Saturday, July 27, 2024
HomeNewsKeralaഒരു മതകേന്ദ്രത്തിന്‍റെ ഉദ്ഘാടനം രാഷ്ട്രത്തിന്‍റെ പരിപാടിയായി ആഘോഷിക്കുന്നു: മുഖ്യമന്ത്രി

ഒരു മതകേന്ദ്രത്തിന്‍റെ ഉദ്ഘാടനം രാഷ്ട്രത്തിന്‍റെ പരിപാടിയായി ആഘോഷിക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: മതേതരത്വമാണ് ജനാധിപത്യ ഇന്ത്യയുടെ ആത്മാവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ രാജ്യത്തിന്റെ മുഖമുദ്രയാണത്. വിവിധ മതങ്ങളിൽ വിശ്വസിക്കുന്നവരും വിശ്വാസമില്ലാത്തവരും സ്വാതന്ത്ര്യസമരങ്ങളിൽ പങ്കെടുത്തിരുന്നു. ഈ രാജ്യം എല്ലാവർക്കുമുള്ളതാണ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും ഉള്ളവർക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നതോ ഒരു മതത്തെ ഉയർത്തിക്കാട്ടുന്നതോ ശരിയല്ല. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലെ പ്രധാനമന്ത്രിയുടെ പങ്കാളിത്തത്തെ വിമര്‍ശിച്ച മുഖ്യമന്ത്രി, ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ എടുത്തവർക്ക് എല്ലാവർക്കും ഒരേ അവകാശം ഉറപ്പ് വരുത്താൻ ബാധ്യത ഉണ്ടെന്ന് വ്യക്തമാക്കി. എല്ലാമതങ്ങൾക്കും തുല്യത വാഗ്ദാനം ചെയ്യുന്നതാണ് ഭരണഘടനയെന്നും പിണറായി വിജയൻ പറഞ്ഞു.

മതമെന്നത് വ്യക്തിപരമായ കാര്യമാണ്. ഏതൊരു മതത്തിലും വിശ്വസിക്കാനും പ്രവ‌ർത്തിക്കാനുമുള്ള അവകാശം ഇന്ത്യൻ ഭരണഘടന നൽകുന്നുണ്ട്. ഈ അവകാശം തുല്യമായ രീതിയിൽ എല്ലാ വ്യക്തികളും ആസ്വദിക്കുന്നുവെന്ന് ഉറപ്പാക്കുമെന്നാണ് ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കാൻ പ്രതിബദ്ധതയുള്ളവർ പ്രതിജ്ഞയെടുക്കു ന്നത്. ഒരു മതത്തെ മാത്രം പ്രോത്സാപിക്കുന്നതും ഉയർത്തിക്കാട്ടുന്നതും ശരിയായ കാര്യമല്ല.

ഇന്ത്യൻ മതനിരപേക്ഷതയെന്നാൽ രാഷ്ട്രത്തെയും മതത്തെയും രണ്ടായി നിർത്തുകയെന്നതാണെന്ന് രാജ്യത്തിന്റെ പ്രഥമപ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഓർപ്പിക്കാറുണ്ടായിരുന്നു. ഈ അന്തരം നിലനിർത്തികൊണ്ടുപോയ പാരമ്പര്യവും നമുക്കുണ്ട്. എന്നാൽ ഇവ രണ്ടിനെയും അകറ്റിനിർത്തുന്ന അതിർവരമ്പ് നേർത്തുനേർത്ത് വരുന്നതായാണ് കാണുന്നത്. മതപരമായ കാര്യങ്ങളിൽ പങ്കെടുക്കുമ്പോൾ ജാഗരൂകരാകേണ്ടതുണ്ട്. രാജ്യത്തെ ഒരു മതകേന്ദ്രത്തിന്റെ ഉദ്ഘാടനം രാഷ്ട്രത്തിന്റെ പരിപാടിയായി ആഘോഷിക്കുന്ന കാലത്താണ് നാം എത്തിനിൽക്കുന്നത്.

അയോധ്യയിലേക്ക് ട്രസ്റ്റിന്‍റെ ക്ഷണം ഉണ്ടായിരുന്നു. ക്ഷണം സ്വീകരിക്കാതെ ഭരണഘടന ഉത്തരവാദിത്വം ഉയർത്തിപ്പിടിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. . ഭരണഘടനെ സംരക്ഷിക്കാൻ പ്രതിജ്ഞയെടുത്തവർ എന്ന നിലയിൽ ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് പിന്തിരിഞ്ഞ് അതിന്റെ മതനിരപേക്ഷമായ സ്വഭാവത്തോട് പ്രതിബദ്ധതയുള്ള വരാകാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments