Saturday, July 27, 2024
HomeNewsKeralaലാവലിന്‍ കേസ് വീണ്ടും മാറ്റി: അന്തിമവാദം മേയ് ഒന്നിന്

ലാവലിന്‍ കേസ് വീണ്ടും മാറ്റി: അന്തിമവാദം മേയ് ഒന്നിന്

ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി. മുതിർന്ന അഭിഭാഷകർക്ക് വക്കാലത്ത് മാറ്റാൻ സമയം അനുവദിച്ചു കൊണ്ടാണ് കേസ് വീണ്ടും മാറ്റിയത്. 31-ാം തവണയാണ് കേസ് സുപ്രീംകോടതിയില്‍ ചൊവ്വാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്തിരുന്നത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഇപ്പോള്‍ ലാവലിന്‍ കേസ് കേള്‍ക്കുന്നത്.

ഇതിനുമുമ്പ് ഒക്ടോബര്‍ 31-നാണ് അവസാനമായി കേസ് പരിഗണിച്ചത്. 38-ാം തവണയാണ് കേസ് പരിഗണിക്കുന്നത് കോടതി മാറ്റുന്നത്. കേസ് 30ലധികം തവണ മാറ്റിവെച്ചതാണെന്നും കേസ് നീട്ടുന്നത് അനീതിയാണെന്നും കോടതിയിൽ ഹാജരായ കക്ഷികളിൽ ഒരാൾ ചൂണ്ടിക്കാട്ടി. കേസ് വാദിക്കാൻ താൽപര്യമില്ലെന്ന് ഒരു കക്ഷിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോൾ, കോടതി ഏത് സമയത്ത് പറഞ്ഞാലും വാദിക്കാൻ തയാറാണെന്ന് സി.ബി.ഐയും വ്യക്തമാക്കി.

കേസില്‍ മേയ് ഒന്നിന് സുപ്രീംകോടതി അന്തിമവാദം കേള്‍ക്കും. സുപ്രീംകോടതി നിശ്ചയിക്കുന്ന ദിവസം കേസില്‍ വാദമുന്നയിക്കാന്‍ തയ്യാറെന്ന് സി.ബി.ഐ. കോടതിയെ അറിയിച്ചു. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് സി.ബി.ഐക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു സുപ്രീംകോടതിക്ക് മുമ്പാകെ ആവശ്യമുന്നയിച്ചു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കോടതി വാദം കേള്‍ക്കണമെന്നാണ് ആവശ്യം.

കേസില്‍ സി.ബി.ഐക്ക് താത്പര്യമില്ലെന്ന് വി.എം. സുധീരനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദേവദത്ത് കാമത്ത് കോടതിയില്‍ പറഞ്ഞു. ഇതിന് മറുപടിയായാണ് കേസിനെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് എസ്.വി. രാജു അറിയിച്ചത്. ജൂലൈയില്‍ അന്തിമവാദം കേള്‍ക്കലിന് മാറ്റിവെക്കാമെന്നായിരുന്നു സുപ്രീംകോടതി അറിയിച്ചത്. ഇതേത്തുടര്‍ന്നാണ് മാര്‍ച്ചിലോ ഏപ്രിലോ കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത്.

മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ വകുപ്പ് സെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റമുക്തരാക്കിയ 2017ലെ ഹൈകോടതി വിധിക്കെതിരെയുള്ള സി.ബി.ഐയുടെ ഹരജിയും ഹൈകോടതി ഉത്തരവു പ്രകാരം വിചാരണ നേരിടേണ്ട വൈദ്യുതി ബോർഡ് മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി. രാജശേഖരൻ നായർ, ബോർഡ് മുൻ ചെയർമാൻ ആർ. ശിവദാസൻ, മുൻ ചീഫ് എൻജിനീയർ കസ്‌തൂരിരംഗ അയ്യർ എന്നിവർ ഇളവ് വേണമെന്ന് ആവശ്യപ്പെടുന്ന ഹരജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.

2017 ആഗസ്റ്റ് 23നാണ് ലാവലിൻ കേസിൽ പിണറായി വിജയൻ, ഉദ്യോസ്ഥരായിരുന്ന കെ. മോഹനചന്ദ്രൻ, കെ. ഫ്രാൻസിസ് എന്നിവരെ കേരള ഹൈകോടതി കുറ്റമുക്തരാക്കി വിധി പുറപ്പെടുവിച്ചത്. കൂടാതെ, ഉദ്യോസ്ഥരായിരുന്ന കസ്തൂരിരങ്ക അയ്യർ, എം.വി. രാജഗോപാൽ, ആർ. ശിവദാസൻ എന്നിവർ വിചാരണ നേരിടണമെന്നും കോടതി വിധിച്ചു.

ഹൈകോടതി വിധി ചോദ്യം ചെയ്ത് 2017 ഡിസംബർ 19നാണ് സി.ബി.ഐ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചത്. വിധിക്കെതിരെ കസ്തൂരിരംഗ അയ്യർ അടക്കമുള്ളവർ നൽകിയ അപ്പീലിൽ വിചാരണ നേരിടണമെന്ന ഉത്തരവ് സുപ്രീംകോടതി ഭാഗികമായി സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെ കേസ് വാദം കേൾക്കുന്നത് നിരവധി തവണ മാറ്റിയിരുന്നു.

പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കനേഡിയൻ കമ്പനിയായ എസ്.എൻ.സി. ലാവലിനുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചെന്നുമാണ് കേസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments