Sunday, May 19, 2024
HomeNewsമുസ്‍ലിംകള്‍ക്ക് സംവരണം മോദിയുടെ പ്രസ്താവന പച്ചക്കള്ളമാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു

മുസ്‍ലിംകള്‍ക്ക് സംവരണം മോദിയുടെ പ്രസ്താവന പച്ചക്കള്ളമാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു

ബെംഗളൂരു: 1995ല്‍ എച്ച്‌.ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദള്‍ സർക്കാറാണ് കർണാടകയില്‍ മുസ്‍ലിംകളെ ആദ്യമായി ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതെന്ന് രേഖകള്‍ വ്യക്തമാക്കുന്നുവെന്ന് മാധ്യമം പത്രം റിപ്പേർട്ട് ചെയ്തു.

കർണാകടയില്‍ മുസ്‍ലിംകളെ ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ കോണ്‍ഗ്രസിനെ വിമർശിച്ച്‌ കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നിരുന്നു. ഒ.ബി.സി വിഭാഗക്കാരുടെ ഏറ്റവും വലിയ ശത്രുവാണ് കോണ്‍ഗ്രസെന്നും മോദി പറഞ്ഞിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നിട്ടുണ്ട്. അതേസമയം, മുസ്‍ലിംകളെ ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ജനതാദള്‍ ഇന്ന് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എയുടെ ഭാഗമാണെന്നതാണ് മറ്റൊരു വസ്തുത.

മോദിയുടെ പ്രസ്താവന പച്ചക്കള്ളമാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മുസ്‍ലിംകള്‍ക്ക് സംവരണം നടപ്പാക്കുമെന്ന് ഒരിക്കല്‍ വീമ്പിളക്കിയ ദേവഗൗഡ ഇപ്പോഴും തൻ്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ? അതോ നരേന്ദ്ര മോദിക്ക് മുന്നില്‍ കീഴടങ്ങി മുൻ നിലപാട് മാറ്റുമോ? അദ്ദേഹം അത് സംസ്ഥാനത്തെ ജനങ്ങളോട് വ്യക്തമാക്കണമെന്നും സിദ്ധരാമയ്യ പറഞ്ഞു.

1995-ല്‍ ദേവഗൗഡ സർക്കാർ കർണാടകയിലെ മുസ്‍ലിംകള്‍ക്ക് ഒ.ബി.സി ക്വാട്ടയില്‍ 2 ബി എന്ന പ്രത്യേക വിഭാഗമുണ്ടാക്കി നാല് ശതമാനം സംവരണം നല്‍കുകയായിരുന്നു. 1995 ഫെബ്രുവരി 14നാണ് കർണാടക സർക്കാർ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ചിന്നപ്പ റെഡ്ഡി കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം എടുത്തതെന്നും ആകെയുള്ള സംവരണം 50 ശതമാനമായി പരിമിതപ്പെടുത്താനുള്ള സുപ്രിംകോടതി നിർദേശം പാലിച്ചുവെന്നും ഉത്തരവില്‍ വ്യക്തമാക്കി.

റെഡ്ഡി കമ്മീഷൻ മുസ്‌ലിംകളെ ഒ.ബി.സി പട്ടികക്ക് കീഴില്‍ കാറ്റഗറി രണ്ടില്‍ ഉള്‍പ്പെടുത്താനാണ് ശുപാർശ ചെയ്തത്. ഇതിൻ്റെ അടിസ്ഥാനത്തില്‍ വീരപ്പമൊയ്‌ലിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സർക്കാർ 1994 ഏപ്രില്‍ 20, ഏപ്രില്‍ 25 തീയതികളിലെ ഉത്തരവിലൂടെ മുസ്‌ലിംകള്‍ക്കും പട്ടികജാതിയില്‍നിന്ന് പരിവർത്തനം ചെയ്ത ബുദ്ധമതക്കാർക്കും ക്രിസ്തുമതക്കാർക്കും ‘കൂടുതല്‍ പിന്നാക്കക്കാർ’ എന്ന കാറ്റഗറി 2ബിയില്‍ ആറ് ശതമാനം സംവരണം പ്രഖ്യാപിച്ചു. മുസ്‍ലിംകള്‍ക്ക് നാല് ശതമാനം സംവരണം നല്‍കിയപ്പോള്‍ ബുദ്ധമതത്തിലേക്കും ക്രിസ്തുമതത്തിലേക്കും പരിവർത്തനം ചെയ്തവർക്ക് രണ്ട് ശതമാനം സംവരണം നല്‍കി.

1994 ഒക്‌ടോബർ 24 മുതല്‍ സംവരണം പ്രാബല്യത്തില്‍ വരുമെന്നാണ് കോണ്‍ഗ്രസ് സർക്കാർ അറിയിച്ചിരുന്നത്. എന്നാല്‍, സംവരണം സുപ്രിംകോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. 1994 സെപ്റ്റംബർ 9ന് സുപ്രിംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. പട്ടികജാതി, പട്ടികവർഗ്ഗ, ഒ.ബി.സി എന്നിവയുള്‍പ്പെടെ മൊത്തത്തിലുള്ള സംവരണം 50 ശതമാനമായി പരിമിതപ്പെടുത്താൻ കർണാടക സർക്കാരിനോട് നിർദ്ദേശിച്ചു.

ഉത്തരവ് നടപ്പാക്കും മുമ്പ് വീരപ്പ മൊയ്‌ലിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സർക്കാറിന് ഭരണം നഷ്ടമായി. 1994 ഡിസംബർ 11ന് എച്ച്‌.ഡി ദേവഗൗഡയുടെ നേതൃത്വത്തില്‍ ജനതാദള്‍ സർക്കാർ ഭരണത്തിലേറി. 1995 ഫെബ്രുവരി 14ന് സുപ്രിംകോടതിയുടെ ഇടക്കാല വിധിയനുസരിച്ച്‌ മുൻ സർക്കാരിൻ്റെ സംവരണ തീരുമാനം ഭേദഗതികളോടെ ദേവഗൗഡ നടപ്പാക്കി.

2006ല്‍ ജെ.ഡി.എസും ബി.ജെ.പിയും ചേർന്ന് സഖ്യസർക്കാർ രൂപീകരിച്ചിരുന്നു. 2008ല്‍ ബി.എസ് യെദിയൂരപ്പയുടെ നേതൃത്വത്തില്‍ ബി.ജെ.പി സർക്കാറും നിലവില്‍ വന്നു. ഈ കാലത്തൊന്നും ഈ സംവരണത്തില്‍ മാറ്റങ്ങളൊന്നും വരുത്തിയില്ല.

അതേസമയം, 2019-ല്‍ ബി.ജെ.പി സർക്കാർ അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍, 2023 മാർച്ച്‌ 27-ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഒ.ബി.സിയിലെ 3 എ, 3 ബി വിഭാഗങ്ങള്‍ നിർത്തലാക്കാൻ നിർദേശിച്ചു. പകരം, വൊക്കലിഗ, ലിംഗായത്ത് സമുദായങ്ങള്‍ക്ക് 2 ശതമാനം വീതം സംവരണം നല്‍കാൻ തീരുമാനിച്ചു. കൂടാതെ മുസ്‌ലിംകള്‍ക്കുള്ള 2 ബി വിഭാഗം നിർത്തലാക്കാനും സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങള്‍ക്കുള്ള 10 ശതമാനം ക്വാട്ടയില്‍ അവരെ ഉള്‍പ്പെടുത്താനും നിർദേശിച്ചു. ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നതോടെ ഈ തീരുമാനം ഉപേക്ഷിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments