കർണാടക സംഗീത ഇതിഹാസം എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥയിൽ രശ്മിക മന്ദാന നായിക

എം.എസ്. സുബ്ബലക്ഷ്മിയുടെ ബയോപിക് ചിത്രത്തിൽ കർണാടക സംഗീത ഇതിഹാസം എം.എസ്. സുബ്ബലക്ഷ്മിയാവാൻ ഒരുങ്ങുകയാണ് രശ്മിക മന്ദാന. ചിത്രത്തിന്റെ ഔദ്യോഗിക ലോഞ്ച് കഴിഞ്ഞദിവസം  ചെന്നൈയിലെ മ്യൂസിക് അക്കാദമിയിൽ നടന്നു. ചടങ്ങിൽ കമൽ ഹാസൻ ആദ്യ ഷോട്ടിന് ക്ലാപ്പടിച്ചു. 

"ഇപ്പോൾ എന്റെ മനസ്സിൽ ഒരൊറ്റ വികാരം മാത്രമേയുള്ളൂ, അത് നന്ദിയാണ്. അമ്മയെ ആദരിക്കാനായി ഇവിടെയെത്തിയ എല്ലാവർക്കും വളരെ നന്ദി," ചടങ്ങിൽ വികാരാധീനയായി രശ്മിക മന്ദാന പറഞ്ഞു. സുബ്ബലക്ഷ്മിയുടെ ശബ്ദത്തിന് സവിശേഷമായൊരു ദൈവിക ശക്തിയുണ്ടെന്നും അത് കേൾക്കുമ്പോൾ ദൈവത്തിന്റെ സാന്നിധ്യത്തിൽ ഇരിക്കുന്നതുപോലെ തോന്നുമെന്നും രശ്മിക കൂട്ടിച്ചേർത്തു.

"അമ്മേ, അങ്ങയുടെ ജീവിതത്തിന്റെ ഒരു ചെറിയ ഭാഗമാകാൻ എന്നെ തിരഞ്ഞെടുത്തതിൽ ഞാൻ എപ്പോഴും കടപ്പെട്ടിരിക്കുന്നു. തീർച്ചയായും എന്റെ ഏറ്റവും മികച്ച പ്രകടനം തന്നെ ഇതിനായി ഞാൻ നൽകും, ഇത് എന്റെ വാക്കാണ്," രശ്മിക പറഞ്ഞു. 

എം.എസ്. സുബ്ബലക്ഷ്മിയെ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നത് മൈക്കൽ ജാക്സന്റെ കഥാപാത്രം ചെയ്യുന്നതുപോലെ വലിയ സമ്മർദ്ദവും വെല്ലുവിളിയും നിറഞ്ഞതാണെന്ന് ചടങ്ങിൽ പങ്കെടുത്ത കമൽ ഹാസൻ അഭിപ്രായപ്പെട്ടു. "മൈക്കൽ ജാക്സന്റെ വേഷം ചെയ്യുമ്പോൾ ഒരു അഭിനേതാവിനുണ്ടാകുന്ന അതേ പിരിമുറുക്കം നിങ്ങൾക്കുമുണ്ടാകുമെന്ന് എനിക്കറിയാം. എന്നാൽ അതിനെ അതിജീവിക്കാൻ സഹായിക്കുന്ന മികച്ചൊരു ടീം നിങ്ങൾക്കൊപ്പമുണ്ട്. അവർ നിങ്ങളെ പിന്തുണയ്ക്കും. എനിക്ക് നിങ്ങളോട് അസൂയ തോന്നുന്നില്ല, കാരണം താടി വടിച്ചാൽ പോലും എനിക്ക് ഈ വേഷം ചെയ്യാൻ കഴിയില്ല. എത്ര വേഷപ്പകർച്ചകൾ നടത്തിയാലും എം.എസ്. അമ്മയുടെ കണ്ണുകളിലെ ആ കാരുണ്യം മുഖത്ത് കൊണ്ടുവരാൻ കഴിഞ്ഞാൽ തന്നെ പകുതി വിജയിച്ചു. അതുകൊണ്ട് തികഞ്ഞ ധൈര്യത്തോടെ ഇത് ചെയ്യുക," രശ്മികയോടായി കമൽഹാസൻ പറഞ്ഞു. 

ഇന്ത്യൻ കോറൽ എൻസെംബിൾ അവതരിപ്പിച്ച എം.എസ്. സുബ്ബലക്ഷ്മിയുടെ പ്രശസ്തമായ ഗാനങ്ങളുടെ തത്സമയ ആലാപനവും ചടങ്ങിന്റെ ഭാഗമായി നടന്നു. 'എം.എസ്. ബ്ലൂ' ആയിരുന്നു ചടങ്ങിന്റെ ഡ്രസ്സ് കോഡ്.

ഗായികയുടെ 110-ാം ജന്മവാർഷിക ദിനത്തിലാണ് ഈ ബയോപിക്കിന്റെ ഔദ്യോഗിക തുടക്കം കുറിച്ചത്. ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് അനിരുദ്ധ് രവിചന്ദറാണ്. ഗീതാ ആർട്സിന്റെ ബാനറിൽ അല്ലു അരവിന്ദ്, റോക്ക്‌ലൈൻ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റോക്ക്‌ലൈൻ വെങ്കിടേഷ്, ബിവി വർക്സിന്റെ ബാനറിൽ ബണ്ണി വാസു എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. ഒന്നിലധികം ഭാഷകളിൽ പാൻ-ഇന്ത്യൻ റിലീസായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.