മഹേന്ദ്ര സിങ് ധോണി ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ പദവിയിൽനിന്ന് പടിയിറങ്ങി. 2022ലെ ചെറിയ ഇടവേളയിലൊഴികെ ഐ.പി.എൽ തുടങ്ങിയ കാലം മുതൽ ചെന്നൈക്കാരുടെ അഭിമാന നായകനായ ധോണിക്കുപകരം ഇനി ഋതുരാജ് ഗെയ്ക്ക്വാദ് ടീമിനെ നയിക്കും.
ഐ.പി.എൽ 2024ൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവുമായാണ് ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ആദ്യ മത്സരം. ഈ മത്സരം മുതൽ നായകസ്ഥാനത്ത് ധോണിയുഗത്തിന് അവസാനമാകും. കളത്തിൽ മുന്നിൽനിന്ന് നയിച്ചിരുന്ന നായകൻ ഇനി വിക്കറ്റിനുപിന്നിലെ റോളിലേക്കൊതുങ്ങും.
2008 മുതൽ ചെന്നൈയെ നയിച്ചിരുന്ന ധോണി, 2022ൽ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിരുന്നു. പകരമെത്തിയ രവീന്ദ്ര ജദേജ അമ്പേ പരാജയമായതോടെ വീണ്ടും നായകനായി ധോണി എത്തുകയായിരുന്നു. കഴിഞ്ഞ സീസണിൽ ടീമിനെ നയിച്ച ധോണി ചെന്നൈയെ കിരീടത്തിലെത്തിച്ചിരുന്നു.