Saturday, July 27, 2024
HomeNewsജലമെട്രോ നാല് ടെർമിനലിലേക്കു കൂടി സർവീസ്‌ നടത്തും, മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

ജലമെട്രോ നാല് ടെർമിനലിലേക്കു കൂടി സർവീസ്‌ നടത്തും, മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

കൊച്ചി- സംസ്ഥാന സർക്കാരിന്റ അഭിമാന പദ്ധതിയായ കൊച്ചി ജലമെട്രോ ഇനി മുതൽ പുതിയ നാല്‌ ടെർമിനലിലേക്കുകൂടി സർവീസ്‌ നടത്തും. മുളവുകാട്‌ നോർത്ത്‌, സൗത്ത്‌ ചിറ്റൂർ, ഏലൂർ, ചേരാനല്ലൂർ ടെർമിനലുകളിലേക്കുള്ള സർവീസ്‌  മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. 

നാല് ടെർമിനലുകൾ കൂടി ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ രണ്ട് പുതിയ റൂട്ടുകളിലാണ് കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ആരംഭിക്കുക. ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്ന് ബോൾഗാട്ടി, മുളവുകാട് നോർത്ത് ടെർമിനലുകൾ വഴി സൗത്ത് ചിറ്റൂർ ടെർമിനൽ വരെയാണ് ഒരു റൂട്ട്. സൗത്ത് ചിറ്റൂർ ടെർമിനലിൽ നിന്ന് ഏലൂർ ടെർമിനൽ വഴി ചേരാനെല്ലൂർ ടെർമിനൽ വരെയുള്ളതാണ് മറ്റൊരു റൂട്ട്. ഞായറാഴ്ച രാവിലെ മുതൽ കൊച്ചി വാട്ടർ മെട്രോ പുതിയ റൂട്ടുകളിൽ സർവീസ് ആരംഭിക്കും. ഇതോടെ 9 ടെർമിനലുകളിലായി 5 റൂട്ടുകളിലേക്ക് കൊച്ചി വാട്ടർ മെട്രോ സർവീസ് വ്യാപിക്കും.

കൊച്ചി വാട്ടർ മെട്രോയിൽ കഴിഞ്ഞ പത്ത് മാസത്തിനിടെ പതിനേഴര ലക്ഷം ആളുകളാണ് യാത്ര ചെയ്തത്. സർവീസ് ആരംഭിച്ച് ആറു മാസത്തിനുള്ളിൽ തന്നെ 10 ലക്ഷം യാത്രക്കാർ മെട്രോയിൽ യാത്ര ചെയ്തു. 2023 ഏപ്രിൽ 26നാണ്‌ ആദ്യ ജലമെട്രോയുടെ ഉദ്‌ഘാടനവും ആദ്യ സർവീസും ആരംഭിച്ചത്‌. ഹൈക്കോടതി– വൈപ്പിൻ, വൈറ്റില– കാക്കനാട്‌ റൂട്ടുകളിലായിരുന്നു സർവീസ്‌.

നിലവിൽ ഹൈക്കോർട്ട് ജംഗ്ഷൻ – വൈപ്പിൻ – ബോൾഗാട്ടി, വൈറ്റില – കാക്കനാട് എന്നീ മൂന്ന് റൂട്ടുകളിലായി 13 ബോട്ടുകളാണ് കൊച്ചി വാട്ടർ മെട്രോയ്ക്കായി സർവീസ് നടത്തുന്നത്. പാലിയംതുരുത്ത്, കുമ്പളം, വില്ലിംഗ്ടൺ ഐലൻഡ്, മട്ടാഞ്ചേരി എന്നീ ടെർമിനലുകളുടെ നിർമ്മാണവും പുരോഗമിക്കുകയാണ്. കൊച്ചി വാട്ടർ മെട്രോ പദ്ധതി പൂർത്തിയാകുമ്പോൾ പത്ത് ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രോ ബോട്ടുകൾ സർവീസ് നടത്തും. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments