Saturday, July 27, 2024
HomeNewsബിജെപി സർക്കാർ ഭൂരിപക്ഷം തെളിയിക്കണം; ജെജെപി ഗവണർക്ക് കത്ത് നൽകി

ബിജെപി സർക്കാർ ഭൂരിപക്ഷം തെളിയിക്കണം; ജെജെപി ഗവണർക്ക് കത്ത് നൽകി

ചണ്ഡീഗഢ്: ഹരിയാനയിൽ ബിജെപി സർക്കാർ വിശ്വാസം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് ജെജെപി (ജൻനായക് ജനതാ പാർട്ടി) ഗവണറെ സമീപിച്ചു. ജെജെപി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗടാലയാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഗവർണർക്കു കത്തുനൽകിയത്. സർക്കാരിനെതിരെ കോൺഗ്രസ്  പ്രമേയം കൊണ്ടുവരികയാണെങ്കിൽ പിന്തുണക്കുമെന്ന് ദുഷ്യന്ത് ചൗട്ടാല നേരത്തെ വ്യക്തമാക്കിയിരുന്നു. 

പിന്തുണച്ചിരുന്ന ഏഴ് സ്വതന്ത്ര എംഎൽഎമാരിൽ മൂന്നുപേർ പിന്തുണ പിൻവലിച്ചതോടെയാണ് നയാബ് സിങ് സൈനി സർക്കാരിൻ്റെ നിലനിൽപ്പ്‌ തുലാസിലായത്. ഇതിന് പിന്നാലെയാണ് ജെജെപിയും ബിജെപിയ്ക്കെതിരെ രം​ഗത്തെത്തിയത്. 

90 അംഗ നിയമസഭയിൽ നിലവിൽ 88 അംഗങ്ങളാണുള്ളത്. ബിജെപിക്ക്‌ 40 എംഎൽഎമാരുണ്ടായിരുന്നു. പത്തു സീറ്റുള്ള ജെജെപിയുടെയും സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ബിജെപി സർക്കാർ രൂപീകരിച്ചത്. ലോക്‌സഭാ സീറ്റ്‌ വിഭജനവുമായി ബന്ധപ്പെട്ട്‌ ജെജെപി ഭരണസഖ്യം വിട്ടു. ജെജെപി ഇടഞ്ഞതോടെ മാർച്ചിൽ മനോഹർലാൽ ഖട്ടർ മുഖ്യമന്ത്രി പദവിയും കർണാൽ എംഎൽഎ സ്ഥാനവും രാജിവച്ചിരുന്നു. ഇതോടെ ബിജെപി എംഎൽഎമാരുടെ എണ്ണം 39 ആയി. മൂന്ന്‌ സ്വതന്ത്രരുംകൂടി പിന്മാറിയതോടെ ബിജെപിയുടേത് ന്യൂനപക്ഷ സർക്കാരായി. 

കർണാലിൽനിന്ന്‌ ഉപതെരഞ്ഞെടുപ്പ്‌ നേരിടാൻ പുതിയ മുഖ്യമന്ത്രി നായബ് സിങ്‌ സൈനി തയ്യാറെടുക്കവെയാണ് തിരിച്ചടി. ജെജെപി ഹരിയാനയിലെ 10 ലോക്‌സഭാ സീറ്റിലും കർണാൽ നിയമസഭാ ഉപതെരഞ്ഞെടുപ്പിലും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. ​ആറാംഘട്ടത്തിൽ ഒറ്റത്തവണയായി മെയ് 25നാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments