Saturday, July 27, 2024
HomeNewsNationalഇന്ത്യ മുന്നണിക്ക് തിരിച്ചടി: ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത ബാനർജി

ഇന്ത്യ മുന്നണിക്ക് തിരിച്ചടി: ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത ബാനർജി

കൊല്‍ക്കത്ത: ബംഗാളിലെ 42 സീറ്റുകളിലും ഒറ്റയ്ക്കു മത്സരിക്കുമെന്ന പ്രഖ്യാപന വുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ‘ഇന്ത്യ’ മുന്നണിയിലെ സീറ്റ് വിഭജന ചർച്ചകൾ സംബന്ധിച്ച് കോൺഗ്രസുമായി യോജിപ്പിലെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് മമതയുടെ പ്രഖ്യാപനം. തിരഞ്ഞെടുപ്പു ഫലത്തിനുശേഷം മുന്നണിയിൽ ചേരുന്നത് സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും മമത വ്യക്തമാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമില്ല. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി തുടരുമെന്ന് അറിയിച്ച മമത ബംഗാളില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ തന്റെ പാര്‍ട്ടിക്കാകുമെന്നും വ്യക്തമാക്കി. സീറ്റ് വിഭജനത്തിന്റെ കാര്യത്തിൽ ഇന്ത്യ സഖ്യത്തിനുണ്ടായിരുന്ന പ്രതീക്ഷകൾക്കേറ്റ പ്രഹരമായി മാറിയിരിക്കുകയാണ് ഈ പ്രഖ്യാപനം.

ഞാന്‍ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയിട്ടില്ല. ബംഗാളില്‍ ഞങ്ങള്‍ ഒറ്റയ്ക്ക് പോരാടുമെന്ന് ഞാന്‍ എപ്പോഴും പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ ഒരു മതേതര പാര്‍ട്ടിയാണ്, ബംഗാളില്‍ ഞങ്ങള്‍ ഒറ്റയ്ക്ക് ബിജെപിയെ പരാജയപ്പെടുത്തും’ മമത പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസുമായി സീറ്റ് ചർച്ച നടക്കുന്നുണ്ടെന്ന് രാഹുൽ ഗാന്ധി ഇന്നലെ ഭാരത് ജോ‌ഡോ ന്യായ് യാത്രയിൽ പറഞ്ഞതിന് പിന്നാലെയാണ് മമത നിലപാട് വ്യക്തമാക്കിയത്. 

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ബംഗാളില്‍ വരുന്ന കാര്യം തന്നെ അറിയിച്ചില്ലെന്നും മമത പരിതപിച്ചു.’അവര്‍ ബംഗാളില്‍ റാലി നടത്തുന്നു, പക്ഷേ എന്നെ അറിയിച്ചില്ല. ഞാന്‍ ഇന്ത്യ മുന്നണിയുടെ ഭാഗമല്ലേ, ദീദി ഞാന്‍ നിങ്ങളുടെ സംസ്ഥാനത്തേക്ക് വരുന്നുവെന്ന് അവര്‍ എന്നെ അറിയിക്കണമായിരുന്നു. ഞാന്‍ മതേതര പാര്‍ട്ടിയാണ്. ബിജെപിയെ പരാജയപ്പെടുത്താന്‍ ആവുന്നതെല്ലാം ചെയ്യും’ മമത പറഞ്ഞു.

കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തില്‍ പശ്ചിമബംഗാളിലെ 42 സീറ്റുകളിലും ടി.എം.സി. തനിച്ചു മത്സരിക്കുമെന്ന് മമതാ ബാനര്‍ജി വ്യക്തമാക്കിയിരുന്നു. നേരത്തേ രണ്ട് സിറ്റിങ് സീറ്റുകള്‍മാത്രം കോണ്‍ഗ്രസിന് വിട്ടുനല്‍കാമെന്നായിരുന്നു മമതയുടെ നിലപാട്.

രണ്ട് സിറ്റിങ് സീറ്റുകള്‍ മമത വെച്ചുനീട്ടുന്നതിനോട് യോജിപ്പില്ലെന്ന് ബംഗാളിലെ കോണ്‍ഗ്രസ് നേതൃത്വവും വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസിലെ മുകുള്‍ വാസ്‌നികിന്റെ നേതൃത്വത്തിലുള്ള സഖ്യസമിതി തൃണമൂല്‍ അടക്കമുള്ള കക്ഷികളുമായി ചര്‍ച്ചകള്‍ തുടരാനിരിക്കെയാണ് മമതയുടെ പ്രതികരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments