Saturday, July 27, 2024
HomeNewsNationalമഥുര ഷാഹി ഈദ്ഗാഹ് പള്ളിയിലെ സർവേ തടഞ്ഞ് സുപ്രീം കോടതി

മഥുര ഷാഹി ഈദ്ഗാഹ് പള്ളിയിലെ സർവേ തടഞ്ഞ് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഉത്തർപ്രദേശിലെ മഥുര കൃഷ്ണജന്മഭൂമി ക്ഷേത്രത്തോടു ചേർന്നുള്ള ഷാഹി ഈദ്ഗാഹിലെ സര്‍വെ സ്റ്റേ ചെയ്തു സുപ്രീംകോടതി. പള്ളിയിൽ സർവേ നടത്താൻ കമ്മീഷണറെ നിയമിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവാണ് നിലവിൽ സുപ്രീംകോടതി സ്‌റ്റേ ചെയ്തത്. ഷാഹി ഈദ്ഗാഹ് പള്ളിയെ കൃഷ്ണ ജന്മഭൂമിയായി പ്രഖ്യാപിക്കണമെന്ന ഹർജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. ഷാഹി ഈദ്ഗാഹ് പരിസരത്ത് കോടതിയുടെ മേൽനോട്ടത്തിൽ സർവേ നടത്താനായിരുന്നു അലഹാബാദ് ഹൈക്കോടതി അനുമതി നൽകിയത്. ഇതിന് മേൽനോട്ടം വഹിക്കാൻ ഒരു അഭിഭാഷക കമ്മിഷനെ നിയമിക്കാനും തീരുമാനിച്ചിരുന്നു. മൂന്ന് അഭിഭാഷകരെയായായിരുന്നു നിയോഗിച്ചത്.

പള്ളിയില്‍ ഹിന്ദു ക്ഷേത്രത്തിന്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ടെന്നും യഥാര്‍ഥ സ്ഥാനമറിയാന്‍ അഭിഭാഷക കമ്മീഷനെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ശ്രീകൃഷ്ണ ജന്‍മഭൂമി ക്ഷേത്രവുമായി ബന്ധപ്പെട്ട ഹൈന്ദവ വിഭാഗം കോടതിയെ സമീപിച്ചത്. നേരത്തെ കാശി വിശ്വനാഥ ക്ഷേത്രത്തിനോടുചേര്‍ന്നുള്ള ഗ്യാന്‍വാപിപള്ളി സമുച്ചയത്തില്‍ നടത്തിയ സര്‍വേയുടെ മാതൃകയിലുള്ള പരിശോധനയാകും ഷാഹി ഈദ്ഗാഹിലും നടക്കുകയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

മഥുരയിലെ ശ്രീകൃഷ്ണജന്മഭൂമി ക്ഷേത്രത്തോടുചേര്‍ന്നാണ് ഷാഹി ഈദ്ഗാഹ് മസ്ജിദ്. 13.37 ഏക്കര്‍ വരുന്ന ശ്രീകൃഷ്ണജന്മഭൂമിയിലെ കത്ര കേശവ്‌ദേവ് ക്ഷേത്രം തകര്‍ത്താണ് മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് 1669-70 കാലത്ത് ഷാഹി ഈദ്ഗാഹ് പണിതതെന്നാണ് ഹിന്ദു വിഭാഗത്തിന്റെ അവകാശവാദം. ‘ഹിന്ദു ക്ഷേത്രങ്ങളുടെ സവിശേഷതയായ താമരയുടെ ആകൃതിയിലുള്ള സ്തംഭം മസ്ജിദ് പരിസരത്തുണ്ട്. സർപ്പരാജാവായ ശേഷനാഗത്തിന്റെ രൂപവും അവിടെയുണ്ട്. തൂണിന്റെ ചുവട്ടിൽ ഹിന്ദുമത ചിഹ്നങ്ങളും കൊത്തുപണികളും കാണാമെന്നും ഹർജിയിൽ അവകാശപ്പെടുന്നു.

പള്ളിസമുച്ചയം അവിടെനിന്ന് മാറ്റി ആരാധനയ്ക്ക് അവസരം നല്‍കണമെന്നതാണ് അവരുടെ ആവശ്യം. എന്നാൽ, 1991-ലെ ആരാധനാലയസംരക്ഷണനിയമം ചൂണ്ടിക്കാട്ടി ഹർജി തള്ളാൻ മുസ്‍ലിംപക്ഷം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. 1947 ഓഗസ്റ്റ്‌ 15-ന് ഉണ്ടായിരുന്നതുപോലെ ഏതൊരു ആരാധനാലയത്തിന്റെയും മതപരമായ പദവിയും തത്‍സ്ഥിതിയും നിലനിർത്തണമെന്നാണ് ഈ നിയമം പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments