Saturday, July 27, 2024
HomeNewsജയപ്രകാശ് ഹെഗ്ഡെ ബി.ജെ.പി വിടുന്നു; ഉഡുപ്പി-ചിക്കമംഗളൂരു കോൺഗ്രസ് സ്ഥാനാർഥിയാകും

ജയപ്രകാശ് ഹെഗ്ഡെ ബി.ജെ.പി വിടുന്നു; ഉഡുപ്പി-ചിക്കമംഗളൂരു കോൺഗ്രസ് സ്ഥാനാർഥിയാകും

മംഗളൂരു: മുൻ മന്ത്രിയും കർണാടക പിന്നാക്ക വിഭാഗ കമീഷൻ മുൻ ചെയർമാനും മുൻ എം.പിയുമാ‍യ ജെ.പി. ഹെഗ്ഡെ എന്നറിയപ്പെടുന്ന ജയപ്രകാശ് ഹെഗ്ഡെ ബി.ജെ.പിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിലേക്ക്. ചൊവ്വാഴ്ച വൈകുന്നേരം നാലിന് ബംഗളൂരുവിൽ ചേരുന്ന ചടങ്ങിൽ കോൺഗ്രസ് അംഗത്വം സ്വീകരിക്കുമെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ‘മാധ്യമ’ത്തോട് പറഞ്ഞു.

അഭിഭാഷകനായ ഹെഗ്ഡെ വിദ്യാർഥി സംഘടന പ്രവർത്തനത്തിലൂടെ രാഷ്ട്രീയത്തിലേക്ക് വന്ന നേതാവാണ്.ഉഡുപ്പി ജില്ലയിലെ ബ്രഹ്മാവർ മണ്ഡലത്തിൽ നിന്ന് 1994ൽ ജനതാദൾ സ്ഥാനാർഥിയായും 1999ലും 2004ലും സ്വതന്ത്രനായും മത്സരിച്ച് നിയമസഭയിൽ എത്തിയിരുന്നു. തുറമുഖ-ഫിഷറീസ് മന്ത്രിയായി പ്രവർത്തിച്ചു. അവിഭക്ത ദക്ഷിണ കനറ ജില്ല വിഭജിച്ച് ഉഡുപ്പി, ദക്ഷിണ കന്നട രൂപവത്കരണ ദൗത്യത്തിന് നേതൃത്വം നൽകിയ ജെ.പി. ഹെഗ്ഡെക്ക് ഉഡുപ്പി ജില്ല സ്ഥാപകൻ എന്ന ഖ്യാതിയുണ്ട്.

1997ൽ ജില്ല വിഭജനത്തിന് പിന്നാലെ ബ്രഹ്മാവർ മണ്ഡലവും ഭേദിക്കപ്പെട്ടിരുന്നു. ഇതോടെ കോൺഗ്രസിൽ ചേർന്ന ഹെഗ്ഡെ 2012 ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഉഡുപ്പി -ചിക്കമംഗളൂരു മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി ലോക്സഭയിലെത്തിയിരുന്നു.

ഓസ്കാർ ഫെർണാണ്ടസിന്‍റെ നിലപാടുകളുമായി പൊരുത്തപ്പെടാതെ സ്വതന്ത്ര സമീപനം സ്വീകരിച്ച ഹെഗ്ഡെയെ 2015 ഡിസംബർ 14ന് അച്ചടക്ക ലംഘനം ആരോപിച്ച് കോൺഗ്രസിൽ നിന്ന് ആറ് വർഷത്തേക്ക് പുറത്താക്കിയിരുന്നു. ഇതേത്തുടർന്നാണ് ബി.ജെ.പിയിൽ ചേർന്നത്. ബി.ജെ.പി സർക്കാർ പിന്നാക്ക വിഭാഗ കമീഷൻ ചെയർമാൻ സ്ഥാനം നൽകി.

ആസന്നമായ ലോക്സഭ തെരഞ്ഞെടുപ്പിൽ 72കാരനായ ഹെഗ്ഡെ ഉഡുപ്പി -ചിക്കമംഗളൂരു മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയാവും എന്നാണ് സൂചന. 2014ൽ ഈ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച ഹെഗ്ഡെ ബി.ജെ.പിയുടെ ശോഭ കാറന്ത്ലാജെയോട് പരാജയപ്പെട്ടിരുന്നു.

കേന്ദ്ര കൃഷി സഹമന്ത്രിയായ ശോഭയെ മൂന്നാമതും സ്ഥാനാർഥിയാക്കുന്നതിനെതിരെ ബി.ജെ.പിയിൽ പ്രതിഷേധം ഉയരുന്ന സാഹചര്യമാണ് ഉഡുപ്പി -ചിക്കമംഗളൂരു മണ്ഡലത്തിലുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments