Saturday, July 27, 2024
HomeNewsNationalകടല്‍ക്കൊള്ളക്കാരില്‍നിന്ന് 19 പാക് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

കടല്‍ക്കൊള്ളക്കാരില്‍നിന്ന് 19 പാക് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ന്യൂഡല്‍ഹി: സൊമാലിയന്‍ കടല്‍കൊള്ളക്കാരില്‍ നിന്നും പാകിസ്താനി മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന. സൊമാലിയയുടെ കിഴക്കന്‍ തീരത്തുനിന്നാണ് 19 തൊഴിലാളകടങ്ങിയ അല്‍-നഈമി എന്ന മത്സ്യബന്ധനബോട്ടിനെ ഇന്ത്യയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് സുമിത്രയുടെ നേതൃത്വത്തിലാണ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞ 36 മണിക്കൂറിനിടെ ഐഎന്‍എസ് സുമിത്രയുടെ നേതൃത്വത്തില്‍ സുരക്ഷിതമായി പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ രക്ഷാപ്രവര്‍ത്തനമാണിത്.

സൊമാലിയയുടെ കിഴക്കന്‍ തീരത്തും ഏദന്‍ കടലിടുക്കിലും കപ്പലുകള്‍ക്കും മത്സ്യബന്ധന ബോട്ടുകള്‍ക്കും സുരക്ഷനല്‍കുന്നതിനായി പട്രോളിങിന് ഇന്ത്യ നിയോഗിച്ചിട്ടുള്ള യുദ്ധക്കപ്പലാണ് ഐഎന്‍എസ് സുമിത്ര. തിങ്കളാഴ്ച വൈകിട്ടോടെ ബോട്ട് ആക്രമിക്കപ്പെട്ടതായി വിവരം ലഭിച്ച ഉടന്‍തന്നെ ഇന്ത്യന്‍ നാവികസേനാ കപ്പല്‍ സ്ഥലത്തെത്തി. അല്‍-നഈമിയെ വളഞ്ഞ് കടല്‍ക്കൊള്ളക്കാരുമായി നാവിക സേനാംഗങ്ങള്‍ സംസാരിച്ചു.

ഇറാന്‍ പതാകവഹിച്ചിരുന്ന അല്‍-നഈമി ബോട്ടില്‍ സായുധരായ 11 കൊള്ളക്കാരാണ് ഉണ്ടായിരുന്നത്. ബന്ദികളെ വിട്ടയക്കണമെന്ന ഇന്ത്യന്‍ നാവികസേനയുടെ നിര്‍ബന്ധത്തിന് കൊള്ളക്കാര്‍ വഴങ്ങുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് ശേഷം അല്‍-നഈമി ബോട്ടിലെത്തി മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തിയ ശേഷമാണ് മടങ്ങിയത്.

ഇതിനുമുമ്പ് ഏദന്‍ ഉള്‍ക്കടലില്‍ ഇമാന്‍ എന്ന മത്സ്യബന്ധന ബോട്ടിനെയും കടല്‍ക്കൊള്ളക്കാര്‍ ആക്രമിച്ചിരുന്നു. ബോട്ടില്‍ നിന്നും സേവ് അവര്‍ ഷിപ് (എസ്.ഓ.എസ്.) സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഐഎന്‍എസ് സുമിത്ര രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബോട്ടിലുണ്ടായിരുന്ന 17 ഇറാന്‍ മത്സ്യത്തൊഴിലാളികളെയാണ് അന്ന് സേന രക്ഷപ്പെടുത്തിയത്.

ബോട്ടുകള്‍ തട്ടിയെടുത്ത് ചരക്ക് കപ്പലുകളെ ആക്രമിക്കാനുള്ള കടല്‍ക്കൊള്ളക്കാരുടെ നീക്കമാണ് ഇന്ത്യന്‍ നാവികസേന തടഞ്ഞതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ത്യന്‍ മഹാസമുദ്രമേഖലയില്‍ കടല്‍ക്കൊള്ള വിരുദ്ധ- സമുദ്ര സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഇന്ത്യന്‍ നാവിക സേനയുടെ പട്രോളിങിന്റെ ഭാഗമായാണ് രണ്ട് രക്ഷാപ്രവര്‍ത്തനങ്ങളും നടന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments