Sunday, May 19, 2024
HomeNewsജോണ്‍ ബ്രിട്ടാസ് എംപി നടത്തിയ ഇടപെടലുകള്‍ യുഡിഎഫ് എംപിമാര്‍ നടത്തിയതിനേക്കാൾ ശക്തം: ബഷീര്‍ വള്ളിക്കുന്ന്

ജോണ്‍ ബ്രിട്ടാസ് എംപി നടത്തിയ ഇടപെടലുകള്‍ യുഡിഎഫ് എംപിമാര്‍ നടത്തിയതിനേക്കാൾ ശക്തം: ബഷീര്‍ വള്ളിക്കുന്ന്

ഡോ. ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ നടത്തിയ ഇടപെടലുകള്‍ യുഡിഎഫ് എംപിമാര്‍ എല്ലാവരും ലോക്‌സഭയില്‍ ഒന്നിച്ചു ചേര്‍ന്ന് നടത്തിയ ഇടപെടലുകളെക്കാള്‍ ശക്തമായിരുന്നു എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ബഷീര്‍ വള്ളിക്കുന്ന്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും ശബ്ദിക്കാന്‍ കഴിയുന്നവര്‍, അതിന് ചങ്കൂറ്റമുള്ളവര്‍ പാര്‍ലിമെന്റില്‍ എത്തണം. ഉറക്കം തൂങ്ങികളായ ഇരുപതെണ്ണം പോയിട്ട് ഒരു കാര്യവുമില്ല എന്ന് ചുരുക്കമെന്നും അദ്ദേഹം എഫ്ബിയില്‍ കുറിച്ചു.

കഴിഞ്ഞ അഞ്ചു വര്‍ഷം കോണ്‍ഗ്രസ്സ് ഏറെ നിരാശപ്പെടുത്തി. ജനങ്ങള്‍ വോട്ട് ചെയ്ത് ജയിപ്പിച്ച അവരുടെ നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ഒഴുകുന്നതാണ് നാം കണ്ടത്. പ്രാദേശിക നേതാക്കള്‍, ദേശീയ നേതാക്കള്‍, മുന്‍ മന്ത്രിമാര്‍, മുന്‍ മുഖ്യമന്ത്രിമാര്‍ എന്നിങ്ങനെ ഓരോരുത്തരായി ത്രിവര്‍ണ പതാക വിട്ട് കാവിക്കൊടി പിടിക്കുമ്പോള്‍ വിഷമത്തോടെ നോക്കി നില്‍ക്കുക എന്നതല്ലാതെ ഒരു സാധാരണക്കാരന് എന്ത് ചോയ്‌സുണ്ടെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും രാഹുലിനും യുഡിഎഫിനും വേണ്ടി നിരന്തം പോസ്റ്റുകള്‍ ഇട്ടിരുന്ന തനിക്ക് ഇപ്പോള്‍ രാഹുലിന് വേണ്ടി കഴിഞ്ഞതവണത്തെ പോലെ എഴുതാന്‍ ആവേശമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ജനാധിപത്യം തന്നെ നിലനില്‍ക്കുമോ എന്ന് കണ്ടറിയണം. കരിനിയമങ്ങളും ന്യൂനപക്ഷങ്ങള്‍ക്ക് മേലുള്ള ഇരുണ്ട ദിനങ്ങളുമാണ് മുന്നിലുള്ളത്. ആ ദിനങ്ങളില്‍ ഇരകളോടൊപ്പം നില്‍ക്കുമെന്ന് നൂറു ശതമാനം ഉറപ്പുള്ള ഒരു പക്ഷത്ത് നിന്ന് കൂടുതല്‍ പേര്‍ പാര്‍ലിമെന്റില്‍ എത്തണം എന്നൊരു ആഗ്രഹമുണ്ട്.. ഇഡിയും അന്വേഷണ ഏജന്‍സികളും വന്നാല്‍ മറുകണ്ടം ചാടില്ലെന്നു ഉറപ്പുള്ളവര്‍ വേണം, പണവും പ്രതാപവും അധികാരവും പ്രലോഭനമായി വന്നാല്‍ റിസോര്‍ട്ടില്‍ കൊണ്ട് പോയി കെട്ടിയിടേണ്ട ദുരവസ്ഥയില്ലാത്ത മനുഷ്യര്‍ തിരഞ്ഞെടുക്കപ്പെടണമെന്നാണ് ആഗ്രഹം എന്ന് വ്യക്തമാക്കിയാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ രൂപം

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fvallikkunnu%2Fposts%2Fpfbid02AFfuh9HWDkY1jHmGbAUQL2EDykznVpzKfaPb21b6D16fajoecbY8ZhoURgCLUu7Ll&show_text=true&width=500

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുലിനും യുഡിഎഫിനും വേണ്ടി നിരന്തരം പോസ്റ്റുകൾ ഇട്ടിരുന്ന നിങ്ങൾ ഇപ്രാവശ്യം അത് ചെയ്യുന്നില്ലേ എന്ന് എന്റെ പോസ്റ്റുകളിൽ സ്ഥിരമായി പ്രതികരിക്കുന്ന ഒരു സുഹൃത്ത് പരിഹാസരൂപേണ ടാഗ് ചെയ്ത് ചോദിച്ചു.

അന്നതിന് മറുപടിയൊന്നും കൊടുത്തില്ല, ഒരു സ്മൈലിയിട്ട് പോന്നു.

രാഹുലിന് വേണ്ടി എഴുതാൻ കഴിഞ്ഞ തവണത്തെപ്പോലെ ആവേശമില്ല എന്നത് സത്യമാണ്. എന്നാലും ഇന്ത്യ മുന്നണി ഏതെങ്കിലും തരത്തിൽ ഒരു തിരിച്ചു വരവ് നടത്തിയിരുന്നെങ്കിലെന്ന് ആഗ്രഹം ഇല്ലാതില്ല.

കേരളത്തിൽ ബിജെപി പതിവ് പോലെ പച്ചതൊടാതെ നിൽക്കണം. കേരളത്തെക്കുറിച്ച് അത്രയുമാണ് ഒറ്റവാചകത്തിൽ പറയാനുളളത്. ഇരുപതിൽ ഇരുപത് സീറ്റും മോദി വിരുദ്ധ പക്ഷത്തായിരിക്കണം.

ശരി..

“ആ ഇരുപതിൽ യുഡിഎഫോ എൽ ഡി എഫോ? എന്താണ് നിങ്ങളുടെ ചോയ്‌സ്?.. വളച്ചു കെട്ടാതെ പറയൂ മാഷേ” എന്നൊരു ചോദ്യം വരുന്നത് കാണുന്നുണ്ട്.

വളച്ചു കെട്ടാതെ പറയാം. എൽഡിഎഫിന് കൂടുതൽ എംപിമാർ ഉണ്ടാകണമെന്ന് ആഗ്രഹമുണ്ട്, അതിന് കൃത്യമായ കാരണവുമുണ്ട്.

ഇന്ത്യ എന്ന രാജ്യം കടന്ന് പോകുന്ന ഈ കെട്ട കാലത്തിന്റെ ഭയാശങ്കകൾക്കിടയിലും ഇരയുടെ പക്ഷത്ത് ചെറിയ ശബ്ദമെങ്കിലും പാർലിമെന്റിൽ ഉയരണമെങ്കിൽ അവരിൽ ചിലർ അവിടെ ഉണ്ടാകണമെന്ന് അതിയായി ആഗ്രഹിക്കുന്നു. കഴിഞ്ഞ തവണ പത്തൊമ്പത് എം പി മാർ കേരളത്തിൽ നിന്ന് യുഡിഎഫ് നിരയിൽ ജയിച്ചു പോയെങ്കിലും ഒന്നോ രണ്ടോ പേരൊഴിച്ച് ബാക്കിയെല്ലാം മരപ്പാഴുകളായി അവിടെ നേരം പോക്കുകയായിരുന്നു. ഉയർന്ന് കേൾക്കണമെന്ന് ആഗ്രഹിച്ച അവസരങ്ങളിലൊന്നും അവരുടെ ശബ്ദം ഉയർന്ന് കേട്ടില്ല. രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എന്ന ഏകവ്യക്തി നടത്തിയ ഇടപെടലുകൾ ഈ പത്തൊമ്പത് പേരും ലോക്സഭയിൽ ഒന്നിച്ചു ചേർന്ന് നടത്തിയ ഇടപെടലുകളേക്കാൾ ശക്തമായിരുന്നു. ശബ്ദിക്കാൻ കഴിയുന്നവർ, അതിന് ചങ്കൂറ്റമുള്ളവർ പാർലിമെന്റിൽ എത്തണം. ഉറക്കം തൂങ്ങികളായ ഇരുപതെണ്ണം പോയിട്ട് ഒരു കാര്യവുമില്ല എന്ന് ചുരുക്കം.

കഴിഞ്ഞ അഞ്ചു വര്ഷം കോൺഗ്രസ്സ് ഏറെ നിരാശപ്പെടുത്തി. ജനങ്ങൾ വോട്ട് ചെയ്ത് ജയിപ്പിച്ച അവരുടെ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക് ഒഴുകുന്നതാണ് നാം കണ്ടത്. പ്രാദേശിക നേതാക്കൾ, ദേശീയ നേതാക്കൾ, മുൻ മന്ത്രിമാർ, മുൻ മുഖ്യമന്ത്രിമാർ എന്നിങ്ങനെ ഓരോരുത്തരായി ത്രിവർണ പതാക വിട്ട് കാവിക്കൊടി പിടിക്കുമ്പോൾ വിഷമത്തോടെ നോക്കി നിൽക്കുക എന്നതല്ലാതെ ഒരു സാധാരണക്കാരന് എന്ത് ചോയ്സുണ്ട്??

പൗരത്വ വിഷയം, രാമക്ഷേത്രം, ബുൾഡോസർ രാജ്.. ഫലസ്തീൻ.. ഇരകളുടെ പക്ഷത്ത് ഏറ്റവും ശക്തമായി ഉണ്ടാകേണ്ട ശബ്ദം കോൺഗ്രസ്സിന്റേതായിരുന്നു. പക്ഷേ ഈ വിഷയങ്ങളിലൊക്കെ അവരുടെ ശബ്ദമായിരുന്നു ഏറ്റവും ദുർബലമായിരുന്നത്. ചില വിഷയങ്ങളിൽ ശബ്ദം ഉയർന്നേ കേട്ടില്ല.

ദേശീയ തലത്തിൽ അവരെക്കാൾ എണ്ണത്തിലും ശക്തിയിലും എത്രയോ കുറവായ ഇടതുപക്ഷമാണ് ഒരു നിമിഷം ശങ്കിക്കാതെ ഈ വിഷയങ്ങളിലൊക്കെ ഇരകളോടൊപ്പം നിൽക്കാൻ തയ്യാറായത്. രാമക്ഷേത്ര ഉദ്ഘാടനത്തിന് ക്ഷണം കിട്ടിയപ്പോൾ അതിൽ പങ്കെടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻ രണ്ടാഴ്ച വേണ്ടി വന്നു കോൺഗ്രസ്സിന്. പൗരത്വ വിഷയം ഉയർന്ന് വന്നപ്പോൾ കേരള സർക്കാരും മുഖ്യമന്ത്രിയും ഒരു നിമിഷം ആലോചിക്കാതെ അതിനെതിരെ ഇന്ത്യക്ക് മുഴുവൻ മാതൃകയായി പ്രതിരോധത്തിന്റെ ഒരു കോട്ട ഉയർത്തിയപ്പോൾ, തെരുവുകൾ പ്രക്ഷുബ്ധമാക്കിയപ്പോൾ, നിയമയുദ്ധത്തിന് മുന്നിട്ടിറങ്ങിയപ്പോൾ, കോൺഗ്രസ്സ് ഇരുട്ടിൽ തപ്പുകയായിരുന്നു. എതിർത്തോ എന്ന് ചോദിച്ചാൽ എതിർത്തിട്ടുണ്ട്, പക്ഷേ അതൊരു ബാധ്യത തീർക്കുന്ന തരത്തിലായിരുന്നു എന്ന് മാത്രം.

ഇപ്പോൾ അവർ പുറത്തിറക്കിയ പ്രകടന പത്രികയിൽ പോലും ഇന്ത്യൻ ഭരണഘടനയുടെ അന്തസ്സത്തയെ വിഴുങ്ങുന്ന ഈ കരിനിയമത്തിനെതിരെ ശക്തമായി പ്രതികരിക്കാനോ ഞങ്ങൾ അധികാരത്തിൽ വന്നാൽ ആ നിയമം തൂത്തെറിയുമെന്ന് പ്രഖ്യാപിക്കാനോ ഉള്ള ധൈര്യം കാണിച്ചില്ല. കോൺഗ്രസ്സ് പ്രസിഡന്റിനോട് പൗരത്വ വിഷയത്തെക്കുറിച്ച് ചോദിച്ചപ്പോൾ അതിനെക്കുറിച്ച് രാത്രി ആലോചിച്ചിട്ട് പറയാമെന്ന് പറഞ്ഞു എഴുന്നേറ്റ് പോകുന്ന ദുരവസ്ഥയാണ് കണ്ടത്.

മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ശബ്ദവും പ്രാതിനിധ്യവും പാർലിമെന്റിൽ നേർത്ത് നേർത്ത് ഇല്ലാതാകുന്ന ഒരു കാലത്ത്, അവർക്കെതിരെയുള്ള നിയമ നിർമാണങ്ങൾ തുടരെത്തുടരെ വരുന്ന ഒരു കാലത്ത് കഴിഞ്ഞ തവണ കേരളത്തിൽ നിന്ന് കോൺഗ്രസ്സ് ജയിപ്പിച്ചു വിട്ട പതിനഞ്ചു പേരിൽ ഒരാൾ പോലും ആ സമുദായത്തിൽ നിന്ന് ഉണ്ടായിരുന്നില്ല. ഇടതുപക്ഷം ജയിപ്പിച്ചു വിട്ട ഒരേ ഒരാളാകട്ടെ ആ സമുദായത്തിൽ ജനിച്ചു വീണയാളും. രാഷ്ട്രീയ ശക്തിയുടെ ഏതു അളവ് കോൽ വെച്ച് നോക്കിയാലും അഞ്ചോ ആറോ പാർലിമെന്റ് സീറ്റിന് അവകാശമുള്ള പാർട്ടിയാണ് മുസ്‌ലിം ലീഗ്. അവർ ഇത്തവണ ഒരു സീറ്റ് അധികം ചോദിച്ചപ്പോഴേക്ക് കോൺഗ്രസ്സ് ഉണ്ടാക്കിയ പുകിൽ നാം മറന്നിട്ടില്ല. നിലവിലുള്ള നിയമസഭയിൽ കോൺഗ്രസ്സിന് 21 സീറ്റും ലീഗിന് 15 സീറ്റുമാണുളളത്. വെറും ആറ് സീറ്റിന്റെ വ്യത്യാസം മാത്രമാണ് അവർ തമ്മിലുള്ളത്. ആ കോൺഗ്രസ്സ് ലോക്സഭയിലേക്ക് മത്സരിക്കുന്നത് 15 സീറ്റിൽ. ലീഗിനെ രണ്ട് സീറ്റിൽ ഒതുക്കി നിർത്തിയിരിക്കുന്നു. പാർശ്വവത്കരിക്കപ്പെടുന്നവരുടെ ശബ്ദം കൂടുതൽ ഉച്ചത്തിൽ കേൾപ്പിക്കേണ്ട കാലത്താണ് ഇതൊക്കെ നടക്കുന്നത് എന്നോർക്കണം.

ഗാ സയിൽ പിഞ്ചു പൈതങ്ങളടക്കം വംശഹത്യക്ക് വിധേയമായപ്പോൾ അവർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പോലും ശബ്ദിയ്ക്കാൻ ഭയപ്പെട്ട് നിന്നു കോൺഗ്രസ്സ് നേതാക്കൾ. (ഷാഫി പറമ്പിൽ അടക്കമുളള യൂത്ത് കോൺഗ്രസ്സ് നേതാക്കൾ). ഒട്ടും ആലോചിക്കാതെ ആ ഇരകൾക്കൊപ്പമാണെന്ന് ഉറക്കെ പ്രഖ്യാപിക്കാൻ ഇടത്പക്ഷമായിരുന്നു മുന്നോട്ട് വന്നത്. മരിച്ചു വീഴുന്ന ഇരകൾക്ക് വേണ്ടി ശബ്ദിച്ചാൽ മതേതരമുഖം നഷ്ടപ്പെടുമെന്ന് പേടിച്ച് അവർ മിണ്ടാതിരുന്നില്ല. പകലും രാത്രിയും ഭേദമില്ലാതെ ഇരകൾക്ക് വേണ്ടി അവർ ഉറക്കെ ശബ്ദിച്ചു. അവസാനം നിവൃത്തിയില്ലാതെ മടിച്ചു മടിച്ചാണ് കോൺഗ്രസ്സ് നേതാക്കൾ പ്രതികരിച്ചു തുടങ്ങിയത്.. ഇതൊക്കെ നാം നേരിൽ കണ്ടതാണ്, അനുഭവിച്ചതാണ്.

വിദ്യാഭ്യാസ മേഖലയും പാഠ്യ പദ്ധതികളും കേന്ദ്ര തലത്തിൽ സമ്പൂർണ്ണമായി കാവിവത്കരിക്കുന്ന കാലത്ത് ആ കാവിവത്കരണത്തിന് കേരളത്തിൽ നേതൃത്വം കൊടുക്കുന്ന ഗവർണറാണ് കോൺഗ്രസ്സിന്റെ ഹീറോ.. സർവകലാശാലകളിലെ ഉന്നത പോസ്റ്റുകളിൽ സംഘികളെ തിരുകിക്കയറ്റുമ്പോൾ ആ ഗവർണർക്ക് പിന്തുണ കൊടുക്കുന്ന കോൺഗ്രസ്സിനേയും മാധ്യമങ്ങളേയും അയാൾക്കെതിരെ തെരുവിൽ പൊരുതുന്ന എസ്‌എഫ്ഐ കുട്ടികളെയുമാണ് നാം കണ്ടത്.

അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഭരണകൂടം രാജ്യത്തെ നേതാക്കളെ വേട്ടയാടുമ്പോൾ കള്ളന് കഞ്ഞി വെച്ച് കൊടുക്കുന്ന പണി കോൺഗ്രസ്സ് പല ഘട്ടങ്ങളിലും എടുത്തിട്ടുണ്ട്. കള്ളക്കേസിൽ കുടുക്കപ്പെട്ട ഡൽഹി മുഖ്യമന്ത്രി ഇന്ന് ജയിലിലാണ്. അയാളെ ജയിലിലടക്കാൻ വേണ്ട ആരോപണം ആദ്യം ഉയർത്തിയത് കോൺഗ്രസ്സാണ്. ഈഡി എന്ത് കൊണ്ട് അദ്ദേഹത്തിനെതിരെ അന്വേഷിക്കുന്നില്ല, അറസ്റ്റ് ചെയ്യുന്നില്ല എന്നൊക്കെ പറഞ്ഞു ഒത്തുകളി ആരോപിച്ചു അവരെ വിളിച്ചു വരുത്തിയത് കോൺഗ്രസ്സാണ്. ഡൽഹിയിൽ കളിച്ച അതേ പണി തന്നെയാണ് ഇപ്പോളവർ കേരളത്തിലും എടുക്കുന്നത്. ഈഡിക്ക് ഏണി വെച്ച് കൊടുക്കുന്ന പണി. അവരുടെ നേതാക്കൾ തന്നെ ദേശീയ തലത്തിൽ വേട്ടയാടപ്പെടുമ്പോഴും ഈഡിയും അന്വേഷണ ഏജൻസികളും പുറത്തു വിടുന്ന വാർത്തകളുടെ പ്രചാരകരും അവരുടെ അഭ്യുദയകാംക്ഷികളുമായി കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വം മാറുന്നു.

ഇതേ അന്വേഷണ ഏജൻസികൾക്ക് ഭരണകൂടത്തിന് വേണ്ടിയുള്ള വേട്ട എളുപ്പമാക്കുന്ന വിധം എൻഐഎയ്ക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന ഭേദഗതി ബില്ലിനെതിരെ വോട്ട് ചെയ്യാൻ കേരളത്തിൽ നിന്ന് ഒരേ ഒരു എംപിയേ ഉണ്ടായിരുന്നുള്ളൂ, അത് എ എം ആരിഫാണ് .ആ കരിനിയമത്തെ അനുകൂലിച്ചു വോട്ട് ചെയ്യുകയാണ് കോൺഗ്രസ്സ് എംപിമാർ ചെയ്തത്. അതായത് ദേശസുരക്ഷയുടെ പേര് പറഞ്ഞു ന്യൂനപക്ഷങ്ങൾക്കും ഒരുവേള അവരുടെ നേതാക്കന്മാർക്ക് എതിരെ തന്നെയും പ്രയോഗിക്കാനുള്ള നിയമത്തിന് അവരുടെ തന്നെ പിന്തുണ. ചർച്ചയിൽ കരിനിയമമെന്ന നിലപാട് എടുക്കുകയും ചർച്ചക്ക് ശേഷം അതിനെ അനുകൂലിച്ചു വോട്ട് ചെയ്യുകയും ചെയ്ത ഇന്ത്യൻ പാർലിമെന്ററി ചരിത്രത്തിലെ ഏറ്റവും വലിയ തമാശ എന്ന് വേണമെങ്കിലും പറയാം.

ദീർഘിപ്പിക്കുന്നില്ല.

കോൺഗ്രസ്സ് ദുർബലപ്പെടണമെന്ന് ആഗ്രഹിക്കുന്ന ഒരാളേ അല്ല ഇതെഴുതുന്നത്. മതേതര ഇന്ത്യയെ കെട്ടിപ്പടുത്ത ഒരു പാർട്ടിയാണത്. അവരുടെ തിരിച്ചു വരവിന് ആഗ്രഹിക്കുന്ന ഒരാളുമാണ്. പക്ഷേ അവർ ഇന്നെത്തിച്ചേർന്ന അവസ്ഥകളെ വിലയിരുത്തിയെന്ന് മാത്രം. വർത്തമാന സ്ഥിതിവിശേഷങ്ങളെ വിലയിരുത്തുമ്പോൾ ഇന്ത്യയുടെ ഭാവിയെക്കുറിച്ച് വലിയ ആശങ്കകളുണ്ട്. ജനാധിപത്യം തന്നെ നിലനിൽക്കുമോ എന്ന് കണ്ടറിയണം. കരിനിയമങ്ങളും ന്യൂനപക്ഷങ്ങൾക്ക് മേലുള്ള ഇരുണ്ട ദിനങ്ങളുമാണ് മുന്നിലുള്ളത്. ആ ദിനങ്ങളിൽ ഇരകളോടൊപ്പം നില്ക്കുമെന്ന് നൂറു ശതമാനം ഉറപ്പുള്ള ഒരു പക്ഷത്ത് നിന്ന് കൂടുതൽ പേർ പാർലിമെന്റിൽ എത്തണം എന്നൊരു ആഗ്രഹമുണ്ട്.. ഇഡിയും അന്വേഷണ ഏജൻസികളും വന്നാൽ മറുകണ്ടം ചാടില്ലെന്നു ഉറപ്പുള്ളവർ വേണം, പണവും പ്രതാപവും അധികാരവും പ്രലോഭനമായി വന്നാൽ റിസോർട്ടിൽ കൊണ്ട് പോയി കെട്ടിയിടേണ്ട ദുരവസ്ഥയില്ലാത്ത മനുഷ്യർ തിരഞ്ഞെടുക്കപ്പെടണം..

ആഗ്രഹമാണ്, അത് പറഞ്ഞെന്നേ ഉള്ളൂ..

ബഷീർ വള്ളിക്കുന്ന്

See translation

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments