Saturday, July 27, 2024
HomeEntertainmentസാഹിത്യ അക്കാദമിക്കെതിരെ രൂക്ഷ വിമർശനവുമായി ബാലചന്ദ്രന്‍ ചുള്ളിക്കാട്

സാഹിത്യ അക്കാദമിക്കെതിരെ രൂക്ഷ വിമർശനവുമായി ബാലചന്ദ്രന്‍ ചുള്ളിക്കാട്

കോഴിക്കോട്: സാഹിത്യ അക്കാദമിക്കെതിരെ രൂക്ഷ വിമർശനവുമായി എഴുത്തു കാരൻ ബാലചന്ദ്രൻ ചുള്ളിക്കാട്. അക്കാദമി സംഘടിപ്പിച്ച ‘അന്താരാഷ്ട്ര സാഹിത്യോ ത്സവ’ത്തിൽ നൽകിയ പ്രതിഫലത്തെ വിമർശിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്. ‘പ്രബുദ്ധരായ മലയാളികളേ, നിങ്ങളുടെ സാഹിത്യ അക്കാദമിയില്‍ അംഗമാകാനോ, നിങ്ങളുടെ മന്ത്രിമാരില്‍ നിന്ന് കുനിഞ്ഞുനിന്ന് അവാര്‍ഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാനോ ഇന്നോളം ഞാന്‍ വന്നിട്ടില്ല. ഒരിക്കലും വരികയുമില്ല.

മിമിക്രിക്കും പാട്ടിനും ഒക്കെ പതിനായിരക്കണക്കിലും ലക്ഷക്കണക്കിലും പ്രതിഫലം നല്‍കുന്ന മലയാളികളേ, നിങ്ങളുടെ സാഹിത്യ അക്കാദമിവഴി എനിക്ക് നിങ്ങള്‍ കല്‍പിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്ന് മനസ്സിലാക്കിത്തന്നതിന് നന്ദി. ഒരപേക്ഷയുണ്ട്. നിങ്ങളുടെ സാംസ്‌കാരികാവശ്യങ്ങള്‍ക്കായി ദയവായി മേലാല്‍ എന്നെ ബുദ്ധിമുട്ടിക്കരുത്. എന്റെ ആയുസ്സില്‍നിന്ന് അവശേഷിക്കുന്ന സമയം പിടിച്ചുപറിക്കരുത്. എനിക്ക് വേറെ പണിയുണ്ട്’- ‘എന്റെ വില’ എന്ന തലക്കെട്ടില്‍ അദ്ദേഹം എഴുതി സുഹൃത്തുക്കള്‍ക്ക് വാട്‌സ്ആപ്പില്‍ സന്ദേശമായി അയച്ച കുറിപ്പില്‍ പറയുന്നു.

കേരളജനത തനിക്ക് നല്‍കുന്ന വില എന്താണെന്ന് ശരിക്കും മനസ്സിലായത് കഴിഞ്ഞ ജനുവരി മുപ്പതാം തീയതിയാണെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. കേരള ജനതയുടെ സാഹിത്യ അക്കാദമിയില്‍ നടന്ന അന്താരാഷ്ട്ര സാഹിത്യോല്‍സവ ത്തില്‍ ജനുവരി 30-ന് രാവിലെ കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ച് സംസാരിക്കാന്‍ അക്കാദമി അദ്ദേഹത്തെ ക്ഷണിച്ചിരുന്നു.

വിഷയത്തെക്കുറിച്ച് രണ്ട് മണിക്കൂര്‍ സംസാരിച്ച ബാലചന്ദ്രന്‍ചുള്ളിക്കാടിന് പ്രതിഫലമായി അക്കാദമി 2400 രൂപ നല്‍കി. എറണാകുളത്തുനിന്ന് തൃശൂര്‍വരെ ടാക്‌സിയില്‍ വന്ന അദ്ദേഹത്തിന് വെയ്റ്റിംഗ് ചാര്‍ജ്ജും ഡ്രൈവറുടെ ബാറ്റയുമടക്കം ചെലവായത് 3500 രൂപയാണ് എന്നും 3500 രൂപയില്‍ 2400 രൂപ കഴിച്ച് ബാക്കി 1100 രൂപ നല്‍കിയത് സീരിയലില്‍ അഭിനയിച്ച് നേടിയ പണത്തില്‍നിന്നാണെന്നും ബാലചന്ദ്രന്‍ചുള്ളിക്കാട് ആരോപിക്കുന്നു.

സാഹിത്യ അക്കാദമിയില്‍ അംഗമാകാനോ, മന്ത്രിമാരില്‍ നിന്ന് കുനിഞ്ഞുനിന്ന് അവാര്‍ഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാനോ താന്‍ ഇതുവരെ വന്നിട്ടില്ലെന്നും ഇനിയൊരിക്കലും വരികയില്ലെന്നും അദ്ദേഹം കുറിച്ചു. സാംസ്‌കാരികാവശ്യങ്ങള്‍ ക്കായി ദയവായി ഇനി ബുദ്ധിമുട്ടിക്കരുതെന്നും വേറെ പണിയുണ്ടെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് പറയുന്നു.

വാട്‌സ്ആപ്പ് കുറിപ്പിന്റെ പൂര്‍ണരൂപം

*എന്റെവില.
ബാലചന്ദ്രന്‍ചുള്ളിക്കാട്*
കേരളജനത എനിക്കു നല്‍കുന്ന വില എന്താണെന്ന് ശരിക്കും എനിക്കു മനസ്സിലായത് ഇക്കഴിഞ്ഞ ജനുവരി മുപ്പതാം തീയതിയാണ്.(30-01-2024).
കേരളജനതയുടെ സാഹിത്യ അക്കാദമിയില്‍ അന്താരാഷ്ട്ര സാഹിത്യോല്‍സവം. ജനുവരി 30-ന് രാവിലെ കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാന്‍ അക്കാദമി എന്നെ ക്ഷണിച്ചിരുന്നു.
ഞാന്‍ അവിടെ കൃത്യസമയത്ത് എത്തുകയും ആ വിഷയത്തെക്കുറിച്ച് രണ്ട് മണിക്കൂര്‍ സംസാരിക്കുകയും ചെയ്തു. അന്‍പതു വര്‍ഷം ആശാന്‍കവിത പഠിക്കാന്‍ ശ്രമിച്ചതിന്റെ ഫലമായി എന്റെ പരിമിതമായ ബുദ്ധിയാല്‍ മനസ്സാക്കിയ കാര്യങ്ങളാണ് പറഞ്ഞത്.
പ്രതിഫലമായി എനിക്കു നല്‍കിയത് രണ്ടായിരത്തിനാനൂറു രൂപയാണ്.(2400/-)
എറണാകുളത്തുനിന്ന് തൃശൂര്‍വരെ വാസ് ട്രാവല്‍സിന്റെ ടാക്‌സിക്ക് വെയ്റ്റിംഗ് ചാര്‍ജ്ജും ഡ്രൈവറുടെ ബാറ്റയുമടക്കം എനിക്കു ചെലവായത് മൂവായിരത്തി അഞ്ഞൂറു രൂപ(3500/-).
3500 രൂപയില്‍ 2400 രൂപ കഴിച്ച് ബാക്കി 1100 രൂപ ഞാന്‍ നല്‍കിയത് സീരിയലില്‍ അഭിനയിച്ചു ഞാന്‍ നേടിയ പണത്തില്‍നിന്നാണ്.
പ്രബുദ്ധരായ മലയാളികളേ,
നിങ്ങളുടെ സാഹിത്യ അക്കാദമിയില്‍ അംഗമാകാനോ, നിങ്ങളുടെ മന്ത്രിമാരില്‍ നിന്ന് കുനിഞ്ഞുനിന്ന് അവാര്‍ഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാനോ ഇന്നോളം ഞാന്‍ വന്നിട്ടില്ല. ഒരിക്കലും വരികയുമില്ല. മിമിക്രിക്കും പാട്ടിനും ഒക്കെ പതിനായിരക്കണക്കിലും ലക്ഷക്കണക്കിലും പ്രതിഫലം നല്‍കുന്ന മലയാളികളേ, നിങ്ങളുടെ സാഹിത്യ അക്കാദമിവഴി എനിക്കു നിങ്ങള്‍ കല്‍പിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്ന് മനസ്സിലാക്കിത്തന്നതിന് നന്ദി. ഒരപേക്ഷയുണ്ട്. നിങ്ങളുടെ സാംസ്‌കാരികാവശ്യങ്ങള്‍ക്കായി ദയവായി മേലാല്‍ എന്നെ ബുദ്ധിമുട്ടിക്കരുത്. എന്റെ ആയുസ്സില്‍നിന്ന് അവശേഷിക്കുന്ന സമയം പിടിച്ചുപറിക്കരുത്. എനിക്ക് വേറെ പണിയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments