ഊര്‍ജ്ജ പ്രതിസന്ധി തീരുന്നുവെന്ന് കേന്ദ്രം: കല്‍ക്കരി വിതരണത്തിന് കൂടുതൽ ട്രെയിനുകൾ ഓടിക്കും

കോള്‍ ഇന്ത്യക്ക് സംസ്ഥാനങ്ങള്‍ നല്‍കേണ്ട കുടിശ്ശിക ഉടന്‍ നല്‍കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

ഊര്‍ജ്ജ പ്രതിസന്ധി തീരുന്നുവെന്ന് കേന്ദ്രം: കല്‍ക്കരി വിതരണത്തിന് കൂടുതൽ ട്രെയിനുകൾ ഓടിക്കും

ന്യൂഡല്‍ഹി: കല്‍ക്കരി ക്ഷാമവുമായി ബന്ധപ്പെട്ട ഊര്‍ജ്ജ പ്രതിസന്ധി തീരുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍. കല്‍ക്കരി ലഭ്യമല്ലാത്തതിനാല്‍ വൈദ്യുതി ഉദ്പാദനം തടസപ്പെടുന്ന സാഹചര്യം ഒഴിവാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചു കഴിഞ്ഞുവെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥനങ്ങള്‍ക്ക് പ്രതിദിനം രണ്ടു ലക്ഷം ടണ്‍ കല്‍ക്കരി നല്‍കുമെന്നാണ് പ്രഖ്യാപനം. കോള്‍ ഇന്ത്യക്ക് സംസ്ഥാനങ്ങള്‍ നല്‍കേണ്ട കുടിശ്ശിക ഉടന്‍ നല്‍കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

പ്രതിദിന കല്‍ക്കരി ഖനനം അടുത്ത അഞ്ച് ദിവസം കൊണ്ട് 1.94 മില്യണ്‍ ടണ്ണില്‍ നിന്ന് 2 മില്യണ്‍ ടണ്ണായി ഉയര്‍ത്തുമെന്ന് സര്‍ക്കാര്‍ ശ്രോതസ്സുകളെ ഉദ്ധരിച്ച് എഎന്‍ഐ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദിവസങ്ങള്‍ക്കകം കല്‍ക്കരി വിതരണം പ്രതിദിനം 20 ലക്ഷം ടണ്‍ ആയി വര്‍ധിപ്പിക്കും. വൈദ്യുതി നിലയങ്ങളില്‍ ആവശ്യത്തിന് കല്‍ക്കരി എത്തിക്കാന്‍ റെയില്‍വെയോട് കൂടുതല്‍ വാഗണുകള്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

കഴിഞ്ഞ നാല് ദിവസമായി കല്‍ക്കരി ശേഖരം വര്‍ധിച്ചുവരികയാണ്. വിതരണം വേഗത്തിലാക്കുന്നതോടെ ഒരു മാസത്തിനകം സ്ഥിതിഗതികള്‍ സാധാരണ നിലയില്‍ എത്തുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദം. കല്‍ക്കരി- ഊര്‍ജ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നില്‍ സ്ഥിതിഗതികളെപ്പറ്റി വിവരിച്ചതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വൈദ്യുതി പ്രതിസന്ധി ഉണ്ടാകി  ല്ലെന്ന് പ്രധാനമന്ത്രിക്ക് ഉറപ്പ് നല്‍കിയ കേന്ദ്ര മന്ത്രാലയ സെക്രട്ടറിമാര്‍ കല്‍ക്കരി ലഭ്യത ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികളും വിവരിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ ആശങ്ക അറിയിച്ചതിന് പിന്നാലെ ആയിരുന്നു ഇത്.

താപനിലയങ്ങളില്‍ കല്‍ക്കരി എത്തിക്കാന്‍ റെയില്‍വെ 350 റേക്കുകള്‍ അധികമായി ഏര്‍പ്പെടുത്തുമെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ രാജ്യതലസ്ഥാനം കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന ഡല്‍ഹി സര്‍ക്കാരിന്റെ വാദം കേന്ദ്രം തള്ളി. കണക്കുകള്‍ നിരത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധം തീര്‍ത്തത്. നിലയങ്ങള്‍ ആവശ്യപ്പെടുന്ന അളവില്‍ കല്‍ക്കരി ലഭ്യമാക്കാന്‍ കോള്‍ ഇന്ത്യ തയ്യാറാണെന്ന് കേന്ദ്രം അവകാശപ്പെട്ടു.