Saturday, July 27, 2024
HomeNewsസംയുക്ത കിസാൻ മോർച്ചയും സെൻട്രൽ ട്രേഡ് യൂണിയനുകളും ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പൂർണം

സംയുക്ത കിസാൻ മോർച്ചയും സെൻട്രൽ ട്രേഡ് യൂണിയനുകളും ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പൂർണം

ഡൽഹി: കേന്ദ്ര സർക്കാർ നയങ്ങൾക്ക് എതിരെ സംയുക്ത കിസാൻ മോർച്ചയും സെൻട്രൽ ട്രേഡ് യൂണിയനുകളും ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പൂർണം. വ്യവസായ സ്ഥാപനങ്ങളെ അടക്കം ബന്ദ് സാരമായി ബാധിച്ചു. ഉത്തർപ്രദേശിൽ പലയിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കേന്ദ്ര സർക്കാരിൻ്റെ കർഷക വിരുദ്ധ – തൊഴിലാളി വിരുദ്ധ നയങ്ങൾക്ക് എതിരെയാണ് ബന്ദ്. കോർപ്പറേറ്റ് – വർഗീയ അച്ചുതണ്ട് സർക്കാർ നയങ്ങൾ തീരുമാനിക്കുന്നു എന്ന് അഖിലേന്ത്യാ കിസാൻ സഭയും സിഐടിയു, എഐടിയുസി,ഐഎൻടിയുസി അടക്കമുള്ള സംഘടനകളും ആരോപിക്കുന്നു. ഉത്തരേന്ത്യയിൽ അടക്കം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കർഷക – തൊഴിലാളി സംഘടന മാർച്ച് ധർണയും സംഘടിപ്പിച്ചു. ഗ്രാമീണ ചന്തകൾ വൈകിട്ട് 4 മണി വരെ പ്രവർത്തിക്കില്ല. ഗ്രാമീണ മേഖലയിൽ വ്യവസായ ശാലകൾ അടഞ്ഞു കിടന്നു.

ജാർഖണ്ഡിൽ പ്രതിഷേധക്കാർ ഗ്രാമീണ റോഡുകൾ ഉപരോധിച്ചു. പഞ്ചാബിൽ പെട്രോൾ പമ്പുകൾ അടച്ച് ഭാരത് ബന്ദിന് പിന്തുണ നൽകി. പഞ്ചാബിൽ കർഷകർ ട്രെയിൻ തടഞ്ഞു. തൂത്തുകൂടി തുറമുഖത്തിൽ തൊഴിലാളികൾ പൂർണമായും പണിമുടക്കി. ഉത്തർപ്രദേശ്, ബിഹാർ, ഒഡിഷ തുടങ്ങി എല്ലാ സംസ്ഥാനങ്ങളിലും ഭാരത് ബന്ദ് പൂർണമാണ്. കശ്മീരിൽ പ്രതിഷേധിച്ച ആപ്പിൾ കർഷകരെ കസ്റ്റഡിയിൽ എടുത്തു. ഭാരത് ബന്ദിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ അടക്കം കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

കേരളത്തിൽ ബന്ദ് ഇല്ല. സംസ്ഥാനത്തെ സമരസമിതിയുടെ നേതൃത്വത്തിൽ രാജ്ഭവനു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധിക്കുക മാത്രമാണ് ചെയ്തത്.

അതിനിടെ, കർഷകരുടെ ദില്ലി ചലോ മാർച്ചിനിടെ ഒരു കർഷകൻ മരിച്ചു . ​ഗ്യാൻ സിങ് (65) ആണ് മരിച്ചത്. ഹൃദയഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഗുരിദാസ്പൂരിൽ നിന്നുള്ള ​ഗ്യാൻ സിങിന്റെ മരണത്തിൽ പൊലീസിനെതിരെ കുടുംബം രം​ഗത്തെത്തി.

കർഷക പ്രതിഷേധം തുടരുന്നതിനിടെ ശംഭു അതിർത്തിയിലാണ് മരണം സംഭവിച്ചത്. പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചപ്പോൾ കർഷകന് ആരോഗ്യപ്രശ്നം ഉണ്ടായെന്ന് കുടുംബം പറയുന്നു. പൊലീസും കർഷകരുമായുള്ള സംഘർഷത്തിനിടെ റബ്ബർ ബുള്ളറ്റ് പ്രയോ​ഗിച്ചപ്പോൾ ​ഗ്യാൻ സിങിന് പരിക്കേറ്റതായും കുടുംബം പറയുന്നു. ശ്വാസതടസം രൂക്ഷമായതിനെത്തുടർന്നാണ് പുലർച്ചെ ​ഗ്യാൻ സിങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി പ്രവർത്തകനായിരുന്നു ​ഗ്യാൻ സിങ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments