Saturday, July 27, 2024
HomeNewsNationalഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് സുരക്ഷയൊരുക്കുന്നില്ല: അമിത് ഷായ്ക്ക് കത്തെഴുതി മല്ലികാർജുൻ ഖാർഗെ

ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് സുരക്ഷയൊരുക്കുന്നില്ല: അമിത് ഷായ്ക്ക് കത്തെഴുതി മല്ലികാർജുൻ ഖാർഗെ

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് അസമിൽ പൊലീസ് സുരക്ഷ ഒരുക്കുന്നില്ലെന്ന് കാണിച്ചാണ് കത്ത്. ഭാരത് ജോഡോ ന്യായ് യാത്രയിൽ സുരക്ഷ പ്രശ്നങ്ങൾ നേരിടുന്നതായും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ജനുവരി 18 മുതല്‍ തുടര്‍ച്ചയായുണ്ടായ സംഭവങ്ങള്‍ തീയതി സഹിതം അക്കമിട്ട് നിരത്തിയാണ് ഖാര്‍ഗെ ആഭ്യന്തരമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്. രാഹുല്‍ഗാന്ധി യോ യാത്രയിലെ മറ്റംഗങ്ങളോ ആക്രമിക്കപ്പെടുന്ന സാഹചര്യമുണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ അസം മുഖ്യമന്ത്രിയുടേയും സംസ്ഥാന പോലീസ് മേധാവിയുടേയും ഇടപെടല്‍ ഉറപ്പാക്കണമെന്നാണ് കത്തിലെ ആവശ്യം.

18-ന് യാത്രക്ക് സുരക്ഷയൊരുക്കേണ്ടതിന് പകരം പോലീസ് ബി.ജെ.പിയുടെ പോസ്റ്ററുകള്‍ക്ക് കാവല്‍നിന്നുവെന്ന് ഖാര്‍ഗെ ആരോപിച്ചു. 19-ന് ലംഖിംപുരില്‍ ബി.ജെ.പി. അനുഭാവമുള്ള അക്രമികള്‍ ഭാരത് ജോഡോ ന്യായ് യാത്രയുടെ പോസ്റ്ററുകളും ബോര്‍ഡുകളും നശിപ്പിച്ചു. 21-ന് ജയറാം രമേശിനൊപ്പമുള്ള പാര്‍ട്ടിയുടെ സാമൂഹിക മാധ്യമ സംഘത്തിന് നേരെ ബി.ജെ.പി. പ്രവര്‍ത്തകര്‍ കൈയേറ്റം നടത്തി.

ജയറാം രമേശിന്റെ കാര്‍ ആക്രമിച്ചു. യാത്രയ്‌ക്കെതിരായ മുദ്രാവാക്യം വിളിച്ചുകൊണ്ട്, കാറിലെ സ്റ്റിക്കറുകള്‍ നശിപ്പിച്ചു. കാറിലുണ്ടായിരുന്നവരുടെ ദേഹത്ത് വെള്ളമൊഴിക്കാന്‍ ശ്രമിച്ചു. ഈ അതിക്രമങ്ങള്‍, അസം മുഖ്യമന്ത്രിയുടെ സഹോദരന്‍ കൂടിയായ ജില്ലാ പോലീസ് മേധാവി നോക്കിനുന്നുവെന്നും ഖാര്‍ഗെ ആരോപിച്ചു. അതേദിവസം തന്നെ ബി.ജെ.പി. പ്രവര്‍ത്തകര്‍ രാഹുല്‍ഗാന്ധിയുടെ വാഹനവ്യൂഹത്തെ തടഞ്ഞു.

അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ബുപെന്‍ ബോറെയെ ആക്രമിച്ചു. പിറ്റേന്നും രാഹുല്‍ഗാന്ധിയുടെ വാഹനം തടഞ്ഞു. സംഘത്തിലുണ്ടായിരുന്നവര്‍ വന്‍ സുരക്ഷാവീഴ്ചയ്ക്ക് കാരണമാകും വിധം രാഹുലിന്റെ അടുത്തുവരെയെത്തിയെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ കത്തില്‍ സൂചിപ്പിക്കുന്നു. ഇത്തരം സാഹചര്യങ്ങളിലെല്ലാം പോലീസ് അക്രമികളായ ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കപ്പം നിന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments