Saturday, July 27, 2024
HomeNewsKeralaമയക്കുവെടിവെച്ച് പിടികൂടിയ തണ്ണീര്‍കൊമ്പന്‍ ചരിഞ്ഞു

മയക്കുവെടിവെച്ച് പിടികൂടിയ തണ്ണീര്‍കൊമ്പന്‍ ചരിഞ്ഞു

കല്‍പ്പറ്റ: വെള്ളിയാഴ്ച മാനന്തവാടിയില്‍ മയക്കുവെടിവെച്ച് പിടികൂടിയ തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞു. കര്‍ണാടക വനംവകുപ്പിന് കൈമാറിയ ശേഷമാണ് പുലർ ച്ചെയോടെ ആന ചരിഞ്ഞത്. വെള്ളിയാഴ്ച പകൽ മുഴുവൻ മാനന്തവാടിയെ ആശങ്ക യിലാഴ്ത്തിയ തണ്ണീർകൊമ്പനെ രാത്രിയോടെ മയക്കുവെടിവെച്ച് പിടികൂടി ബന്ദി പ്പുരിലേക്ക് മാറ്റുകയായിരുന്നു. ആന ചരിയാനുണ്ടായ കാരണം സംബന്ധിച്ച് വ്യക്തതയുണ്ടായിട്ടില്ല.

പതിനേഴര മണിക്കൂര്‍ നീണ്ട ദൗത്യത്തിനുശേഷമാണ് വെള്ളിയാഴ്ച തണ്ണീര്‍ കൊമ്പനെ പിടികൂടിയത്. എലിഫന്റ് ആംബുലന്‍സില്‍ രാമപുരയിലെത്തിച്ച ശേഷം ആനയെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ആരോഗ്യനില പരിശോധിച്ച ശേഷം ആനയെ ബന്ദിപ്പൂര്‍ വനത്തിലേക്ക് തുറന്നുവിടാനായിരുന്നു തീരുമാനം.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമേ ആനയുടെ മരണകാരണം സംബന്ധിച്ച് വ്യക്തതയുണ്ടാകൂ എന്ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തണ്ണീര്‍ കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിലെ എല്ലാകാര്യങ്ങളും സുതാര്യമായിരുന്നു, തുടര്‍നടപടികളും അതുപോലെ സുതാര്യമായിരിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആനയെ പിടികൂടുന്ന നടപടിയില്‍ എന്തെങ്കിലും വീഴ്ച വന്നിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കാന്‍ അഞ്ചംഗ വിദഗ്ധസമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വിജിലന്‍സ്, വെറ്റേറിനറി, എന്‍ജിനീയറിങ്, ലീഗല്‍, ഫ്‌ളൈയിങ് സ്‌ക്വാഡ് എന്നീ വിഭാഗങ്ങളുടെ പ്രതിനിധികള്‍ സമിതിയില്‍ ഉണ്ടായിരിക്കും.

കര്‍ണാടകയില്‍നിന്നുള്ള വിദഗ്ധര്‍ക്കൊപ്പം കേരളത്തിന്റെ പ്രതിനിധിയെകൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ള അന്വേഷണത്തിന് കര്‍ണാടക തയ്യാറായിട്ടുണ്ട്. ഇരുസംസ്ഥാനങ്ങളും സംയുക്തമായാണ് എല്ലാ കാര്യങ്ങളും ചെയ്യുക. മുഖ്യമന്ത്രിയുമായി ആലോചിച്ച് കൂടുതല്‍ കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് മാനന്തവാടി നഗരത്തില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയുള്ള കണിയാരത്തും പായോടും ഒറ്റയാനെത്തിയത്. എന്നാല്‍, ആന പ്രകോപനം സൃഷ്ടിക്കുകയോ നാശനഷ്ടങ്ങള്‍ വരുത്തുകയോ ചെയ്തിരുന്നില്ല. ജനങ്ങൾ ആശങ്കയിലായതോടെ ആനയെ പടക്കംപൊട്ടിച്ചും മറ്റും വനമേഖലയിലേക്ക് തിരികെ അയയ്ക്കാൻ പോലീസും വനംവകുപ്പും ചേർന്ന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്നാണ് മയക്കുവെടിവെച്ച് പിടികൂടാൻ തീരുമാനിച്ചത്.

മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് വൈകുന്നേരം അഞ്ചരയോടെ ആനയ്ക്ക് മയക്കുവെടി വെക്കാനായത്. തുടർന്ന് കുങ്കിയാനകളുടെ സഹായത്തോടെ രാത്രി പത്തരയോടെ വാഹനത്തിൽ കയറ്റി കർണാടകത്തിലേക്ക് കൊണ്ടുപോയി. തുടർന്ന് കർണാടക അധികൃതർക്ക് കൈമാറി. ആനയെ വൈദ്യപരിശോധനകൾക്ക് വിധേയമാക്കിയശേഷം ബന്ദിപ്പുർ വനമേഖലയിൽ തുറന്നുവിടാനായിരുന്നു തീരുമാനം. എന്നാൽ കർണാടക അധികൃതരുടെ കൈവശം എത്തിയശേഷം ആന ചരിയുകയായിരുന്നെന്നാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments