Saturday, July 27, 2024
HomeNewsബി.ആർ.എസ് നേതാവ് കെ. കവിതയുടെ ഹരജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു

ബി.ആർ.എസ് നേതാവ് കെ. കവിതയുടെ ഹരജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത ബി.ആർ.എസ് നേതാവ് കെ. കവിതയുടെ ഹരജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. ജാമ്യത്തിനായി വിചാരണകോടതിയെ സമീപിക്കാനാണ് കവിതക്ക് ലഭിച്ച നിർദേശം. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം.എം. സുന്ദരേശ്, ബേല ത്രിവേദി എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് ഏകീകൃത നയം പാലിക്കണമെന്നും രാഷ്ട്രീയക്കാരായതുകൊണ്ട് സുപ്രീംകോടതിയെ നേരിട്ട് സമീപിക്കാൻ ആളുകളെ അനുവദിക്കില്ലെന്നും കവിതയെ അറിയിച്ചു. കവിതയുടെ ജാമ്യാപേക്ഷ കീഴ്കോടതി ഉടൻ പരിഗണിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. കവിതയുടെ ഇ.ഡി കസ്റ്റഡി നാളെ അവസാനിക്കും.

ഭരണഘടനയുടെ 32ാം അനുച്ഛേദപ്രകാരം റിട്ട് ഹരജിയുമായാണ് കവിത സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ ജാമ്യഹരജി നൽകുന്നതിന് വ്യവസ്ഥാപിതമായ മാർഗങ്ങളുണ്ടെന്നും ആ രീതി സ്വീകരിക്കണമെന്നുമാണ് കവിതക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനോട് സുപ്രീംകോടതി വ്യക്തമാക്കിയത്.

തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾകൂടിയായ കവിതയുടെ ഹൈദരാബാദിലെ വസതിയിൽ ആദായ നികുതി, ഇ.ഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്.കെ. ചന്ദ്രശേഖർ റാവുവിന്‍റെ മകളായ കവിത, ഡൽഹി മദ്യനയ അഴിമതിയിൽ നിർണായക പങ്കുവഹിച്ച ‘സൗത്ത് ഗ്രൂപ്പി’ന്‍റെ ഭാഗമാണെന്ന് ഇ.ഡി ആരോപിക്കുന്നു. ഹൈദരാബാദ് വ്യവസായി ശരത് റെഡ്ഡി, വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി എം.പി മഗുന്ത ശ്രീനിവാസലു റെഡ്ഡി, മകൻ രാഘവ് മഗുന്ത റെഡ്ഡി എന്നിവരാണ് ‘സൗത്ത് ഗ്രൂപ്പി’ലെ മറ്റുള്ളവർ എന്നാണ് ഇ.ഡി. ആരോപണം.

കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാക്കളായ മനീഷ് സിസോദിയയും സഞ്ജയ് സിങ്ങും നിലവിൽ ജയിലിലാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments