ഗുരു ഉപദേശിച്ചു; 3,383 കോടി ആസ്തിയുള്ള എംഎല്‍എ യാചകനായി തെരുവില്‍

3,383 കോടി രൂപയുടെ ആസ്തിയുള്ള സംസ്ഥാനത്തെ ഏറ്റവും സമ്പന്നരായ എംഎല്‍എമാരില്‍ ഒരാളാണ് പരാഗ് ഷാ

മുംബൈ: കോടികള്‍ ആസ്തിയുള്ള മഹാരാഷ്ട്രയിലെ ബിജെപി എംഎല്‍എ പരാഗ് ഷാ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ അടുത്തറിയാന്‍ തെരുവില്‍ ഭിക്ഷക്കാരന്റെ വേഷം ധരിച്ച് മണിക്കൂറുകളോളം ചെലവഴിച്ചു. ഘാട്‌കോപ്പര്‍ ഈസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയും പ്രമുഖ റിയല്‍ എസ്റ്റേറ്റ് വ്യവസായിയുമായ പരാഗ് ഷായാണ് ഈ വ്യത്യസ്ത അനുഭവത്തിലൂടെ വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുന്നത്. 2024ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലപ്രകാരം 3,383 കോടി രൂപയുടെ ആസ്തിയുള്ള സംസ്ഥാനത്തെ ഏറ്റവും സമ്പന്നരായ എംഎല്‍എമാരില്‍ ഒരാളാണ് അദ്ദേഹം.

ജൈന ആത്മീയ ഗുരുവായ നമ്രമുനി മഹാരാജിന്റെ ഉപദേശപ്രകാരമാണ് പരാഗ് ഷാ ഈ പരീക്ഷണം നടത്തിയത്. ജൈനമത വിശ്വാസപ്രകാരം പുണ്യമാസമായതിനാല്‍ ജനങ്ങളുടെ ജീവിതക്ലേശങ്ങള്‍ നേരിട്ട് അറിയാനായിരുന്നു ഗുരുവിന്റെ നിര്‍ദ്ദേശം. സുരക്ഷാ ഉദ്യോഗസ്ഥരെയും ആഡംബര വാഹനങ്ങളെയും വിലകൂടിയ വസ്തുക്കളെയും ഒഴിവാക്കി, ആര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ മേക്കപ്പ് ചെയ്താണ് അദ്ദേഹം തെരുവിലിറങ്ങിയത്. മുംബൈയിലെ റെയില്‍വേ സ്റ്റേഷനിലും പരിസരങ്ങളിലും റോഡരികിലുമായി മണിക്കൂറുകളോളം ഭിക്ഷക്കാരനായി ഇരുന്ന എംഎല്‍എ, ആളുകളോട് സഹായം അഭ്യര്‍ത്ഥിക്കുകയും തനിക്ക് ലഭിച്ച ഭക്ഷണം കഴിക്കുകയും ചെയ്തു. മുഷിഞ്ഞ കുപ്പായം ധരിച്ച് തെരുവിലൂടെ നടന്ന അദ്ദേഹത്തെ ആരും തിരിച്ചറിഞ്ഞില്ല.

'നമ്മെ കാണാന്‍ വരിനില്‍ക്കുന്നവരും ആദരിക്കുന്നവരുമായ അതേ ആളുകള്‍ക്ക് മുന്നില്‍ ഈ വേഷത്തില്‍ ചെന്നപ്പോള്‍, അവര്‍ എന്നേക്കാള്‍ വലിയവരാണെന്ന് മനസ്സിലായി. അതാണ് ജീവിതത്തിന്റെ യാഥാര്‍ത്ഥ്യം,' അനുഭവം പങ്കുവെച്ചുകൊണ്ട് പരാഗ് ഷാ പറഞ്ഞു. തന്റെ പക്കല്‍ പണമില്ലെന്ന് പറഞ്ഞിട്ടും ഒരു കച്ചവടക്കാരന്‍ പുഞ്ചിരിയോടെ സൗജന്യമായി സമൂസ തന്നതും, ഒരാള്‍ 'ഭക്ഷണം കഴിക്കാന്‍' എന്ന് പറഞ്ഞ് 20 രൂപ തന്നതും അദ്ദേഹം ഓര്‍ത്തെടുത്തു. മുംബൈയിലെ സാധാരണക്കാരുടെ മനസ്സ് മറ്റുള്ളവരെ സഹായിക്കാന്‍ എപ്പോഴും സന്നദ്ധമാണെന്ന് ഈ അനുഭവം തനിക്ക് മനസ്സിലാക്കി തന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വേഷം മാറിയുള്ള പരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷം, അദ്ദേഹം മേക്കപ്പ് ഒഴിവാക്കി അതേ സ്ഥലങ്ങളില്‍ വീണ്ടും ചെന്ന് തന്നെ സഹായിച്ച ആളുകളോട് സംസാരിക്കുകയും തന്റെ അനുഭവം ഗുരുവിനും മറ്റുള്ളവര്‍ക്കും മുന്നില്‍ പങ്കുവെക്കുകയും ചെയ്തു. പണവും അധികാരവുമില്ലാത്ത സാധാരണക്കാരോട് സമൂഹം എങ്ങനെ പെരുമാറുന്നു എന്ന് നേരിട്ടറിയാന്‍ ഈ മണിക്കൂറുകള്‍ തന്നെ സഹായിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.