Saturday, July 27, 2024
HomeNewsകേരള കാര്‍ഷിക കാലാവസ്ഥാ പ്രതിരോധ മൂല്യവര്‍ദ്ധിത ശൃംഖല നവീകരണ പദ്ധതി നടപ്പാക്കും

കേരള കാര്‍ഷിക കാലാവസ്ഥാ പ്രതിരോധ മൂല്യവര്‍ദ്ധിത ശൃംഖല നവീകരണ പദ്ധതി നടപ്പാക്കും

ലോക ബാങ്ക് ധനസഹായത്തോടെ കേരള കാര്‍ഷിക കാലാവസ്ഥാ പ്രതിരോധ മൂല്യവര്‍ദ്ധിത ശൃംഖല നവീകരണ പദ്ധതി (KERA) നടപ്പാക്കാന്‍ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അനുമതി നല്‍കി. 285 ദശലക്ഷം യു എസ് ഡോളറാണ് മൊത്തം പദ്ധതി അടങ്കല്‍. 709.65 കോടി രൂപ സംസ്ഥാന വിഹിതവും 1655.85 കോടി രൂപ ലോക ബാങ്ക് വിഹിതവുമാണ്.

ചെറുകിട കര്‍ഷകര്‍ക്കും കാര്‍ഷികാധിഷ്ഠിത എം എസ് എം ഇകള്‍ക്കും കാലാവസ്ഥയെ പ്രതിരോധിക്കുന്ന രീതികള്‍ അവലംബിച്ച് കൃഷിയിലും അനുബന്ധ മേഖലയിലും നിക്ഷേപം നടത്താന്‍ സഹായിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

2024-25 മുതല്‍ 2028-29 വരെ സാമ്പത്തിക വര്‍ഷങ്ങളിലേക്ക് ആവശ്യമായ തുക സംസ്ഥാന പദ്ധതി വിഹിതത്തില്‍ വകയിരുത്തിയാണ് 709.65 കോടി രൂപ സംസ്ഥാന വിഹിതമായി അനുവദിക്കുന്നത്.

കൃഷിയിലെ കാലാവസ്ഥാ പ്രതിരോധവും ലഘൂകരണവും, പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമാക്കി മൂല്യവർദ്ധനയ്ക്കായി ചെറുകിട ഉടമകളുടെ വാണിജ്യവത്ക്കരണം വർദ്ധിപ്പിക്കല്‍, ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് ഓര്‍ഗനൈസേഷന്‍, ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി, അഗ്രി ബിസിനസ്സ്, അഗ്രി സ്റ്റാർട്ടപ്പുകൾ, ഭക്ഷ്യ-കാർഷിക ചെറുകിട, ഇടത്തരം സംരംഭങ്ങൾ എന്നിവയുടെ ശാക്തീകരണം, പ്രോജക്റ്റ് മാനേജ്മെന്റ് യൂണിറ്റ്, കണ്ടിൻജൻ്റ് എമർജൻസി റെസ്പോൺസ് (സി.ഇ.ആർ.സി) കാലാവസ്ഥാ ധനസഹായം എന്നിവയാണ് പദ്ധതിയുടെ ഘടകങ്ങള്‍.

എയ്റോസ്പെയ്സ് കണ്‍ട്രോള്‍ സിസ്റ്റംസ് സെന്‍ററിന് സ്ഥലം ലഭ്യമാക്കാന്‍ തുക അനുവദിക്കും

എയ്റോസ്പെയ്സ് കണ്‍ട്രോള്‍ സിസ്റ്റംസ് സെന്‍ററിന് സ്ഥലം ലഭ്യമാക്കാന്‍ തുക അനുവദിക്കും. സംസ്ഥാനത്ത് ഐ ടി കോറിഡോര്‍ / സാറ്റലൈറ്റ് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് കിഫ്ബിയില്‍ നിന്ന് നീക്കിവെച്ച 1000 കോടി രൂപയില്‍ നിന്നാണ് തുക അനുവദിക്കുക. വേളി/ തുമ്പയില്‍ വി എസ് സിക്ക് അടുത്തുള്ള 60 ഏക്കര്‍ സ്ഥലം ലഭ്യമാക്കുന്നതിനാണ് തുക കണ്ടെത്തുന്നത്.

അര്‍ബന്‍ ഡിജിറ്റല്‍ മിഷന്‍ പദ്ധതി – കമ്മിറ്റികള്‍ രൂപീകരിച്ചു

സംസ്ഥാനത്ത് നാഷണല്‍ അര്‍ബന്‍ ഡിജിറ്റല്‍ മിഷന്‍ നടപ്പാക്കുന്ന ഇ – ഗവേര്‍ണന്‍സ് സേവനം പൈലറ്റ് അടിസ്ഥാനത്തില്‍ നടത്താന്‍ തീരുമാനിച്ചു. ഇതിനായി സംസ്ഥാന എക്സിക്യൂട്ടീവ്, ഇംപ്ലിമെന്‍റേഷന്‍ കമ്മിറ്റികള്‍ക്കും, സ്റ്റേറ്റ് പ്രൊജക്ട് മാനേജ്മെന്‍റ് യൂണിറ്റിനും അംഗീകാരം നല്‍കി

കുസാറ്റ് ദുരന്തം; മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം

കൊച്ചിന്‍ യൂണിവേഴ്സിറ്റി ക്യാംപസില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 25ന് ടെക് ഫെസ്റ്റിനിടെ ഉണ്ടായ അപകടത്തില്‍ മരണമടഞ്ഞ നാല് പേരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയല്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments