Saturday, July 27, 2024
HomeNewsNationalമുല്ലപ്പെരിയാർ ബലപ്പെടുത്തുന്ന നടപടികൾക്ക് അംഗീകാരം നല്കണം: സുപ്രീം കോടതിയില്‍ തമിഴ്‌നാട്‌

മുല്ലപ്പെരിയാർ ബലപ്പെടുത്തുന്ന നടപടികൾക്ക് അംഗീകാരം നല്കണം: സുപ്രീം കോടതിയില്‍ തമിഴ്‌നാട്‌

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണകെട്ട് ബലപ്പെടുത്തുന്ന നടപടികൾക്ക് അംഗീകാരം നൽകാൻ കേരളത്തോട് നിർദേശിക്കണമെന്ന് തമിഴ്നാട്. രാജ്യാന്തര വിദഗ്ധരടങ്ങുന്ന നിഷ്പക്ഷ സമിതിയേക്കൊണ്ട് അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം തള്ളണമെന്നും തമിഴ്നാട് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. സമഗ്ര പരിശോധന നടത്താൻ നിയമപരമായ അധികാരം അണക്കെട്ടിന്റെ ഉടമകളായ തങ്ങൾക്കാണെന്നും തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ ഫയൽചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

ആ പരിശോധന 2026 ഡിസംബർ 31-നകം പൂർത്തിയാക്കിയാൽ മതിയെന്നും തമിഴ്നാട് സുപ്രീം കോടതിയിൽ പറഞ്ഞു. അണക്കെട്ട് ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 2006-ലേയും 2014-ലേയും വിധികളിലെ ശുപാർശകളും മേൽനോട്ട സമിതി നൽകിയ വിവിധ റിപ്പോർട്ടുകളിലെ ശുപാർശകളും കേരളം നടപ്പാക്കിയിട്ടില്ലെന്ന് തമിഴ്നാട് ആരോപിച്ചു. ഈ ശുപാർശകളാണ് ആദ്യം നടപ്പാക്കേണ്ടത്. അതിന് തയ്യാറാകാതെ സമഗ്ര സുരക്ഷാ പരിശോധന എന്ന ആവശ്യമാണ് കേരളം മുന്നോട്ടുവെക്കുന്നതെന്നും തമിഴ്നാട് ആരോപിച്ചു.

2024-ലെ കാലവർഷത്തിന് മുമ്പ് എല്ലാ പണികളും പൂർത്തിയാക്കാനുള്ള അനുമതി നൽകാൻ നിർദേശിക്കണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടു. പാർലമെന്റ് പാസ്സാക്കിയ ഡാം സുരക്ഷാ നിയമത്തിലെ 38-ാം വകുപ്പ് പ്രകാരം സുരക്ഷ പരിശോധന നടത്തേണ്ടത് അണക്കെട്ടിന്റെ ഉടമസ്ഥരാണ്. മുല്ലപെരിയാർ അണക്കെട്ടിന്റെ ഉടമസ്ഥരായതിനാൽ പരിശോധന തങ്ങൾ നടത്തുമെന്നും തമിഴ്നാട് സുപ്രീം കോടതിയെ അറിയിച്ചു.

2021-ലെ ഡാം സുരക്ഷാ നിയമം നിലവിൽവന്ന് അഞ്ച് വർഷത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കിയാൽ മതി. അതുകൊണ്ട് പരിശോധന പൂർത്തിയാക്കാൻ ഇനിയും രണ്ട് വർഷത്തെ കാലാവധിയുണ്ടെന്നും തമിഴ്നാട് വ്യക്തമാക്കി. ഡോ. ജോ ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയില്‍ തമിഴ്നാട് മറുപടി സത്യവാങ്മൂലം ഫയല്‍ചെയ്തിരിക്കുന്നത്. സുരക്ഷാ പരിശോധനയ്ക്ക് തമിഴ്‌നാടിനെ ചുമതലപ്പെടുത്തണമെന്ന നിര്‍ദേശമടങ്ങുന്ന സത്യവാങ്മൂലം കേന്ദ്ര ജല കമ്മീഷനും മേല്‍നോട്ട സമിതിയും സുപ്രീം കോടതിയിൽ നേരത്തെ സമർപ്പിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments