Saturday, July 27, 2024
HomeNewsKeralaആനയെ മയക്കുവെടി വച്ച് പിടികൂടും, മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടുണ്ട്: ജനങ്ങളോട് സഹകരിക്കണമെന്ന് അഭ്യർത്ഥിച്ച് വനംമന്ത്രി

ആനയെ മയക്കുവെടി വച്ച് പിടികൂടും, മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടുണ്ട്: ജനങ്ങളോട് സഹകരിക്കണമെന്ന് അഭ്യർത്ഥിച്ച് വനംമന്ത്രി

വയനാട്: പടമലയിൽ മദ്ധ്യവയസ്കനായ അജീഷ് കുമാറിനെ ചവിട്ടിക്കൊന്ന കാട്ടാനയെ ഉടൻ മയക്കുവെടി വയ്‌ക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. മനുഷ്യസാദ്ധ്യമായതെല്ലാം ചെയ്യുന്നുണ്ട്. വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് കാര്യങ്ങൾ മുന്നോട്ട് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ ജനങ്ങളോട് സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

അസാധാരണണായ സംഭവവികാസങ്ങളാണ് വയനാട്ടിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കാട്ടാന ഒരു ചെറുപ്പക്കാരനെ ചവിട്ടിക്കൊന്നുവെന്നത് അങ്ങേയറ്റം വേദനാജനകവും ഉത്കണ്ഠയ്‌ക്ക് വകവയ്‌ക്കുന്നതുമാണ്. ജില്ലാ കളക്ടറും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ജനങ്ങളോട് സംസാരിക്കാൻ തയ്യാറാണ്. പക്ഷേ, ജനങ്ങൾ അതിന് അനുവദിക്കുന്നില്ല. അടിയന്തരമായി കാട്ടാനയെ മയക്കുവെടിവയ്‌ക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാനുള്ള നടപടികൾ വനംവകുപ്പ് ആരംഭിച്ച് കഴിഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് തണ്ണീർക്കൊമ്പനെ വെടിവച്ചതുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഒരു ഹിയറിംഗ് നടത്തിവരികയാണ്. ഇക്കാരണത്താൻ തന്നെ ഹൈക്കോടതിയെ അറിയിച്ച ശേഷം നടപടികൾ സ്വീകരിക്കാമെന്ന നിലപാടിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ.’ – വനംമന്ത്രി പറഞ്ഞു.

‘ഒന്നര മണിക്കൂറിനുള്ളിൽ തന്നെ ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. റേഡിയോ കോളറിൽ നിന്ന് സിഗ്‌നൽ ലഭിക്കാൻ മൂന്ന് മണിക്കൂറോളം വൈകിയത് പ്രതിരോധ പ്രവർത്തനത്തെ ബാധിച്ചു. മനുഷ്യസാദ്ധ്യമായ എല്ലാം ഞങ്ങൾ ചെയ്യുന്നുണ്ടെന്ന് വയനാട്ടുകാരെ അറിയിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസും ഇക്കാര്യത്തിൽ ഇടപെട്ടിട്ടുണ്ട്. കോടതിയും ജനങ്ങളും വനംവകുപ്പിനെ വിമർശിക്കുകയാണ്. ഇത് ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസത്തെ ബാധിക്കും. പുതിയ പ്രോട്ടോക്കോൾ ഉണ്ടാക്കിയാൽ മാത്രമേ മുന്നോട്ടുള്ള കാര്യങ്ങൾ സുഗമമായി പോവുകയുള്ളു. മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളെ എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. ജനങ്ങൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. ‘ – മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, കാട്ടാനയെ നിരീക്ഷിക്കുന്നതിൽ വനം വകുപ്പിന് ഗുരുതര വീഴ്ച പറ്റിയെന്ന് പറഞ്ഞ് പ്രതിഷേധിക്കുകയാണ് നാട്ടുകാർ. പുലർച്ചെ നാല് മണി മുതൽ ജനവാസ മേഖലയിൽ ആനയുണ്ടായിട്ടും വനം വകുപ്പ് നാട്ടുകാർക്ക് യാതൊരു മുന്നറിയിപ്പും നൽകിയിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല പനച്ചിയിൽ സ്വദേശി അജീഷ് കുമാറിന്റെ മൃതദേഹവുമായാണ് നാട്ടുകാർ മാനന്തവാടി ടൗണിൽ പ്രതിഷേധിക്കുന്നത്.

കോഴിക്കോട്, മൈസൂരു, തലശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലേക്കുളള റോഡുകൾ ഉപരോധിച്ചാണ് നാട്ടുകാ‌ർ പ്രതിഷേധം നടത്തുന്നത്. മാനന്തവാടി മെഡിക്കൽ കോളേജിലേക്കെത്തിയ എസ്‌പി ടി നാരായണനെ നാട്ടുകാർ വഴിയിൽ തടഞ്ഞു. ആശുപത്രിയിലേക്ക് നടന്നുപോകാൻ എസ്‌പിയോട് നാട്ടുകാർ ആവശ്യപ്പെട്ടു. പ്രതിഷേധ സ്ഥലത്തേക്ക് ജില്ലാ കളക്ടർ രേണു രാജുവും പൊലീസ് സംഘവും എത്തിയിട്ടുണ്ട്. വിവിധ രാഷ്ട്രീയ പാർട്ടികൾ നാട്ടുകാരെ അനുനയിപ്പിക്കാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല. സംഭവത്തെ തുടർന്ന് നാല് താലൂക്കുകളിലായി നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments