Saturday, July 27, 2024
HomeNewsInternationalഇസ്രായേലിലേക്ക് നൂറ് കണക്കിന് മിസൈലുകളും ഡ്രോണുകളുമയച്ച് ഇറാൻ ആക്രമണം

ഇസ്രായേലിലേക്ക് നൂറ് കണക്കിന് മിസൈലുകളും ഡ്രോണുകളുമയച്ച് ഇറാൻ ആക്രമണം

ഇസ്രായേലിലേക്ക് മിസൈൽ ആക്രമണം നടത്തി ഇറാൻ. തെൽ അവീവ്, ജറൂസലം ഉൾപ്പെടെ ഇസ്രായേൽ നഗരങ്ങളിൽ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകളും സ്ഫോടന ശബ്ദങ്ങളും ഉയരുകയുണ്ടായി.

ഇസ്രായേലിന് നേരെ ഇറാൻ തൊടുത്ത ഡസൻ കണക്കിന് ബാലിസ്റ്റിക് മിസൈലുകളിൽ ഭൂരിഭാഗവും തടയാൻ സാധിച്ചെന്ന് ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു. ഡസൻ കണക്കിന് ഡ്രോണുകളും ക്രൂയിസ് മിസൈലുകളും യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു. ഇസ്രായേൽ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് മുമ്പ് പല മിസൈലുകളും എയർ ഡിഫൻസ് സിസ്റ്റം തകർത്തു. രാജ്യത്തിന്‍റെ തെക്ക് ഭാഗത്തെ ഒരു സൈനിക താവളത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചു.

ഗോലാനിലെ ഏറ്റവും വലിയ നഗരമായ കാറ്റ്‌സ്രിനിലും സമീപത്തുള്ള രണ്ട് കമ്മ്യൂണിറ്റികളിലും റോക്കറ്റ് സൈറണുകൾ മുഴങ്ങി. ലെബനനിൽ നിന്നാണ് ഇവിടെ റോക്കറ്റ് ആക്രമണമെന്ന് ചാനൽ 12 റിപ്പോർട്ട് ചെയ്തു.

ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനുമായി ഫോണിൽ ചർച്ച നടത്തി. ഇസ്രായേൽ സൈനിക ആസ്ഥാനത്ത് സുരക്ഷാ കാബിനറ്റും യുദ്ധ കാബിനറ്റ് യോഗങ്ങളും ചേർന്ന ശേഷമാണ് നെതന്യാഹു ബൈഡനെ ഫോണിൽ വിളിച്ചത്.

ഇസ്രായേൽ സൈനിക മേധാവി ഹെർസി ഹലേവി വ്യോമസേനാ മേധാവി, മിലിട്ടറി ഇന്‍റലിജൻസ് മേധാവി എന്നിവരുമായി സൈനിക ആസ്ഥാനത്തെ ഭൂഗർഭ ബങ്കറിൽ കൂടിയാലോചന നടത്തി.

സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിലെ ഇറാനിയൻ കോൺസുലേറ്റ് അനെക്സിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണമാണ് സംഘർഷങ്ങൾക്ക് തുടക്കമിട്ടത്. പലസ്തീനീയൻ ഇസ്ലാമിക് ജിഹാദും, ഇറാനിയൻ റവല്യൂഷണറി ഗാർഡ്സിൻ്റെ ഉന്നതരും തമ്മിൽ നടക്കാനിരുന്ന യോഗത്തെ ലക്ഷ്യമിട്ട് ഇസ്രായേൽ സൈന്യമാണ് ആക്രമണം നടത്തിയതെന്ന് ഇറാൻ ആരോപിച്ചു. മിന്നലാക്രമണത്തിൽ ഐ ആർ ജി സി യുടെ ഖുദ്സ് കമാണ്ടർ മുഹമ്മദ് റെസ സഹെദിയും, സീനിയർ കമാണ്ടർ മുഹമ്മദ് ഹാദി ഹാജി റഹിമിയും അടക്കം 16 പേർ കൊല്ലപ്പെട്ടു. “ചെയ്ത കുറ്റത്തിന്, ഇസ്രേയലിന് ശിക്ഷ പ്രതീക്ഷിക്കാം” എന്ന് ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാം‌നഇയുടെ പ്രതികരണം പിന്നാലെ വന്നു. ഏപ്രിൽ പത്താം തീയതി ഇതേ ഭീഷണി ഖാം‌നഇ ആവർത്തിച്ചപ്പോൾ, തൊട്ടടുത്ത ദിവസം തന്നെ, “അടിക്ക് അടി” എന്നതാണ് തങ്ങളുടെ ശീലം എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതികരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments