറ്റ് ദുരിതാശ്വാസ സാമഗ്രികളും എത്തിക്കുന്നുമുണ്ട് മുന്‍മുന്‍. 'തുടക്കത്തില്‍ കോവിഡ് രോഗികളെ സൗജന്യമായി കൊണ്ടുപോയപ്പോള്‍ പ്രാദേശിക കൗണ്‍സിലര്‍ എന്നോട് ഇതില്‍ നിന്നും മാറാന്‍ ആവശ്യപ്പെട്ടു. അയല്‍ക്കാര്‍ എന്നെ പ്രദേശത്ത് നിന്ന് പുറത്താക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഞാന്‍ ദൃഢ നിശ്ചയം ചെയ്തു, എനിക്ക് പിന്തുണയുമായി കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. ഇതിന്‍റെ പരിണതഫലങ്ങള്‍ നേരിടാന്‍ അവര്‍ തയ്യാറായിരുന്നു'', മുന്‍മുന്‍ പറയുന്നു.

സ്ത്രീകളെ ശാക്തീകരിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇ-റിക്ഷ ഓടിക്കാന്‍ തീരുമാനിച്ചതെന്ന് മുന്‍മുന്‍ പറയുന്നു. മഹാമാരി തുടങ്ങിയത് മുതല്‍ തന്നെ രോഗികളെ മുന്‍മുന്‍ ആശുപത്രികളിലേക്ക് കൊണ്ടുപോകാന്‍ തുടങ്ങിയിരുന്നു. ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ആയവരെ തിരികെ വീടുകളിലേക്കും ഇവര്‍ കൊണ്ടെത്തിക്കും. ഇതിനിടയില്‍ കൊവിഡ് മാനദണ്ഡം പാലിക്കാന്‍ ദീദി മറക്കാറില്ല.