ജോർജ് ചടയംമുറി ത്യാഗോജ്വലമായ ജീവിതം, പി.ഭാസ്ക്കരൻ എഴുതിയ ഗുരു പൂജ
കേരളത്തിലെ തൊഴിലാളി വർഘ്ഘ പ്രസ്ഥാനത്തിന് മറക്കാൻ കഴിയാത്ത വ്യക്തിത്വമാണ് സഖാവ്. ജോർജ്ജ് ചടയംമുറി.അദ്ദേഹത്തെ കുറിച്ച് മഹാകവിയായ പി ഭാസ്ക്കരൻ രചിച്ച കവിതയെ കുറിച്ച് ഓർമ്മിച്ചെടുക്കുകയാണ് ഇടതുപക്ഷ ചിന്തകനും സാമൂഹ്യ പ്രവർത്തകനുമായ ടികെ വിനോദൻ... അദ്ദഹമെഴുതിയ ഫെയ്സ് ബുക്ക് പോസ്റ്റിലേക്ക്..................
കേരളത്തിൽ, പ്രത്യേകിച്ച് തിരുവിതാംകൂർ - കൊച്ചി പ്രദേശങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടിയും തൊഴിലാളി പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിൽ ത്യാഗോജ്വലമായ പങ്കു വഹിച്ച സമുന്നതനായ നേതാവ് സ.ജോർജ് ചടയംമുറിയുടെ 51-ാം ചരമവാർഷികദിനമാണ് ഇന്ന് (സെപ്റ്റംബർ 15 ) ചടയംമുറി ഉൾപ്പെടെയുള്ള നേതാക്കളുടെ ധീരതയെക്കുറിച്ച്, ത്യാഗത്തെക്കുറിച്ച്, സഹിച്ച യാതനകളെക്കുറിച്ചുള്ള കഥകൾ കേട്ടുവളർന്നതാണ് ഞങ്ങളുടെയൊക്കെ കുട്ടിക്കാലം. മറ്റു പല നേതാക്കളുടെയും കാര്യത്തിലെന്നതുപോലെ സ.ചടയംമുറിയെക്കുറിച്ചും സ.അച്ചുതമേനോന്റെ വാക്കുകളിലൂടെയാണ് കൂടുതൽ അറിഞ്ഞത്.
ചടയംമുറിയെക്കുറിച്ച് ഉറ്റ സഖാവായിരുന്ന പി.ഭാസ്കരൻ എഴുതിയ, പിടിച്ചുലയ്ക്കുന്ന കവിത ജ്യോതിബായ് പരിയാടത്ത് ആലപിച്ചത് വർഷങ്ങൾക്കുമുമ്പൊരിക്കൽ ഇവിടെ പങ്കുവച്ചിരുന്നു. എത്ര വായിച്ചാലും മതിയാകാത്ത കവിത. എത്രകേട്ടാലും മതിവരാത്ത ആലാപനം.
ആ പഴയ പോസ്റ്റും കവിതാലാപനവും ചുവടെ :
പഴയ വാരികകൾക്കിടയിൽകണ്ട കലാകൗമുദിയിൽ വായിച്ച പി.ഭാസ്കരൻ്റെ 'ചടയൻമുറി' എന്ന കവിത ഇപ്പോഴും ഓർക്കുന്നു. ചടയംമുറിയുടെ ചിത്രത്തോടെ ഇടതുവശത്തും വലതുവശത്തും രണ്ടു പേജുകളിലായാണ് ആ കവിത വന്നതെന്നാണ് ഓർമ്മ. 'ചടയൻ മുറിവിട്ടു പോകണം, ചടയൻമുറി വിട്ടുപോകണം' എന്ന വരിയൊക്കെ ചൊല്ലി നടന്നതും ഓർക്കുന്നു. യമകം എന്നുവച്ചാൽ എന്താണെന്നൊന്നും ഒരുപിടിയുമില്ലാതെയാണ് വായിച്ചത്.
" ഒരിക്കൽ വിയ്യൂർ ജയിലിൽവച്ചൊരു
യമകം ഞാൻ നിർമ്മിച്ചു സ്മരിച്ചിടുന്നൂ ഞാനതു ചടയൻമുറിയെ നിനയ്ക്കുന്നേരം ...''
ജോർജ് ചടയൻമുറിയെ സ്മരിച്ചുകൊണ്ട് പി.ഭാസ്കരൻ എഴുതിയ ഹൃദയാവർജ്ജകമായ കവിത Jyothibai Pariyadath ആലപിച്ചത് കഴിഞ്ഞ ദിവസം സഖാവ് CP John വാട്സ്ആപ്പിൽ അയച്ചു തന്നപ്പോഴാണ് ശ്രദ്ധയിൽപെട്ടത്. കമ്യൂണിസ്റ്റ് രാഷട്രീയത്തിലേക്കും പാർട്ടിയുടെ ത്യാഗധനരായ നേതാക്കളിലേക്കും ആകർഷിക്കപ്പെടാൻ ഇത്തരം രചനകളും കാരണമായിരുന്നു. ഈ കവിത ഉള്ളിൽ തട്ടുന്നവിധം ആലപിച്ച പ്രിയ സുഹൃത്ത് ജ്യോതിബായിക്കും ഇത് എനിക്കയച്ചുതന്ന പ്രിയ സഖാവ് സി.പി ജോണിനും നന്ദി.