ജോ ബൈഡന് വിജയാശംസയുമായി ഷി ചിൻപിങ്

ബെയ്ജിങ്∙ യുഎസ് തിരഞ്ഞെടുപ്പിൽ വിജയിച്ച ജോ ബൈഡനെ അഭിനന്ദിച്ച് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ജോ ബൈഡന് മറ്റ് രാഷ്ട്ര തലവൻമാരെല്ലാം അഭിനന്ദനവുമായി എത്തിയപ്പോഴും ചൈനീസ് പ്രസിഡന്റ് ആ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ബൈഡനെ അഭിനന്ദിക്കാൻ തയ്യാറായിരിക്കുക്കയാണ് ചൈനീസ് തലവൻ. ബൈഡന് വിജയിച്ച് രണ്ടാഴ്ച കഴിയുമ്പോഴാണ് അഭിനന്ദനം. സംഘർഷത്തിനോ ഏറ്റുമുട്ടലിനോ മുതിരാതെ പരസ്പര ബഹുമാനത്തോടെ പ്രവർത്തിക്കാമെന്ന് അദ്ദേഹം അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു.കഴിഞ്ഞ കുറച്ചു മാസങ്ങളായി ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരുന്നു. വാണിജ്യയുദ്ധം, ചാരപ്രവർത്തനം, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നം രൂക്ഷമായത്.
കോവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് ചൈന സുതാര്യമായല്ല പ്രവർത്തിച്ചതെന്ന് അമേരിക്ക ആരോപിച്ചിരുന്നു. പരസ്പര നേട്ടങ്ങൾക്കായി സഹകരിക്കാം.ഇരുരാജ്യങ്ങളിലേയും മൗലിക താൽപര്യങ്ങൾക്കനുസരിച്ച് ആരോഗ്യപരവും സുസ്ഥിരവുമായും ബന്ധം വളരട്ടെയെന്നും സന്ദേശത്തിൽ പറഞ്ഞു. മറ്റു രാജ്യങ്ങൾ അഭിനന്ദനമറിയിച്ച് രണ്ട് ആഴ്ചകൾക്കു ശേഷമാണ് ചൈന അഭിനന്ദനമറിയിക്കുന്നത്.