കൊലപ്പെടുത്തിയത് ‘അജ്ഞാത ഭീകരർ’ എന്ന് എഫ്ഐആർ; കിഷ്ത്വാറിൽ രണ്ട് പൊലീസുകാർ വെടിയേറ്റു മരിച്ച സംഭവത്തിലെ ദുരൂഹത തീരുന്നില്ല

കൊലപ്പെടുത്തിയത് ‘അജ്ഞാത ഭീകരർ’ എന്ന് എഫ്ഐആർ; കിഷ്ത്വാറിൽ രണ്ട് പൊലീസുകാർ വെടിയേറ്റു മരിച്ച സംഭവത്തിലെ ദുരൂഹത തീരുന്നില്ല

ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ രണ്ട് സ്പെഷൽ പൊലീസ് ഓഫിസർമാരെ (എസ്പി ഒ) കൊലപ്പെടുത്തിയത് ‘അജ്ഞാത ഭീകരരെന്ന്’ എഫ്ഐആർ. ബോബി ചന്ദ്, രച്ച്പാൽ കുമാർ എന്നിവരുടെ മൃതദേഹങ്ങൾ വനമേഖലയിൽ കണ്ടെത്തിയ സംഭവത്തിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിലാണ് ഇക്കാര്യം പറയുന്നത്. ഇവർ കൈവശം വച്ചിരുന്ന ആയുധങ്ങളും അക്രമികൾ കൊണ്ടുപോയതായി എഫ്ഐആറിൽ വ്യക്തമാക്കുന്നു.

നവംബർ 12ന് രാവിലെ 11.35ന് മാർവാ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയുയർത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ലക്ഷ്യമിട്ട് നിയമവിരുദ്ധമായി കൈവശം വച്ച തോക്കുകൾ ഉപയോഗിച്ച് ഇരുവരെയും അജ്ഞാത ഭീകരർ ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് എഫ്ഐആറിലെ പരാമർശം. കൊലപാതകം, ആയുധ നിയമം, യുഎപിഎ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.

കിഷ്ത്വാറിലെ മാർവാ മേഖലയിലെ ധേർനയിൽ നിന്നാണ് ചന്ദിന്റെയും കുമാറിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. കാണാതായി ഒരു ദിവസത്തിന് ശേഷമായിരുന്നു ഇത്. ജമ്മു കശ്മീർ പൊലീസിന്റെ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പിന് കീഴിൽ ദച്ചൻ തഹസീലിലെ കിയാർ ക്യാംപിൽ ജോലി ചെയ്തിരുന്ന ഇരുവരെയും പ്രത്യേക ഡ്യൂട്ടിയുടെ ഭാഗമായി മാർവായിലെ സൈന്യത്തിന്റെ താൽക്കാലിക ഓപ്പറേറ്റിങ് ബേസിലേക്ക് (ടിഒബി) നിയോഗിച്ചിരുന്നു. കിയാർ–ധേർന പാതയിലൂടെ പോകുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്നാണ് എഫ്ഐആർ പറയുന്നത്.

സംഭവത്തിൽ പൊലീസിന്റെ മൗനം ഉൾപ്പെടെ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. മറ്റൊരു തഹസീലിലേക്ക്, ഏഴ്–എട്ട് മണിക്കൂർ കാൽനടയായി സഞ്ചരിക്കേണ്ട വനമേഖലയിലൂടെ പോകാൻ പരിമിതമായ ആയുധങ്ങളുള്ള രണ്ട് ഉദ്യോഗസ്ഥരെ നിയോഗിച്ചതിനെ ബിജെപി നേതാക്കളടക്കം വിമർശിച്ചു. ഭീകരരെന്ന് തെറ്റിദ്ധരിച്ച് സ്വന്തം സേനാംഗങ്ങൾ വെടിവച്ചതാകാമെന്ന സംശയവും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ താരിഖ് അഹമ്മദ് കാര ഉന്നയിച്ചിട്ടുണ്ട്.

ചന്ദിന്റെയും കുമാറിന്റെയും ശരീരത്തിൽ വിവിധ ദിശകളിൽനിന്ന് ഒന്നിലധികം തവണ വെടിയേറ്റതിന്റെ സൂചനകൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. എന്നാൽ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല.മാർവാ പോലുള്ള വിദൂര മേഖലകളിലെ സൈനിക താവളങ്ങളിൽ സഹായത്തിനായി രണ്ടുപേരടങ്ങുന്ന സംഘങ്ങളായി എസ്പിഒമാരെ ആഴ്ചതോറും നിയോഗിക്കാറുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പ്രദേശത്തെ ഭൂപ്രകൃതിയെക്കുറിച്ചുള്ള പരിചയമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ശൈത്യകാലത്ത് ഉൾപ്പെടെ മേഖലയിൽ സുരക്ഷയും നിയന്ത്രണവും ഉറപ്പാക്കാനാണ് സൈന്യം ഇത്തരം താൽക്കാലിക താവളങ്ങൾ നിലനിർത്തുന്നത്.