Saturday, July 27, 2024
HomeNewsKeralaഎൽഡിഎഫ് ഹർത്താലിനിടെ ഗവർണർ ഇന്ന് ഇടുക്കിയിൽ: കനത്ത സുരക്ഷ

എൽഡിഎഫ് ഹർത്താലിനിടെ ഗവർണർ ഇന്ന് ഇടുക്കിയിൽ: കനത്ത സുരക്ഷ

തൊടുപുഴ: എൽഡിഎഫ് ഹർത്താലിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ഇടുക്കിയിൽ. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതിയുടെ ഉദ്ഘാടനത്തിനാണ് ഗവർണർ തൊടുപുഴയിലെത്തുന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നിയമസഭ പാസ്സാക്കിയ ഭൂപതിവ് നിയമഭേദഗതി ബില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് എല്‍.ഡി.എഫ്. ഇടുക്കി ജില്ലാ കമ്മിറ്റി ഹര്‍ത്താല്‍ ആഹ്വാനംചെയ്തത്.

രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ ജില്ലയില്‍ എത്തുന്നതിന്റെ പശ്ചാത്തലംകൂടി കണക്കിലെടുത്താനാണ് ഹര്‍ത്താല്‍ നടത്തുന്നത്. ഗവർണറുടെ നടപടി ഇടുക്കിയിലെ ജനങ്ങളെ വെല്ലുവിളിക്കുന്നതാണെന്ന് സിപിഐഎം ആരോപിക്കുന്നു. ഭൂ-പതിവ് നിയമ ഭേദഗതി ബില്ലിൽ ഒപ്പുവെക്കാത്ത ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് ഇന്ന് രാജ്ഭവൻ മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. 

എസ്.എഫ്.ഐ. കരിങ്കൊടി കാണിക്കുമെന്ന് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിക്ക് സുരക്ഷ ശക്തമാക്കി. ഹര്‍ത്താലിനെത്തുടര്‍ന്ന് ജില്ലയില്‍ കടകളും കമ്പോളങ്ങളും അടഞ്ഞുകിടക്കുകയാണ്. ബസുകള്‍ ഓടുന്നില്ല. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷയും ഉള്‍പ്പെടെ റോഡിലിറങ്ങിയിട്ടുണ്ട്. എല്‍.ഡി.എഫ്. മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ല അതിര്‍ത്തികളില്‍ കരിങ്കൊടി പ്രതിഷേധം ഉണ്ടായേക്കുമെന്ന വിവരമുണ്ട്.

തൊടുപുഴയില്‍ എസ്.എഫ്.ഐ. ഗവര്‍ണര്‍ക്കെതിരെ കറുത്ത ബാനര്‍ ഉയര്‍ത്തി. ‘സംഘി ഖാന്‍, താങ്കള്‍ക്ക് ഇവിടെ സ്വാഗതമില്ല’ എന്ന് ഇംഗ്ലീഷിലെഴുതിയ ബാനറാണ് എസ്.എഫ്.ഐ. സ്ഥാപിച്ചത്. ജില്ലാ കമ്മിറ്റിയുടെ പേരിലാണ് ബാനര്‍. ഗവര്‍ണര്‍ക്കെതിരേ ചൊവ്വാഴ്ച രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്താന്‍ എല്‍.ഡി.എഫ്. ഇടുക്കി ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. എന്നാല്‍, ചൊവ്വാഴ്ചതന്നെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കുടുംബസുരക്ഷാ പദ്ധതിയുടെ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ ചൊവ്വാഴ്ച ജില്ലയിലെത്തുമെന്ന് അറിയിച്ചു. ഇതോടെയാണ് ജില്ലയില്‍ എല്‍.ഡി.എഫ്.ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പരിപാടിയിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതി. സിപിഐഎം-ഗവര്‍ണര്‍ പോരിനിടെയാണ് കാരുണ്യം പദ്ധതി ഉദ്ഘാടനത്തിനായി ഗവര്‍ണറെ വ്യാപാരി വ്യവസായി ഏകോപന സമിതി ക്ഷണിച്ചത്. അതേസമയം വേണ്ടിവന്നാല്‍ ഗവര്‍ണറുടെ പരിപാടിക്ക് സംരക്ഷണം നല്‍കുമെന്ന നിലപാടിലാണ് യുഡിഎഫ്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments