Friday, April 19, 2024
HomeEntertainmentഞാൻ ദൈവ വിശ്വാസി: 'അന്നപൂരണി' വിവാദത്തിൽ മാപ്പുപറഞ്ഞ് നയൻതാര

ഞാൻ ദൈവ വിശ്വാസി: ‘അന്നപൂരണി’ വിവാദത്തിൽ മാപ്പുപറഞ്ഞ് നയൻതാര

അന്നപൂരണി’ ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മാപ്പ് പറഞ്ഞ് ലേഡി സൂപ്പർസ്റ്റാർ നയൻതാര. സോഷ്യൽ മീഡിയയിൽ വിവിധ ഭാഷകളിലായിട്ടാണ് ക്ഷമ ചോദിച്ചുകൊണ്ടുള്ള കുറിപ്പ് പങ്കുവച്ചത്. താൻ ദൈവ വിശ്വാസിയാണെന്നും ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും കുറിപ്പിൽ പറയുന്നു. ജയ് ശ്രീറാം എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്. ആരുടെയും വിശ്വാസത്തെ ഹനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും, പ്രതിസന്ധികളിൽ തളരാതെ മുന്നോട്ടുപോകാമെന്ന സന്ദേശമാണ് സിനിമ നൽകുന്നതെന്നും നടി കുറിച്ചു.

സെൻസർ ബോർഡ് അംഗീകാരം നൽകിയ സിനിമ ഒടിടി പ്ലാറ്റ്‌ഫോമിൽ നിന്ന് പിൻവലിച്ചത് തങ്ങളെ അത്ഭുതപ്പെടുത്തിയെന്നും താരം വ്യക്തമാക്കി. ഏതെങ്കിലും തരത്തിൽ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും കുറിപ്പിൽ പറയുന്നു. ചിത്രത്തിൽ ക്ഷേത്ര പൂജാരിയുടെ മകളായ അന്നപൂരണി രംഗരാജൻ എന്ന കഥാപാത്രത്തെയാണ് നായൻതാര അവതരിപ്പിച്ചത്. ശ്രീരാമൻ മാംസഭുക്ക് ആയിരുന്നുവെന്ന് നായകൻ പറയുന്ന ഭാഗമാണ് വിവാദമായത്.

കൂടാതെ ബിരിയാണി തയ്യാറാക്കുന്നതിന് മുൻപ് നായിക നിസ്‌കരിക്കുന്നുണ്ട്. ചിത്രം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു വെന്നും പരാതി ഉയർന്നിരുന്നു. ഹെെന്ദവ സംഘടകളുടെ പ്രതിഷേധത്തിന് പിന്നാലെ ചിത്രം നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കി. ഡിസംബർ ഒന്നിന് തിയേറ്ററിലെത്തിയ അന്നപൂരണി ഡിസംബർ 29നാണ് നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്തത്. നയൻതാരയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

അന്നപൂരണി’ എന്ന എന്റെ സിനിമ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചർച്ചാവിഷയമായതിനെക്കുറിച്ചാണ് താൻ ഈ പ്രസ്താവന നടത്തുന്നതെന്ന് നയൻതാര പറഞ്ഞു. ഹൃദയഭാരത്തോടെയും ആത്മാഭിമാനത്തോടെയുമാണ് ഈ കുറിപ്പെഴുതുന്നത്. ‘അന്നപൂരണി’ എന്ന സിനിമയെടുത്തത് വെറുമൊരു കച്ചവട ലക്ഷ്യത്തോടെയല്ല. അതിലുപരി ഒരു നല്ല ആശയം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമമായാണ്. നിശ്ചയദാർഢ്യത്തോടെ പോരാടിയാൽ എന്തും നേടാം എന്ന രീതിയിലാണ് അന്നപൂരണി സിനിമ ഒരുക്കിയതെന്നും അവർ വ്യക്തമാക്കി.

‘അന്നപൂരണിയിലൂടെ ഒരു പോസിറ്റീവ് സന്ദേശം പകരാൻ ഞങ്ങൾ ആഗ്രഹിച്ചെങ്കിലും അത് ചിലരുടെ മനസ്സിനെ വേദനിപ്പിച്ചതായി ഞങ്ങൾക്ക് തോന്നി. മനപൂർവമായിരുന്നില്ല അത്. സെൻസർ ബോർഡ് സാക്ഷ്യപ്പെടുത്തുകയും തിയേറ്ററിൽ റിലീസ് ചെയ്യുകയും ചെയ്ത ഒരു സിനിമ OTT-യിൽ നിന്ന് നീക്കം ചെയ്‌തത് ഞങ്ങളെ അതിശയിപ്പിച്ചു. ആരുടേയും വികാരം വ്രണപ്പെടുത്താൻ എനിക്കും എന്റെ ടീമിനും ഉദ്ദേശമില്ല. കൂടാതെ ഈ വിഷയത്തിന്റെ ​ഗൗരവം എത്രമാത്രമുണ്ടെന്ന് ഞങ്ങൾക്കെല്ലാവർക്കും അറിയാം.

എല്ലാ ആരാധനാലയങ്ങളും സന്ദർശിക്കുന്ന ദൈവവിശ്വാസിയായ ഞാൻ ഒരിക്കലും മനഃപൂർവ്വം ഇത് ചെയ്യുമായിരുന്നില്ല. അതിനപ്പുറം, ഏതെങ്കിലും തരത്തിൽ നിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം. മറ്റുള്ളവരെക്കൂടി പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണ് അന്നപൂരണിയുടെ യഥാർത്ഥ ലക്ഷ്യം, അല്ലാതെ കുറ്റപ്പെടുത്തലല്ല. പോസിറ്റീവ് ചിന്തകൾ പ്രചരിപ്പിക്കാനും മറ്റുള്ളവരിൽ നിന്ന് നല്ല കാര്യങ്ങൾ പഠിക്കാനും മാത്രമാണ് ഈ 20 വർഷത്തെ സിനിമാ യാത്രയുടെ ഉദ്ദേശം എന്ന് ഒരിക്കൽ കൂടി ഇവിടെ സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു’ എന്ന് നയൻ‌താര കുറിപ്പിൽ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments