Monday, April 15, 2024
HomeHealthസ്ത്രീകളുടെ പ്രത്യേക ശ്രദ്ധയ്ക്ക് ! പിസിഒഎസ് എന്നു പറയുന്നത് ഒരു രോഗമല്ല, അവസ്ഥയാണ്

സ്ത്രീകളുടെ പ്രത്യേക ശ്രദ്ധയ്ക്ക് ! പിസിഒഎസ് എന്നു പറയുന്നത് ഒരു രോഗമല്ല, അവസ്ഥയാണ്

ആര്‍ത്തവസംബന്ധമായ പ്രശ്നങ്ങളാണ് ഏറെയും വരിക. ഇതിന് പുറമെ മുഖത്ത് അമിത രോമവളര്‍ച്ച, വിഷാദ രോഗം (ഡിപ്രഷൻ), അമിതവണ്ണം എന്നിങ്ങനെ പല പ്രയാസങ്ങളും പിസിഒഎസ് തീര്‍ക്കാം.

പിസിഒഎസ് (പോളിസിസ്റ്റിക് ഓവറി സിൻഡ്രോം) എന്ന പ്രശ്നത്തെ കുറിച്ച് മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ന് കൂടുതല്‍ പേരിലും വ്യക്തമായ അവബോധമുണ്ട്. എങ്കിലും ഇപ്പോഴും ഇതെക്കുറിച്ച് കാര്യമായ അറിവുകളില്ലാതെ തുടരുന്നവരുമുണ്ട്. പിസിഒഎസിനെ കുറിച്ച് ചെറിയൊരു ധാരണയെങ്കിലും ഉണ്ടാകേണ്ടത്- പ്രത്യേകിച്ച് സ്ത്രീകളില്‍- നിര്‍ബന്ധമാണ്. കാരണം പിസിഒഎസ് പലവിധത്തിലുള്ള പ്രയാസങ്ങളും സ്ത്രീകളുടെ ജീവിതത്തില്‍ സൃഷ്ടിക്കാം, ഇതെക്കുറിച്ച് ധാരണയില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രയാസകരമാകാം.

ഇങ്ങനെ പിസിഒഎസ് സൃഷ്ടിക്കാവുന്നൊരു പ്രതിസന്ധിയാണ് ഗര്‍ഭധാരണവുമായി ബന്ധപ്പെട് സങ്കീര്‍ണതകള്‍. ആദ്യമേ മനസിലാക്കേണ്ടത് പിസിഒഎസ് എന്ന് പറയുന്നത് ഒരു രോഗമല്ല, അവസ്ഥയാണ്. അടിസ്ഥാനപരമായി ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഈ അവസ്ഥയിലുണ്ടാകുന്നത്.

ഇതിനെ തുടര്‍ന്ന് പലവിധ അനുബന്ധപ്രശ്നങ്ങളും ഉണ്ടാകുന്നു. ആര്‍ത്തവസംബന്ധമായ പ്രശ്നങ്ങളാണ് ഏറെയും വരിക. ഇതിന് പുറമെ മുഖത്ത് അമിത രോമവളര്‍ച്ച, വിഷാദ രോഗം (ഡിപ്രഷൻ), അമിതവണ്ണം എന്നിങ്ങനെ പല പ്രയാസങ്ങളും പിസിഒഎസ് തീര്‍ക്കാം.

ഇതില്‍ ആര്‍ത്തവസംബന്ധമായ പ്രശ്നങ്ങള്‍ പിന്നീട് സ്ത്രീകളില്‍ ഗര്‍ഭധാരണത്തിലും സങ്കീര്‍ണത സൃഷ്ടിക്കാവുന്നതാണ്. എന്നുവച്ചാല്‍ പിസിഒഎസുള്ള സ്ത്രീകള്‍ ഗര്‍ഭം ധരിക്കില്ലെന്നോ, ഗര്‍ഭധാരണം നടന്നാലും അത് തീര്‍ച്ചയായും സങ്കീര്‍ണമാകണമെന്നോ എന്നൊന്നും ഇല്ല. പക്ഷേ ഇതിനെല്ലാമുള്ള സാധ്യതയുണ്ടാകുന്നു.  

പിസിഒഎസ് ഉള്ളവരില്‍ ഗര്‍ഭധാരണം നടക്കാൻ  പ്രയാസമുണ്ടാകും. ഹോര്‍മോണുകളുടെ പ്രവര്‍ത്തനം ശരിയാംവിധത്തില്‍ അല്ലാത്തതിനാല്‍ അണ്ഡത്തിന്‍റെ വളര്‍ച്ചയും മറ്റും പ്രശ്നത്തിലാകുകയാണ്. അതുപോലെ ആര്‍ത്തവക്രമം തെറ്റുന്നതും ഗര്‍ഭധാരണ സാധ്യത കുറയ്ക്കുന്നതിലേക്ക് നയിക്കും.

ഇനി ഗര്‍ഭധാരണം സംഭവിച്ചാലും പിസിഒഎസ് ഉണ്ടാക്കുന്ന ആന്തരീകപ്രശ്നങ്ങളാല്‍ ഗര്‍ഭം അലസാനുള്ള സാധ്യതകളും നിലനില്‍ക്കുന്നു. ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ പിസിഒഎസുള്ള സ്ത്രീകള്‍ ഗര്‍ഭധാരണത്തിന് ഒരുങ്ങുന്നുണ്ടെങ്കില്‍ ചില മുന്നൊരുക്കങ്ങളാകാം.

ആദ്യം ഭക്ഷണരീതി ആരോഗ്യകരമായി ക്രമീകരിക്കുകയാണ് വേണ്ടത്. സമയത്തിന് ഭക്ഷണം കഴിക്കണം, ബാലൻസ്ഡ് ആയി എല്ലാ പോഷകങ്ങളും ലഭിക്കുംവിധത്തിലുള്ള ഭക്ഷണം ഡയറ്റിലുള്‍പ്പെടുത്തുക, മധുരം കഴിവതും കുറയ്ക്കുക, ഫൈബര്‍, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവയെല്ലാം കാര്യമായി അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുക എന്നിവയെല്ലാം ചെയ്യാം. നല്ലതുപോലെ വെള്ളം കുടിക്കുകയും വേണം.

അടുത്തതായി ശ്രദ്ധിക്കാനുള്ളത് ഉറക്കവും സ്ട്രെസും ആണ്. രാത്രിയില്‍ 8 മണിക്കൂര്‍ ഉറക്കം ഉറപ്പിക്കണം. അതുപോലെ സ്ട്രെസ് അകറ്റണം. ഇതിനുള്ള അന്തരീക്ഷം ഉറപ്പാക്കണം. സ്ട്രെസ് വലിയ അളവില്‍ പിസിഒഎസ് പ്രശ്നങ്ങള്‍ കൂട്ടുക.

‍ശ്രദ്ധിക്കാനുള്ള മറ്റൊന്ന് വ്യായാമമാണ്. ദിവസവും ഏറ്റവും കുറഞ്ഞത് മുപ്പത് മിനുറ്റെങ്കിലും വ്യായാമം ചെയ്യണം. ഒപ്പം തന്നെ യോഗ, ഡീപ് ബ്രീത്തിംഗ് എക്സര്‍സൈസസ് എല്ലാം വളരെ നല്ലതാണ്. സന്തോഷകരമായി ജീവിതത്തില്‍ തുടരാനാണ് എപ്പോഴും ശ്രമിക്കേണ്ടത്. ഇക്കാര്യങ്ങള്‍ക്കെല്ലാം പങ്കാളിയുടെ പിന്തുണയും കൂടിയേ തീരൂ.

ജീവിതരീതികള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം തന്നെ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് ആവശ്യമായ പരിശോധനകള്‍ നടത്താനും മറക്കരുത്. എന്തെങ്കിലും വിധത്തിലുള്ള മുന്നൊരുക്കങ്ങളോ ചികിത്സയോ ഗര്‍ഭധാരണത്തിന് മുമ്പ് എടുക്കാനുണ്ടെങ്കില്‍ അതും എടുക്കുക. പിസിഒഎസ് ഉള്ള സ്ത്രീകള്‍ക്ക് ഗര്‍ഭധാരണവും സുഖപ്രസവവും സാധ്യമല്ലെന്ന് ചിന്തിക്കുകയേ അരുത്. പലരും ഇതറിയാതെ ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയുമെല്ലാം ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് തിരിച്ചറിയുകയും മുന്നൊരുക്കം ഉണ്ടാവുകയും ചെയ്യുന്നതാണ് ഏറ്റവും നല്ലത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments