Saturday, July 27, 2024
HomeNewsആൻ്റണിയും മകൻ അനിലും നേർക്ക് നേർ, അനിൽ തോൽക്കണമെന്ന് ആന്‍റണി, അച്ഛനോട് സഹതാപം മാത്രമാണുള്ളതെന്ന്...

ആൻ്റണിയും മകൻ അനിലും നേർക്ക് നേർ, അനിൽ തോൽക്കണമെന്ന് ആന്‍റണി, അച്ഛനോട് സഹതാപം മാത്രമാണുള്ളതെന്ന് അനില്‍

തിരുവനന്തപുരം: കോൺഗ്രസ് നേതാക്കളുടെ മക്കൾ ബി.ജെ.പിക്കൊപ്പം ചേരുന്നത് തെറ്റെന്ന് മുതിർന്ന നേതാവ് എ.കെ. ആന്‍റണി. പത്തനംതിട്ടയിൽ ബി.ജെ.പി സ്ഥാനാർത്ഥി ആയി മത്സരിക്കുന്ന മകൻ അനിൽ ആന്‍റണി തോൽക്കണമെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

മകൻ ബി.ജെ.പി സ്ഥാനാർത്ഥി ആയതിനെക്കുറിച്ചും മകനെതിരെ പ്രചരണത്തിന് ഇറങ്ങുമോയെന്നുമെല്ലാം മാധ്യമപ്രവർത്തകർ ചോദിച്ചു. കോൺഗ്രസ് നേതാക്കളുടെ മക്കൾ ബി.ജെ.പിക്കൊപ്പം ചേരുന്നത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.

പത്തനംതിട്ടയിൽ ബി.ജെ.പി സ്ഥാനാർത്ഥിയായ മകൻ തോൽക്കണമെന്നും യു.ഡി.എഫ് സ്ഥാനാർത്ഥി ആന്‍റോ ആന്‍റണി ജയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘മക്കളെക്കുറിച്ച് എന്നെക്കൊണ്ട് അധികം പറയിപ്പിക്കേണ്ട. ആ ഭാഷ ഞാൻ ശീലിച്ചിട്ടില്ല. മറ്റു മക്കളെക്കുറിച്ച് പറയാൻ ആഗ്രഹിക്കുന്നില്ല. അവിടെ തോൽക്കണം… അവിടെ കോൺഗ്രസ് ജയിക്കണം. ആന്‍റോ ആന്‍റണി ജയിക്കണം’ -മകൻ അനിൽ ആന്‍റണിയുടെ പേരെടുത്ത് പറയാതെ എ.കെ. ആന്‍റണി പറഞ്ഞു.

എന്‍റെ മതം കോൺഗ്രസാണ്. കെ.എസ്.യുവിൽ ചേർന്ന കാലം മുതൽ കുടുംബം വേറെ രാഷ്ട്രീയം വേറെ എന്ന് നിലപാടെടുത്തയാളാണ് ഞാൻ. ഞാൻ പ്രചരണത്തിന് പോകാതെ തന്നെ ആന്‍റോ ആന്‍റണി നല്ല ഭൂരിപക്ഷത്തിന് ജയിക്കും -എ.കെ. ആന്‍റണി വ്യക്തമാക്കി.

ഭരണഘടന ഉണ്ടാക്കിയത് കോൺഗ്രസും അംബേദ്കറും ചേർന്നാണ്. അതിൽ ഒരവകാശവാദവും ബി.ജെ.പിക്കോ മറ്റാർക്കുമോ വേണ്ട. ആ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണിത് -അദ്ദേഹം പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസിലുള്ളത് കാലഹരണപ്പെട്ട നേതാക്കളാണെന്നും അച്ഛനോട് സഹതാപം മാത്രമാണുള്ളതെന്നും അനിൽ ആന്റണി അനില്‍ അന്‍റണി പറഞ്ഞു. പത്തനംതിട്ടയില്‍ താന്‍ തന്നെ ജയിക്കുമെന്നും അനിൽ ആന്റണി കൂട്ടിച്ചേര്‍ത്തു. 

രാജ്യവിരുദ്ധ നിലപാട് എടുക്കുന്ന ആന്‍റോയ്ക്കായി സംസാരിക്കുകയും ഗാന്ധി കുടുംബത്തിനായി നിലകൊള്ളുകയും ചെയ്യുന്ന എ കെ ആൻ്റണിയോട് സഹതാപമെന്നാണ് അനിൽ അന്‍റണിയുടെ പ്രതികരണം. പത്തനംതിട്ടയിൽ താൻ തന്നെ ജയിക്കുമെന്നും ആന്‍റോയ്ക്ക് വന്‍ തോല്‍വിയുണ്ടാകുമെന്നും അനിൽ ആന്‍റണി ഏഷ്യാനെറ്റ് ന്യൂസ് ചാനലിനോട് പറഞ്ഞു . നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകുമെന്നും രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പ്രതിപക്ഷ സ്ഥാനം പോലും ലഭിക്കില്ലെന്നും അനിൽ ആന്‍റണി കൂട്ടിച്ചേര്‍ത്തു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments