'ട്രോഫി കള്ളൻ'; മൊഹ്സിന്‍ നഖ്‌വിക്ക് നേരെ കൂവി വിളിച്ച് ഇന്ത്യൻ ആരാധകർ
ദുബൈ: ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ മേധാവിയും പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രിയും പിസിബി അധ്യക്ഷനുമായ മൊഹ്സിന്‍ നഖ്‌വിയില്‍ നിന്ന് ട്രോഫി വാങ്ങില്ല എന്ന മുന്‍ നിലപാടില്‍ ബിസിസിഐ ഉറച്ചു നിന്നതോടെ വനിതാ ഏഷ്യാ കപ്പ് കിരീടം ഇന്ത്യ സ്വീകരിച്ചില്ല. നേരത്തെ പുരുഷ വിഭാഗം പോരാട്ടത്തിൽ കിരീടം നേടിയ ശേഷവും സമാന നിലപാടായിരുന്നു ഇന്ത്യ സ്വീകരിച്ചത്. പിന്നാലെയാണ് വനിതാ പോരാട്ടത്തിലും സമാന സാഹചര്യം വന്നതോടെ ഇന്ത്യ ട്രോഫി സ്വീകരിക്കാൻ വിസമ്മതിച്ചത്.
അതിനിടെ ട്രോഫി നൽകാനായി ഗ്രൗണ്ടിലെത്തിയ മൊഹ്സിൻ നഖ്‍വിക്കെതിരെ സ്റ്റേഡിയത്തിൽ നിന്നു മുദ്രാവാക്യങ്ങളും ഉയർന്നു. മറ്റ് ടീമുകളിലെ താരങ്ങൾക്കുള്ള വ്യക്തിഗത പുരസ്കാരങ്ങൾ നൽകിയ ശേഷം നഖ്‍വി ഗ്രൗണ്ടിൽ നിന്നു മടങ്ങുമ്പോൾ സ്റ്റേഡിയത്തിൽ നിന്ന ഇന്ത്യൻ ആരാധകർ 'ട്രോഫി കള്ളൻ' എന്നു വലിയ രീതിയിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു.
മൊഹ്സിന്‍ നഖ്‌വിയാണ് സമ്മാനദാനച്ചടങ്ങില്‍ ട്രോഫി വിതരണം ചെയ്യുന്നതെങ്കില്‍ ഇന്ത്യന്‍ ടീം അത് സ്വീകരിക്കില്ല എന്ന് ബിസിസിഐ എസിസി ഭാരവാഹികളെ മുന്‍കൂട്ടി തന്നെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിവാദങ്ങള്‍ ഒഴിവാക്കാന്‍ എസിസി ഡെപ്യൂട്ടി ചെയര്‍മാന്‍ ഖാലിദ് അല്‍ സാറൂണിയില്‍ നിന്ന് ട്രോഫി സ്വീകരിക്കാന്‍ തയ്യാറാണെന്ന് ബിസിസിഐ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം മൊഹ്സിന്‍ നഖ്‌വി നിരസിച്ചതോടെയാണ് സമ്മാനദാനച്ചടങ്ങില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.