Saturday, July 27, 2024
HomeNewsKeralaജനങ്ങളോട് മര്യാദയ്ക്ക് പെരുമാറാൻ ബുദ്ധിമുട്ടാണോ? പൊലീസുകാർക്ക് നേരെ രൂക്ഷ വിമർശനവുമായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

ജനങ്ങളോട് മര്യാദയ്ക്ക് പെരുമാറാൻ ബുദ്ധിമുട്ടാണോ? പൊലീസുകാർക്ക് നേരെ രൂക്ഷ വിമർശനവുമായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

കൊച്ചി: ആലത്തൂർ പോലീസ് സ്റ്റേഷനിൽ വച്ച് അഭിഭാഷകനോട് മോശമായി പെരുമാറിയ സംഭവത്തിൽ എസ്.ഐ വി.ആർ. റിനീഷിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. അഭിഭാഷകനോട് ഇങ്ങനെ ആണെങ്കിൽ സാധാരണക്കാരോട് ഏത് രീതിയിലായിരിക്കും പെരുമാറുകയെന്നും കോടതി ചോദിച്ചു.

പൊതുജനങ്ങളോട് മര്യാദയ്ക്ക് പെരുമാറണമെന്ന നിർദ്ദേശം അനുസരിക്കാൻ പൊലീസുകാർക്ക് ഇത്രയ്ക്ക് ബുദ്ധിമുട്ടാണോയെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. ആലത്തൂർ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകനായ അക്വിബ് സുഹൈ ലിനെ അപമാനിച്ച സംഭവത്തിൽ ഉദ്യോഗസ്ഥനായ വിആർ റിനീഷിനെതിരെയുളള കോടതിയലക്ഷ്യ ഹർജി പരിഗണിക്കുമ്പോഴാണ് അദ്ദേഹം പ്രതികരിച്ചത്.

ജോലി സമ്മർദ്ദം ജനങ്ങൾക്ക് നേരെ മോശമായി പെരുമാറാനുള്ള ലൈസൻസല്ല എന്ന് മുൻപ് തന്നെ ഹൈക്കോടതി പറഞ്ഞിരുന്നു.‘അഭിഭാഷകനോ സാധാരണക്കാരനോ തെരുവിൽ കഴിയുന്ന ആളോ ആരുമാകട്ടെ, ഓരോ പൗരനേയും മാനിക്കേണ്ടതുണ്ട്. ഞാനിത് പലതവണയായി ആവർത്തിക്കുന്നു. ഞാനിത് എത്രകാലം പറയണം? എത്ര പറഞ്ഞാലും മനസ്സിലാവില്ല എന്നാണോ’– ദേവൻ രാമചന്ദ്രൻ ചോദിച്ചു.

‘പൊലീസിന്റെ ആണെങ്കിലും ജഡ്ജിയുടെ ആണെങ്കിലും ആ യൂണിഫോമിട്ടാൽ പദവിക്ക് ചേർന്ന വിധമാണ് പെരുമാറേണ്ടത്. ജനങ്ങൾക്ക് ആ യൂണിഫോമിൽ വിശ്വാസമുണ്ട്. അതിനർത്ഥം ജനങ്ങൾക്കുമേൽ അധികാരം പ്രയോഗിക്കണമെന്നല്ല. സമ്മർദ്ദമാണെന്നു പറഞ്ഞ് അതിക്രമം കാണിച്ചാൽ വകവച്ചു തരാൻ പറ്റില്ല. അഭിഭാഷകനോട് ഇങ്ങനെയാണെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്താകും? ജനങ്ങളോട് മര്യാദയ്ക്കു പെരുമാറണമെന്നത് ഇത്രയ്ക്ക് ബുദ്ധിമുട്ടാണോ? ജോലിയുടെ സമ്മർദം മോശം പെരുമാറ്റത്തിനുള്ള ന്യായീകരണമല്ല. പൊലീസിന് സമ്മർദ്ദങ്ങൾ താങ്ങാനുള്ള പരിശീലനം ലഭിക്കുന്നുണ്ടല്ലോ. എന്നിട്ടും സമ്മർദ്ദം താങ്ങാനാവുന്നില്ലെങ്കിൽ ജോലി രാജിവച്ച് ഇറങ്ങിപ്പോവുകയാണ് വേണ്ടത്’– അദ്ദേഹം വിമർശിച്ചു.

സംഭവത്തിൽ കോടതി ഇടപെടലിനെ തുടർന്ന് റിനീഷിനെ സ്ഥലം മാറ്റിയിരുന്നു. വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ വാഹനം വിട്ടുനൽകാനുള്ള കോടതി ഉത്തരവുമായി എത്തിയ അക്വിബ് സുഹൈലിനെ എസ്ഐ അപമാനിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നായിരുന്നു കോടതിയുടെ ഇടപെടൽ.കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ, താൻ സംഭവത്തിൽ ഖേദിക്കുന്നുവെന്നും നിരുപാധികം മാപ്പ് പറയാൻ സന്നദ്ധനാണെന്നും റിനീഷ് അറിയിച്ചു. ഇന്ന് കേസ് പരിഗണിച്ചപ്പോൾ റിനീഷ് സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തെ ചോദ്യം ചെയ്തായിരുന്നു ജസ്റ്റിസിന്റെ പ്രതികരണം. അക്വിബ് സുഹൈലിനെതിരെ മോശം വാക്കുകൾ ഉപയോഗിച്ചോ ഇല്ലയോ എന്നത് സത്യവാങ്മൂലത്തിൽ പറയുന്നില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, റിനീഷിനെതിരെ സ്വീകരിച്ച അച്ചടക്ക നടപടിയെക്കുറിച്ച് അറിയിക്കാൻ സംസ്ഥാന ഡിജിപിക്കും കോടതി നിർദേശം നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥൻ ജനങ്ങളോട് മോശമായി പെരുമാറാൻ പാടില്ലെന്ന് ഡിജിപി തന്നെ പറഞ്ഞിട്ടുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി. മാർച്ച് ഒന്നിന് കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. അഭിഭാഷകർക്ക് ജോലി ചെയ്യാനുള്ള സുരക്ഷിതത്വം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക അസോസിയേഷൻ നൽകിയ ഹർജിയിൽ സർക്കാർ മൂന്നാഴ്ചയ്ക്കകം മറുപടി നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments