Saturday, July 27, 2024
HomeNewsപൊതു ഇടങ്ങളിലെ ചാർജിംഗ് പോയിൻ്റുകൾ ഉപയോഗിക്കരുത്; ജ്യൂസ് ജാക്കിംഗ് സംഭവിക്കുമെന്ന് കേരള പൊലീസ് മുന്നറിയിപ്പ്

പൊതു ഇടങ്ങളിലെ ചാർജിംഗ് പോയിൻ്റുകൾ ഉപയോഗിക്കരുത്; ജ്യൂസ് ജാക്കിംഗ് സംഭവിക്കുമെന്ന് കേരള പൊലീസ് മുന്നറിയിപ്പ്

പൊതുസ്ഥലങ്ങളിൽ നൽകിയിരിക്കുന്ന സൗജന്യ ചാർജിംഗ് പോയിൻ്റുകൾ വഴി ഹാക്കർമാർക്ക് നിങ്ങളുടെ ഡാറ്റ ചോർത്താൻ കഴിയും. ഇത്തരം പൊതുചാർജ്ജിംഗ് പോയിന്റുകളിൽ നിന്ന് ഉപകരണങ്ങൾ ചാർജ് ചെയ്യുമ്പോൾ ഡാറ്റ അപഹരിക്കപ്പെടുന്നതാണ് ജ്യൂസ് ജാക്കിംഗ് എന്നറിയപ്പെടുന്നത്. ജ്യൂസ് ജാക്കിംഗിനെ കുറിച്ച് വിശദമായ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേരള പൊലീസ്.

വിമാനത്താവളങ്ങൾ, ബസ് സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ, പാർക്കുകൾ, മാളുകൾ എന്നിവിടങ്ങളിലെ സൗജന്യ ചാർജിംഗ് പോയിന്റുകൾ ഹാക്കർമാർ ലക്ഷ്യമിടുന്നു. ചാർജിംഗിനായുള്ള യുഎസ്ബി പോർട്ടുകളും പ്രീപ്രോഗ്രാം ചെയ്ത ഡാറ്റ കേബിളും വിവരങ്ങൾ ചോർത്തുന്നതിന് ഉപയോഗിക്കുന്നു.

പൊതുചാർജിംഗ് സ്റ്റേഷനിൽ മാൽവെയറുകൾ ലോഡുചെയ്യുന്നതിന് തട്ടിപ്പുകാർ ഒരു യു.എസ്.ബി കണക്ഷനാണ് ഉപയോഗിക്കുന്നത്. അല്ലെങ്കിൽ, മാൽവെയർബന്ധിതമായ കണക്ഷൻ കേബിൾ മറ്റാരോ മറന്നുവെച്ച രീതിയിൽ ചാർജ്ജിംഗ് സ്റ്റേഷനിൽ പ്ലഗ് ഇൻ ചെയ്തിരിക്കും. മറ്റുള്ളവർ ഇതുപയോഗിച്ച് ചാർജ്ജ് ചെയ്യുമ്പോൾ ജ്യൂസ് ജാക്കിംഗ് സംഭവിക്കുന്നു.

ഇതിന് ഇരയാകുന്നവർ പലരും ഇതിനെപ്പറ്റി ബോധവാന്മാരല്ല. മൊബൈൽ ഫോണിന്റെ ചാർജിംഗിനും ഡാറ്റാ കൈമാറ്റത്തിനും ഒരേ കേബിൾ തന്നെ ഉപയോഗിക്കാൻ തുടങ്ങിയതു മുതലാണ് പ്രധാനമായും ഇത്തരം തട്ടിപ്പ് അരങ്ങേറുന്നത്. ബാങ്കിംഗിനായി ഉപയോഗിക്കുന്ന പാസ്‌വേഡുകൾ, സോഷ്യൽ മീഡിയ പ്രൊഫൈലുകൾ, വ്യക്തിഗത ഡാറ്റ എന്നിവ ഹാക്കർമാർ ചോർത്തുകയും വ്യക്തിഗത അക്കൗണ്ടുകളിലേക്ക് പ്രവേശനം നേടുകയും ചെയ്യുന്നു. പാസ്‌വേഡുകൾ റീസെറ്റ് ചെയ്‌ത് ഉപകരണത്തിൽ നിന്ന് യഥാർത്ഥ ഉടമയെ ലോഗ് ഔട്ട് ചെയ്യിച്ച ശേഷം സ്വകാര്യ ഡാറ്റ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യുകയാണ് പ്രവർത്തനരീതി.

ജ്യൂസ്ജാക്കിംഗ് ആക്രമണങ്ങളിൽ, ഉപയോക്താവ് തന്റെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കപ്പെട്ടതായി അറിയുന്നില്ല. ഇത്തരം തട്ടിപ്പുകൾക്കെതിരെ നാം സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയാണെന്നു നോക്കാം. പൊതു ചാർജ്ജിംഗ് പോയിന്റുകളിൽ നിന്ന് ചാർജ്ജ് ചെയ്യുമ്പോൾ നിങ്ങളുടെ ഫോൺ, ടാബ് മുതലായവ സ്വിച്ച് ഓഫ് ചെയ്യുക. ഫോൺ ചാർജ്ജ് ചെയ്തുകൊണ്ടിരിക്കുമ്പോൾ പറ്റേൺ ലോക്ക്, വിരലടയാളം, പാസ്സ് വേഡ് തുടങ്ങിയ സുരക്ഷാമാർഗ്ഗങ്ങൾ ഉപയോഗിക്കരുത്.


പൊതു യു.എസ്.ബി ചാർജിംഗ് യൂണിറ്റുകൾക്ക് പകരം എ.സി പവർ ഔട്ട്‌ലെറ്റുകൾ ഉപയോഗിക്കുക. യാത്രകളിൽ കഴിവതും സ്വന്തം പവർ ബാങ്ക് ഉപയോഗിച്ച് ചാർജ്ജ് ചെയ്യുക. കേബിൾ വഴി ഹാക്കിംഗ് നടക്കുന്നില്ല എന്നുറപ്പാക്കാൻ യു.എസ്.ബി ഡാറ്റ ബ്ലോക്കർ ഉപയോഗിക്കാം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments